തിരുവനന്തപുരം കണ്ണൂര്‍ : പാപ്പിനിശ്ശേരി ഖാദി കോംപ്ലക്സ് പദ്ധതിക്കായി 50 കോടി വായ്പയ്ക്കായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് കത്തയച്ച് ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷ്. കശുവണ്ടി കോര്പ്പറേഷന് അഴിമതിക്കേസില്‍ പ്രതിയായ രതീഷ് പദ്ധതി ക്രമപ്പെടുത്താന്‍ കൃത്രിമം കാണിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് 50 കോടി ലോണ്‍ ലഭ്യമാക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എം.വി. ജയരാജന് കത്തയച്ചിരിക്കുന്നത്.
വഴിവിട്ട നീക്കങ്ങളിലൂടെ പാപ്പിനിശ്ശേരിയിലെ സര്‍ക്കാരിന്റെ ഒന്നരയേക്കര്‍ ഭൂമിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വ്യാപാര സമുച്ചയം നിര്‍മിക്കാനുള്ള ശ്രമം നേരത്തേയും വിവാദമായിരുന്നു. ആനുകൂലമായ നിര്‍ദ്ദേശം ലഭിച്ചാല്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും രേഖകളും ബാങ്കുകള്‍ക്ക് സമര്‍പ്പിക്കുമെന്നും എം.വി. ജയരാജന് ഖാദിയുടെ ലെറ്റര്‍ഹെഡില്‍ അയച്ച കത്തില്‍ പറയുന്നുണ്ട്.
‘കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ 1.58 ഏക്കര്‍ വസ്തു ഉണ്ട്. ഹാജി റോഡ്, പാപ്പിനിശ്ശേരി, എന്‍ എച്ച് ബൈപ്പാസിലുള്ള ഈ വസ്തുവില്‍ ഒരു കൊമേഴ്സ്യല്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിനാവശ്യമായ തുക ലോണായി ലഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചപ്പോള്‍ കണ്ണൂരിലുള്ള സഹകരണ ബാങ്കുകള്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് മനസിലാക്കുന്നു.
ഖാദിബോര്‍ഡിന്റെ കൊമേഴ്സ്യല്‍ കോംപ്ലക്സ് നിര്‍മിക്കുന്നതിനായി 50 കോടി രൂപ ലോണായി ഒന്നോ, ഒന്നിലധികം സഹകരണ ബാങ്കുകള്‍ ചേര്‍ന്നോ നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’വെന്നാണ് കത്തില്‍ പറയുന്നത്.
അതേസമയം വായ്പയെടുക്കാന്‍ സിപിഐഎം നേതാവിന് കത്തയച്ചുകൊണ്ടുള്ള ഖാദി സെക്രട്ടറിയുടെ നീക്കത്തെ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് തള്ളി. പദ്ധതിക്ക് വേണ്ടി ഫണ്ട് ആവശ്യപ്പെട്ട് കത്തയക്കാന്‍ കെ.എ. രതീഷിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശോഭനാ ജോര്‍ജ് അറിയിച്ചു.
ഖാദി ഡയറക്ടര്‍ ബോര്‍ഡില്‍ ആലോചിക്കാതെ പദ്ധതിക്കായി സാങ്കേതിക അനുമതി വാങ്ങാതെ കെട്ടിടത്തിന് കല്ലിട്ടതിനെതിരെ നേരത്തെ തന്നെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പേയുള്ള തീയതിയിട്ട് ഫയല്‍ കൃത്രിമമായുണ്ടാക്കുകയും ഭരണാനുമതിക്കായി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: