തിരുവനന്തപുരം: ഗുരുതരമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതിനെ തുടര്‍ന്ന് നഗരത്തിലെ വ്യാപാര സ്ഥാപനമായ പോത്തീസ് അടച്ചുപൂട്ടി. ജില്ലാ ഭരണകൂടം ഇടപെട്ടാണ് സ്ഥാപനം പൂട്ടിച്ചത്. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാവിലെ മുതല്‍ തന്നെ അനിയന്ത്രിതമായ തിരക്കാണ് പോത്തീസില്‍ ഉണ്ടായത്. കൊവിഡ് വ്യാപനം ശക്തമായിരുന്ന സമയത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിപ്പിച്ചതിന് ഇതിനു മുമ്പും ഈ സ്ഥാപനം പൂട്ടിച്ചിരുന്നു.
കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്നുവെന്ന പരസ്യം കണ്ടാണ് സാധാരണക്കാരായ ജനങ്ങള്‍ ഇന്നലെ പോത്തീസിനുമുന്നില് തടിച്ചുകൂടിയത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പരസ്യത്തില്‍ സവാള, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങി ഒന്‍പത് സാധനങ്ങള്‍ 11, 12 തീയതികളില്‍ കിലോയ്ക്ക് ഒന്‍പതു രൂപ യ്ക്ക് ലഭിക്കുമെന്ന് അറിയിച്ചിരുന്നു. പരമാവധി ഒരാള്‍ക്ക് രണ്ടുകിലോ വീതം സാധനം നല്‍കുമെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. ഇത് കണ്ടാണ് നൂറുകണക്കിന് സാധാരണക്കാരായ ആളുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തടിച്ചുകൂടിയത്. ഒരു വീട്ടില്‍ നിന്നും കൂടുതല്‍ സാധനങ്ങള്‍ സ്വന്തമാക്കാന്‍ ഒന്നിലധികംപേര്‍ എത്തിയതും ജനത്തിരക്കിന് കാരണമായി.
സവാളയ്ക്കും മറ്റ് പച്ചക്കറികള്‍ക്കും വിലകൂടിയ സമയമായതിനാല്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സാധനം വാങ്ങാന്‍ ജനക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെപാലിച്ചിരുന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സാധാരണ കടകളില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള സന്ദര്‍ശക രജിസ്റ്ററും ഇവിടെ കൃത്യമായി സൂക്ഷിച്ചിരുന്നില്ല. പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും പാലിക്കാത്തിനെ തുടര്‍ന്നാണ് നടപടി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ.എം. സഫീര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന് നായര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് സ്ഥാപനം പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: