കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത സി.എം. രവീന്ദ്രന് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നതിനു പിന്നിലെ ഒരു തന്ത്രം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും ഒഴിവാക്കുകയെന്നതാണ്. ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യലോ അറസ്റ്റോ ഉണ്ടായാല്‍ അത് വലിയ ചര്‍ച്ചാവിഷയമാകുമെന്നും, വന്‍തോതില്‍ വോട്ടിങ്ങിനെ ബാധിക്കുമെന്നുമാണ് സിപിഎം വിലയിരുത്തുന്നത്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സ്വര്‍ണ കള്ളക്കടത്തുമായും ലൈഫ് മിഷന് അഴിമതിയുമായും ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാറുകള്‍ നല്‍കിയതുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ ചുരുളഴിയുമെന്ന് സിപിഎം ഭയക്കുന്നു. മുഖ്യമന്ത്രിക്കുവേണ്ടി പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബന്ധുവും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ രവീന്ദ്രനാണെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. രവീന്ദ്രനുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും, ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്താല്‍ രവീന്ദ്രന് പല കാര്യങ്ങളും സമ്മതിക്കേണ്ടിവരും. അത് മുഖ്യമന്ത്രിയുടെ നില പരുങ്ങലിലാക്കും. അസുഖ കാരണം പറഞ്ഞ് മൂന്നാം തവണയും രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവാതിരിക്കുന്നത് കാപട്യമാണ്.
ജനരോഷം ഭയന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ മടിച്ച മുഖ്യമന്ത്രി കണ്ണൂരില്‍ പോയി തങ്ങുന്നത് അഴിമതികളുടെ തെളിവു നശിപ്പിക്കാനാണെന്ന ആരോപണം ഗൗരവമുള്ളതാണ്. രവീന്ദ്രന്റെ ചോദ്യം ചെയ്യലുമായി ഇതിന് ബന്ധമുണ്ട്. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരും. മുഖ്യമന്ത്രിയെ നേരിട്ടു ബന്ധിപ്പിക്കുന്നതായിരിക്കും ഇവ. പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പിടിയിലായപ്പോള്‍ ഉദ്യോഗസ്ഥനാണെന്നും, ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നുമൊക്കെ ന്യായീകരിച്ചതുപോലെ രവീന്ദ്രന്റെ കാര്യത്തില്‍ കഴിയില്ല. രവീന്ദ്രന്റേത് പാര്‍ട്ടി നിയമനമാണ്. പതിറ്റാണ്ടുകളായി പിണറായിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന രവീന്ദ്രന് രഹസ്യങ്ങളുടെ ഒരു കലവറയാണ്. ഇങ്ങനെയൊരാള്‍ അന്വേഷണ ഏജന്‍സികളുടെ പിടിയില്‍പ്പെട്ടാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് നന്നായറിയാം. ഇതുവരെ മൂടിവയ്ക്കപ്പെട്ട പല സത്യങ്ങളും പുറത്തുവരും. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള പിണറായി വിജയന്റെ രാജിക്ക് സമ്മര്‍ദ്ദമേറും. ഈ അപകടം മുന്നില്‍ക്കണ്ടാണ് എല്ലാ അധികാരവുമുപയോഗിച്ച് രവീന്ദ്രനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. രവീന്ദ്രന് ഒളിച്ചുകളി നിര്‍ത്തണമെന്നും, ചോദ്യം ചെയ്യലിന് ഹാജരാവണമെന്നുമൊക്കെ സിപിഎം നിര്‍ദ്ദേശിക്കുന്നതായി ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. പാര്‍ട്ടി ഇപ്പോഴും നീതിയുടെ പക്ഷത്താണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാധ്യമരംഗത്തെ സിപിഎം സിന്‍ഡിക്കേറ്റ് ഒപ്പിക്കുന്ന പണിയാണിത്.
രവീന്ദ്രന്റെ ഒഴിഞ്ഞുമാറലിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇഡിയെ കബളിപ്പിക്കാനുള്ള രവീന്ദ്രന്റെ ആശുപത്രി വാസം സര്‍ക്കാരിന്റെ തിരക്കഥയനുസരിച്ചാണ്. ഇതിനുവേണ്ട ഒത്താശ ആരോഗ്യ വകുപ്പും ചെയ്തു കൊടുക്കുന്നു. രവീന്ദ്രന് പറയത്തക്ക അസുഖങ്ങളൊന്നുമില്ലാതിരുന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജ് താവളമാക്കിയിരിക്കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. കസ്റ്റംസിന്റെ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ എം.ശിവശങ്കറും ഇതേ രീതിയാണ് അവലംബിച്ചത്. പിടികൂടപ്പെടുന്നതിനു മുന്‍പ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതുപോലെയാണ് രവീന്ദ്രനും അത്തരം നീക്കം നടത്തുന്നത്. കഴുത്തുവേദനയാണെന്നും, രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നും രവീന്ദ്രന് ഇഡിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത് അന്വേഷണ ഏജന്‍സിയെ കബളിപ്പിക്കാനാണ്. ഇക്കാലയളവിനുള്ളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കാന് സാവകാശവും ലഭിക്കും. ഉത്തരവുണ്ടായില്ലെങ്കിലും ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചാല്‍ തന്നെ അതുപറഞ്ഞ് പിടിച്ചുനില്‍ക്കാമല്ലോ. ഇതിനിടെ കഴിയാവുന്നത്ര തെളിവുകള്‍ നശിപ്പിക്കാം. അന്വേഷണ ഏജന്‍സികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേസന്വേഷണം തടസ്സപ്പെടാന്‍ ഒരുതരത്തിലും അനുവദിക്കരുത്. ആരോപണ വിധേയര്‍ സാധാരണക്കാരല്ല. ഭരണകൂടത്തെ നിയന്ത്രിക്കുന്നവരാണ്. അധോലോകത്തെപ്പോലെയാണ് ഇവര്‍ പെരുമാറുന്നത്. ഇത്തരക്കാരെ എത്രയും വേഗം പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: