കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഓരോന്നായി എടുത്തു പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് പറഞ്ഞ് പരത്തുന്നവരാണ് യഥാര്‍ത്ഥ ന്യൂനപക്ഷ വിരുദ്ധരെന്നും എറ്റവും കൂടുതല്‍ ക്ഷേമപദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്കായി നടപ്പാക്കിയത് മോദി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ഇടതു വലതുമുന്നണികള്‍ കേരളത്തെ ഭരിച്ചുമുടിച്ചെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കെ കേരളത്തെ രക്ഷിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കക്കോടിയില്‍ നിന്നാണ് ഇന്നലെ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
പഞ്ചാബിലെ ഫിറോസ്പൂരില്‍ പരിശീലനത്തിന് പോകവേ ട്രക്ക് മറിഞ്ഞ് മരിച്ച സൈനികന്‍ ബദിരൂര്‍ തലാപ്പാത്തില്‍ മീത്തല്‍ മിഥുന്‍ സത്യന്റെ വീട് അദ്ദേഹം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബദിരൂര്‍ ഇഎംഎസ് കോളനിയും തെയ്യമ്പാടിക്കണ്ടി കോളനിയും അദ്ദേഹം സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് അഭ്യര്‍ത്ഥിച്ചു. മോരിക്കരയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
മുതിര്‍ന്ന പ്രവര്‍ത്തകരായ ബാലചന്ദ്രന്‍, ലോകനാഥന്‍ എന്നിവരെ ആദരിച്ചു. 19-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വി. വിജിത്ത്, 18-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി മനോജ് കുമാര്‍, 11-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വി. അഖില്‍, 20-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി എം.കെ. സതീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ്, സുധീര്‍ മലയില്‍, എ.കെ. മോഹനന്‍, കെ. അന്‍ജിത്ത്, പ്രിയകുമാര്‍, ബാബു പുതിയോട്ടില്‍, കെ. അംജിത്ത്, ഭുവനദാസ് എന്നിവര്‍ സംസാരിച്ചു. കുരുവട്ടൂര്‍, തിക്കോടി, വില്യാപ്പള്ളി, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: