ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് പാര്‍ലമെന്റിനെക്കുറിച്ച് പലരും പറയുമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയൊരു വികാരം നെഞ്ചേറ്റുന്നവര്‍ ചുരുങ്ങും. പ്രധാനമന്ത്രിയായ നരേന്ദ്ര മോദി പക്ഷേ വ്യത്യസ്തനാണ്. ഭാരതം എന്ന സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കിന്റെ നായകനായി അധികാരമേറ്റ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി പ്രവേശിച്ചത് അതിന്റെ പടികളില്‍ ശിരസ്സു നമിച്ചുകൊണ്ടായിരുന്നല്ലോ. ഇതു വെറുമൊരു അനുഷ്ഠാനമല്ലെന്ന് തെളിയിക്കുന്നതായിരുന്നു രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയ്ക്കുള്ള മോദിയുടെ പല നടപടികളും. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന് രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി വിശേഷിപ്പിച്ചതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ പ്രതീകമായിരിക്കും. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ വര്‍ധിക്കാനിടയുള്ള എംപിമാരുടെ എണ്ണം മുന്‍നിര്‍ത്തി നിര്‍മിക്കുന്ന പുതിയ മന്ദിരത്തില്‍ വിപുലമായ സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളുമുണ്ടായിരിക്കും. പാര്‍ലമെന്റ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യതലസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറും. ലോകരാഷ്ട്ര സമുച്ചയത്തില്‍ ഭാരതത്തിന് കൈവന്നിരിക്കുന്ന സ്ഥാനം കണക്കിലെടുക്കുമ്പോള്‍ അതിന് മാറ്റു കൂട്ടുന്നതല്ല ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം. സുരക്ഷാ ഭീഷണി നേരിടാനുള്ള കരുത്ത് ഈ മന്ദിരത്തിനില്ലെന്ന് 2001 ലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് വിലയിരുത്തപ്പെട്ടതാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതിയാണ് നമ്മുടെതെന്ന് അഭിമാനിക്കുമ്പോഴും രണ്ട് നൂറ്റാണ്ടുകാലത്തോളം നിലനിന്ന കൊളോണിയല്‍ വാഴ്ച അടിച്ചേല്‍പ്പിച്ച അപകര്ഷബോധത്തില് നിന്നും വിധേയത്വ ശീലങ്ങളില്‍നിന്നും മോചനം നേടാന്‍ ഭരണനേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ല്യൂട്ടിന്‍സ് സായിപ്പ് സൃഷ്ടിച്ച ദല്‍ഹിയിലെ ആവാസവ്യവസ്ഥയില്‍ പാശ്ചാത്യ ചിന്താധാരകളുടെ തടവുകാരായി കഴിയുന്നതില്‍ ആത്മരതി അനുഭവിക്കുന്നവര്‍ മാറ്റത്തിന് വിലങ്ങു നില്ക്കുന്നു. ഭരണതലസ്ഥാനം ബംഗാളില്‍നിന്ന് ദല്‍ഹിയിലേക്കു മാറ്റിയ ബ്രിട്ടീഷ് മേലാളന്മാര് കുതിരലാടത്തിന്റെ മാതൃകയില്‍ നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം തന്നെയാണ് നവഭാരത ശില്‍പ്പികള്‍ ഉപയോഗിച്ചുപോന്നത്. നമ്മുടെ ഭരണ രീതിയായ പാര്‍ലമെന്ററി ജനാധിപത്യത്തിന് ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ സമ്പ്രദായത്തോട് സാമ്യമുണ്ടെങ്കിലും ബ്രിട്ടീഷുകാര്‍ അവരുടെ സൗകര്യത്തിനുവേണ്ടി കൊണ്ടുവന്ന സംവിധാനങ്ങള്‍ അതേപടി പിന്പറ്റുന്നതില് അടിമത്ത മനോഭാവം പ്രകടമായിരുന്നു. ഇതുകൊണ്ടാണ് കാലഹരണപ്പെട്ടതെന്ന് വ്യക്തമായിരുന്നിട്ടും പുതിയൊരു പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതിനെക്കുറിച്ച് നമ്മുടെ ഭരണാധികാരികള്‍ ചിന്തിക്കാതിരുന്നത്.
ഭാരതത്തില്‍ ജനാധിപത്യം ഇറക്കുമതിച്ചരക്കല്ലെന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടത് അര്‍ത്ഥപൂര്‍ണമാണ്. മറ്റ് രാജ്യങ്ങള്‍ക്ക് ജനാധിപത്യമെന്നാല്‍ തെരഞ്ഞെടുപ്പും ഭരണവും മാത്രമാണെന്നു പറഞ്ഞു പ്രധാനമന്ത്രി, ഭാരതത്തിന് അതൊരു സംസ്കാരവും ജീവിതരീതിയുമാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെങ്കിലും സംവാദങ്ങളിലൂടെ അത് പരിഹരിക്കാനും, രാഷ്ട്രനിര്‍മാണത്തില്‍ ഒരുമിച്ചു നില്‍ക്കാനും കഴിയുമ്പോഴാണ് ജനാധിപത്യം സാര്‍ത്ഥകമാകുകയെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സവിശേഷ പ്രാധാന്യമുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നവര്‍ ജനാധിപത്യത്തിന്റെ സാധ്യതകളെ ദുരുപയോഗിക്കുകയാണ്. അതിന് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതില്‍ അതിശയോക്തിയില്ല. കക്ഷി രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രത്തിന്റെ അന്തസ്സിനെക്കുറിച്ചോ ജനതയുടെ ആത്മാഭിമാനത്തെക്കുറിച്ചോ ചിന്തയില്ലാത്ത ഇക്കൂട്ടര്‍ക്ക് എങ്ങനെയും അധികാരത്തിലെത്തിയാല്‍ മതി. ഒന്നും ശരിയാകണമെന്നില്ല. പക്ഷേ ജനങ്ങള്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവര്‍ മറന്നുപോകുന്നു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളിലൂടെ ഇത് അനുഭവവേദ്യമായിട്ടും വിനാശകാലേ വിപരീതബുദ്ധി എന്നതാണ് രീതി. എന്തായിരുന്നാലും രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം അതിന്റെ എല്ലാ പ്രൗഢിയോടെയും ഉയരുമ്പോള്‍ ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ അതൊരു വഴിത്തിരിവാകും. 130 കോടി ജനതയും അഭിമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: