Categories: Kollam

കൊല്ലം ജില്ലയിൽ 73.43 ശതമാനം പോളിംഗ്

Published by

കൊല്ലം: ജില്ലയില്‍ ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 73.43 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 73.11 ശതമാനം പുരുഷന്മാര്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 73.70 ശതമാനം സ്ത്രീകള്‍ വോട്ടു ചെയ്തു. 15.79 ശതമാനം ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ടു ചെയ്തു.

വോട്ടെടുപ്പ് ജില്ലയില്‍ പൊതുവെ സമാധാനപരമായിരുന്നു. പരവൂരും പത്തനാപുരത്തും കരുനാഗപ്പള്ളി കുലശേഖരപുരത്തും ഉണ്ടായ അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ ഏഴുമുതല്‍ പോളിംഗ് ബൂത്തുകളിലെങ്ങും തന്നെ വോട്ടുചെയ്യാനുള്ളവരുടെ നിര പ്രത്യക്ഷപ്പെട്ടു. വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ മിക്കസ്ഥലങ്ങളിലും പത്തുശതമാനത്തിനു മേല്‍ പോളിംഗ് രേഖപ്പെടുത്തി. ചിലേടത്ത് ഇത് 15 ശതമാനത്തിനും മുകളില്‍ പോയി. 9.30 ആയപ്പോഴേക്കും ശതമാനം 20 ന് മുകളിലെത്തി. തുടക്കത്തില്‍ തീവ്രഗതിയില്‍ മുന്നേറിയ പോളിംഗ് ഉച്ചകഴിഞ്ഞതോടെ മെല്ലെപ്പോക്കായി. എന്നാല്‍ ഉച്ചയ്‌ക്ക് മുമ്പു തന്നെ മിക്ക ബൂത്തുകളിലും 40 ശതമാനത്തിനടുത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു.

തുടക്കത്തില്‍ പുരുഷന്മാരുടെ എണ്ണമായിരുന്നു കൂടുതല്‍. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു. അവസാന മണിക്കൂറുകളില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെതിനെ മറികടന്നു. ജില്ലയിലെ ആകെ 22.2 ലക്ഷം വോട്ടര്‍മാരില്‍ 16,26,594 പേര്‍ ഇന്നലെ ബൂത്തുകളില്‍ എത്തി സമ്മതിദാനവകാശം വിനിയോഗിച്ചു. ആകെ വോട്ടര്‍മാരില്‍ 11.7 ലക്ഷം സ്ത്രീകളും 10.42 ലക്ഷം പുരുഷന്മാരും 19 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമായിരുന്നു. 2,761 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനായി ആകെ 3,236 കണ്‍ട്രോള്‍ യൂണിറ്റുകളും 8,660 ബാലറ്റ് യൂണിറ്റുകളും സജ്ജമാക്കിയിരുന്നു. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ദുര്‍ഘട മേഖലകളില്‍ 15 കണ്‍ട്രോള്‍ യൂണിറ്റും 45 ബാലറ്റ് യൂണിറ്റുകളും മുന്‍കൂറായി നല്‍കിയിരുന്നു.  

കഴിഞ്ഞദിവസങ്ങളില്‍ കോവിഡ് പോസിറ്റീവ് ആയവരും ആരോഗ്യവിഭാഗം പ്രസിദ്ധീകരിച്ച സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുമായ വോട്ടര്‍മാര്‍ക്ക് വൈകിട്ട് അഞ്ചുമുതല്‍ ആറുവരെ അതത് ബൂത്തുകളില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കിയിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ 19 സി ഫോറത്തിലുള്ള സാക്ഷ്യപത്രമാണ് ഇവര്‍ ഹാജരാക്കിയത്. വോട്ട് ചെയ്യാന്‍ എത്തിയവര്‍ ഒപ്പിടാനുള്ള പേന കൂടി കൊണ്ടുവന്ന കാഴ്ചയാണ് മിക്ക ബൂത്തുകളിലും കാണാനായത്.  

കോവിഡ് ഭീഷണിക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഒരുപരിധിവരെ വോട്ടര്‍മാരും രംഗത്തെത്തിയത്. ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ ശാരീരിക അവശതയുണ്ടായിരുന്നവര്‍ക്ക് സഹായിക്കൊപ്പം വന്ന് വോട്ട് ചെയ്ത് വേഗം മടങ്ങാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നു.

കൊല്ലം കോര്‍പ്പറേഷനില്‍ ഒടുവിലത്തെ കണക്കനുസരിച്ച് 66.07 ശതമാനമാണ് പോളിംഗ്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത്. 79.71 ശതമാനം പേരാണ് ഇവിടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. കുറവ് കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലും 68.91 ശതമാനം. പരവൂരും പണ്ടുനലൂരും യഥാക്രമം 73.07 ഉം 73.21 ശതമാനവും പേര്‍ വോട്ടു ചെയ്തു.

ബ്ലോക്ക് പഞ്ചായത്തിലെ പോളിംഗ് ശതമാനക്കണക്കില്‍. കൊട്ടാരക്കര (73.98), ചിറ്റുമല (74.76), ചവറ (76.86), ഓച്ചിറ (78.85), ചടയമംഗലം (73.71), ഇത്തിക്കര (73.22), മുഖത്തല (73.94), ശാസ്താംകോട്ട (77.79), വെട്ടിക്കവല (73.1), പത്തനാപുരം (72.45), അഞ്ചല്‍ (72.11) എന്നിങ്ങനെയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by