ന്യൂദല്‍ഹി: കര്‍ഷക സമരം, സര്‍ക്കാരിന്റെ ഉറപ്പും ചര്‍ച്ചകളും വിഫലമാക്കി തുടരുമ്പോള്‍ വസ്തുത വിലയിരുത്തി ഒട്ടേറെ പേര് വിശകലനം നടത്തി സമരത്തോട് വിയോജിക്കുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അപ്രായോഗികമാണെന്നും പുതിയ കര്‍ഷക നിയമം രാജ്യ താല്‍പ്പര്യവും കാര്‍ഷിക താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണെന്നും വിശകലനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ബ്രിട്ടീഷ് സെനറ്റര്‍മാരും കാനഡ ഭരണത്തലവനും നടത്തിയ ഇന്ത്യാ സര്‍ക്കാര്‍ വിമര്‍ശനവും ബ്രിട്ടനിലെ സിഖ് വിഭാഗക്കാര്‍ നടത്തുന്ന പ്രതിഷേധവും ഇന്ത്യാ വിരുദ്ധ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരുന്നതായാണ് റിപ്പോര്‍ട്ട്.
കര്‍ഷകരുടെ വരുമാനം ഇരട്ടിയും കാര്‍ഷികോല്‍പ്പാദനം പരമാവധിയും ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായി 2017-18 സാമ്പത്തിക വര്‍ഷം കാര്‍ഷികോല്‍പ്പാദനം 277 മില്യണ്‍ ടണ്ണായിരുന്നു. അടുത്തവര്‍ഷം അത് 285 മില്യണ്‍ ടണ്‍ ആയി. 2019-20 സാമ്പത്തിക വര്‍ഷം 299 മില്യണ്‍ ടണ്ണും, ഈ സാമ്പത്തിക വര്‍ഷം 300 മില്യണ്‍ ടണ്‍ മറികടക്കുകയും ചെയ്തു. ചരിത്രത്തിലില്ലാത്ത ഉല്‍പ്പാദന വര്‍ധനവാണിത്.
അധിക ഉല്‍പ്പാദനത്തെ തുടര്‍ന്ന് സംഭരിക്കാനോ സംസ്കരിക്കാനോ കഴിയാത്ത സ്ഥിതിവന്നു. കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ നഷ്ടമില്ലാത്ത വില കിട്ടാത്തതിനെത്തുടര്‍ന്ന് നിരത്തില്‍ നശിപ്പിച്ച സംഭവവും ഉണ്ടായി. വരള്‍ച്ച, പ്രളയം, കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ തുടങ്ങി എല്ലാ പ്രതിസന്ധികളും മറികടന്ന് വര്‍ധിച്ച ഉല്‍പ്പാദനം കാര്‍ഷിക ഉല്‍പ്പന്നങ്ങളും സംസ്കരണ വൈവിധ്യത്തിലൂടെയേ രാജ്യത്തിന് നേട്ടമാക്കാനാകൂ. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ നയം ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണെന്ന് കാര്‍ഷിക ഉല്‍പ്പാദന വിശകലനക്കാര്‍ വിലയിരുത്തുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ലോകത്ത് ഒമ്പതാം സ്ഥാനത്താണ് ഇന്ന് ഇന്ത്യ. 39 ബില്യണ്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുമുണ്ട്.
പത്രപ്രവര്ത്തകന് ജോയ് സ്കറിയ നടത്തുന്ന വിശകലനത്തില്‍ ഇന്ത്യക്ക് അധിക കാര്‍ഷികോല്‍പ്പാദനം ബാധ്യതയായിരിക്കൊണ്ടിരിക്കുന്നുവെന്ന് നിരീക്ഷിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2020 ആഗസ്റ്റിലെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നതായി സ്വന്തം യുട്യൂബ് ചാനലില്‍ (ജോയ് മെട്രിക്സ് വ്യൂ) അദ്ദേഹം വിവരിക്കുന്നു. അധിക ഉല്‍പ്പാദനം സുപ്രധാന വെല്ലുവിളിയാണെന്നാണ് ആര്‍ബിഐ നിരീക്ഷണം. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡിയും പരിധികള്‍ കവിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2020-21 ബജറ്റില്‍ ധനമന്ത്രി കാര്‍ഷിക സബ്സിഡിയായി 710 കോടി നീക്കിവച്ചു. നവംബറില്‍ അധികമായി 650 കോടി രൂപ നല്കി. അങ്ങനെ 1360 കോടി രൂപയുടെ സബ്സിഡി പരമാവധിയാണ്. ഏറെക്കാലം സബ്സിഡി ഇങ്ങനെ നല്‍കാനാവില്ല. മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി)യും ദീര്‍ഘകാലം സാധ്യമല്ല, കാരണം ഉല്‍പ്പാദനം വര്‍ധിച്ചുകൊണ്ടിരിക്കെ താങ്ങുവില എത്രനാള്‍ നല്‍കാനാകുമെന്നും ജോയ് സ്കറിയ ചോദിക്കുന്നു. മാത്രമല്ല, എംഎസ്പിയുടെ നേട്ടം ഏതാനും കാര്‍ഷിക വിളകള്‍ക്കു മാത്രമാണ് ലഭിക്കുന്നത്. അസംഘടിത മേഖലയിലുള്ള കര്‍ഷകര്‍ക്ക് നേട്ടമല്ലാതാനും.
അതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ പിന്തുണച്ച് നടത്തിയ പ്രസ്താവനയ്ക്ക് പിന്നില്‍ അവിടത്തെ സിഖ് വിഭാഗത്തിന്റെ സമ്മര്‍ദ്ദമാണെന്ന് വെളിപ്പെട്ടു. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സബ്സിഡി കൊടുക്കുന്നതിനെ ഏറ്റവും എതിര്‍ക്കുന്ന രാജ്യമാണ് കാനഡ. ഇന്ത്യയില്‍നിന്ന് കാനഡയില്‍ എത്തിയിട്ടുള്ള സിഖ് വിഭാഗക്കാരായ ബിസിനസ് സമൂഹത്തിന്റെ സമ്മര്‍ദ്ദമാണ് പ്രസ്താവനയ്ക്ക് പിന്നിലെന്ന് വ്യക്തമായി.
ബ്രിട്ടീഷ് എംപിമാരില്‍ 36 പേര് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. നിയമം കര്‍ഷകരുടെ മരണവാറണ്ടാണെന്നും നിയമത്തിനെതിരെ ബ്രിട്ടണ് സമ്മര്‍ദ്ദം ചെലുത്തണമെന്നുമായിരുന്നു ആവശ്യം. ഒപ്പിട്ട എംപിമാരുടെ രാഷ്ട്രീയ പ്രവര്‍ത്തന പശ്ചാത്തലം കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിയോണ്‍ (വേള്‍ഡ് ഈസ് വണ്‍ ന്യൂസ്) എന്ന അന്താരാഷ്ട്ര വാര്‍ത്താ പോര്‍ട്ടല്‍ ഈ എംപിമാരെക്കുറിച്ച് വിവരം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. വിയോണില്‍ നിരീക്ഷകനായ ജെറോമി കോര്ബിന് എഴുതുന്നത് ഇങ്ങനെ: ഡെബ്ബി എബ്രഹാമസ് ആണ് ഒപ്പിട്ട ഒരു എംപി.
ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച പാക്കിസ്ഥാന് ഏറെ വോട്ടര്‍മാരായിട്ടുള്ള ബ്ലോക്കിന്റെ വനിതാ ജനപ്രതിനിധിയാണ് ഡെബ്ബി. മനുഷ്യാവകാശ പ്രവര്‍ത്തകയായി, കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി കിട്ടാത്തതില്‍ പ്രതിഷേധിക്കുന്നവരാണ്. ഇന്ത്യ അനുമതി നിഷേധിച്ചപ്പോള്‍ അവര്‍ പാക്കിസ്ഥാനില്‍ പോയി, വിദേശകാര്യ മന്ത്രിയായിരുന്ന ഷാ മെഹ്മൂദ് ഖുറേഷിയുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാനില്‍നിന്ന് ‘ഇന്ത്യാ വിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ 31,500 യൂറോ സ്വീകരിച്ചതായും കോര്ബിന് വിവരിക്കുന്നു.
അഫ്സല് ഖാനാണ് മറ്റൊരു എംപി.ഡെബ്ബിയുടെ നേതൃത്വത്തിലുളള മനുഷ്യാവകാശ സംഘടനയുടെ വൈസ് പ്രസിഡന്റാണിയാള്‍. പാക്കിസ്ഥാന് വംശജനായ അഫ്സല് ഖാന് ഇസ്ലാമിക വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഭീഷണിയെത്തുടര്‍ന്ന് മാപ്പുചോദിച്ച് കീഴടങ്ങിയ ആളാണ്. തന്‍മന്‍ജീദ് സിങ് ദേശി: ബ്രിട്ടണിലെ ആദ്യത്തെ സിഖ് വിഭാഗം എംപിയാണിദ്ദേഹം. അമേരിക്കയിലുള്ള സിഖ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ 2018 മുതല്‍ നടത്തുന്നയാളാണ് ദേശി. ഇവരുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിച്ചുവെന്ന കാരണം പ്രചരിപ്പിച്ച് ഇന്ത്യയ്ക്കെതിരെ നിലപാടിന് ബ്രിട്ടീഷ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. അഹ്സന ബീഗം, ഇയാന്‍ ലവേറി, സ്റ്റീവ് മക്കബേ, ജര്‍മി കോര്ബിന് എന്നിങ്ങനെ ഒപ്പിട്ട 30 എംപി
മാരില്‍ ഭൂരിഭാഗവും ഏതെങ്കിലും തട്ടിപ്പിന് കേസില്‍ കുടുങ്ങിയവരാണെന്നാണ് ജെര്‍മി കോര്‍ബിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.അതേസമയം, ഖാലിസ്ഥാന്‍വാദിയും ഇന്ത്യാവിരുദ്ധ ഭീകരപ്രവര്ത്തനങ്ങല്പ്പെട്ടയാളുമായ പമ്മ എന്ന് വിളിപ്പേരുള്ള പരംജിത് സിങ്, ലണ്ടനില്‍ നടത്തിയ ഇന്ത്യന്‍ ‘കര്‍ഷകപ്രക്ഷോഭ’ത്തില്‍ പങ്കെടുത്തത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞു. ഖാലിസ്ഥാന്‍ കൊടിയേന്തി ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് എന്‍ഐഎ തിരിച്ചറിഞ്ഞ് തുടര്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു.എന്നാല്‍ ഇത്തരം ഗൂഢാലോചനകള്‍ അറിയാതെ, കര്‍ഷകര്‍ക്ക് നേട്ടത്തിനെന്ന പേരില്‍ കര്‍ഷകരെ കബളിപ്പിച്ച് നടത്തുന്ന പ്രക്ഷോഭത്തിനോട് ഒത്തുതീര്‍പ്പു വേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: