കോഴിക്കോട്: മുസ്ലിം മനസ്സ് മാറുകയാണ്, മതവര്‍ഗ്ഗീയ സംഘടനകള്‍, ഇടത്, കോണ്‍ഗ്രസ്സ് കക്ഷികള്‍ എന്നിവ തുടര്‍ച്ചയായി നടത്തിയ വ്യാജപ്രചാരണത്തിന്റെ ഇരുമ്പു മറകള്‍ ഭേദിച്ച് മുസ്ലിം മനസ്സ് ബിജെപിയോട് ചേരുന്നതിന്റെ കാഴ്ചകളാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രകടമാകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത് ദൃശ്യമാണെങ്കിലും പ്രത്യേകിച്ച് മലബാറില്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നത് ഇടതു, വലതു രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്. മുസ്ലിം സ്ത്രീകളടക്കം ബിജെപി സ്ഥാനാര്‍ത്ഥികളായി മലപ്പുറം ജില്ലയില്‍ 16 പേരാണ് മത്സരിക്കുന്നത്. ഇതില്‍ രണ്ടു വനിതകളുമുണ്ട്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി രൂപീകരിച്ചതിന് ശേഷം ഇതാദ്യമായി കുറ്റിച്ചിറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സര രംഗത്തുണ്ട്. മുസ്ലിം ലീഗിന്റെയും മറ്റ് മുസ്ലിം മതവര്‍ഗ്ഗീയ സംഘടനകളുടെയും വിലക്കുകള്‍ ഭേദിച്ചാണ് ഇവര്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. കുരുവട്ടൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മത്സരിക്കുന്ന ഷെയ്ക്ക് ഷാഹിദ്, ബാലുശ്ശേരി 11-ാം വാര്‍ഡില്‍ മത്സരിക്കുന്ന എം. ഷെറീന, കുറ്റിച്ചിറ വാര്‍ഡിലെ അബ്ദുള്‍ മന്‍സൂര്‍ എന്നിവരാണ് കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍. ”ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മുസ്ലീങ്ങളും ഉള്‍ക്കൊള്ളുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ മതജാതിഭേദമന്യേ രാജ്യത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കള്‍ ഏതെങ്കിലും ഒരു മതവിഭാഗത്തില്പെട്ടവരല്ല. സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ ഇന്ന് മുസ്ലീങ്ങള്‍ക്കും സാധിക്കുന്നുണ്ട് ഇതാണ് കാലം വരുത്തി വച്ച മാറ്റം”. ഷെയ്ക്ക് ഷാഹിദ് പറയുന്നു.
”മുത്തലാക്ക് നിര്‍ത്തലാക്കിയത് വിപ്ലവകരമായ തീരുമാനമാണ്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാകാതെ നിരവധി പെണ്‍കുട്ടികളാണ് വിവാഹിതരാകേണ്ടിവരുന്നത്. പഠനം പൂര്‍ത്തിയാക്കി സ്വന്തം കാലില്‍ നില്‍ക്കാനുള്ള പെണ്‍കുട്ടികളുടെ ആഗ്രഹം മുസ്ലിം സമൂഹത്തിലും ശക്തമാണ്. പുതിയ തലമുറയുടെ ഈ ആഗ്രഹത്തെ അടിച്ചമര്‍ത്താന്‍ ഒരു രാഷ്ട്രീയ കുപ്രചാരണത്തിനും കഴിയില്ല”. ഷെയ്ക്ക് ഷാഹിദ് പറഞ്ഞു.
മലപ്പുറം പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്ന ആയിഷ ഹുസൈനും വണ്ടുരിലെ 11-ാം വാര്‍ഡില്‍ മത്സരിക്കുന്ന ടി.പി. സുല്‍ഫത്തും ദേശീയ മാധ്യമങ്ങളിലടക്കം ശ്രദ്ധ പിടിച്ചുപറ്റി. നരേന്ദ്ര മോദിയോടുള്ള ആരാധനയിലാണ് ആയിഷ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവാന്‍ തയാറായത്. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ സത്താര്‍ ഹാജി കള്ളിയത്ത് ആയിഷയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച് രംഗത്തുണ്ട്.
ഒന്‍പതാം വാര്‍ഡില്‍ ലീഗും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുകയാണ്. സിപിഎം ആകട്ടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അരിവാള്‍ ചുറ്റിക ഉപേക്ഷിച്ചിരിക്കുന്നു. ആയിഷയുടെ ഭര്‍ത്താവ് ഹുസൈന് വരിക്കോട്ടില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എടരിക്കോട് ഡിവിഷന് നിന്ന് താമര ചിഹ്നത്തില്‍ മത്സരിക്കുന്നു.
ബാലുശ്ശേരി 11-ാം വാര്‍ഡില്‍ എന്‍. ഷെറീന മത്സരിക്കുന്നത് ഇരുമുന്നണികള്‍ക്കും എതിരെയാണ്. അടിച്ചേല്‍പ്പിച്ച തെറ്റിദ്ധാരണകള്‍ തിരിച്ചറിഞ്ഞ് മുസ്ലിം സമൂഹം ദേശീയആശയത്തെ സ്വീകരിക്കുകയാണെന്നും ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ ഷെയ്ക്ക് ഷാഹിദ് പറയുന്നു. സിഎഎയെ കുറിച്ച് സൃഷ്ടിച്ച തെറ്റിദ്ധാരണകള്‍ എത്രമാത്രം അപകടകരമായിരുന്നു. മുസ്ലിംസമൂഹം ഇത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: