മൂന്നാര്‍: കേരളത്തിലെ ആദ്യ ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലും തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ സംഘം എത്തി. ജീപ്പിലും കാല്നടയായുമാണ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തിയത്.
പോളിംഗിന്റെ ഭാഗമായുള്ള 65 ഉദ്യോഗസ്ഥരും 30 പോലീസുകാരും 13 വഴികാട്ടികളുമാണ് ഇന്നലെ രാവിലെ പുറപ്പെട്ടത്. 13 വാര്‍ഡുള്ള ഇടമലക്കുടിയില്‍ നിലവിലെ കണക്ക് പ്രകാരം 1887 വോട്ടര്‍മാരാണ് ഉള്ളത്. മണിക്കൂറുകള്‍ കാല്‍നടയായി വേണം ഓരോ ഊരുകളിലുമെത്താന്.
ഉദ്യോഗസ്ഥരെല്ലാം ഇന്നലെ വൈകിട്ട് 6 മണിയോടെ പോളിങ് ബൂത്തുകളിലെത്തിയതായി ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. നൂറടി കുടി പോലുള്ള സ്ഥലത്തേക്ക് രാവിലെ 8.30ന് തന്നെ ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. റോഡ് ചെളി നിറഞ്ഞ് കിടക്കുകയാണെങ്കിലും വാഹനങ്ങള്‍ പരമാവധി ദൂരം വരെ എത്തിക്കാനായിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് മേല്‍നോട്ട ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
ഒരോ ബൂത്തിലും 2 പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാകും. നാല് പോലീസുകാര്‍ വയര്‍ലസ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം ഏകോപിക്കും. കേപ്പക്കാട് ആണ് വയര്‍ലെസ് സെറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്ന് എല്ലാ ബൂത്തുകളിലേക്കും തിരിച്ചും വിവരങ്ങള്‍ കൈമാറാനാകും. പോളിങ് ശതമാനം അടക്കമുള്ള വിവരങ്ങള്‍ ഇവിടെ നിന്ന് വയര്‍ലസ് കണക്ഷന് വഴി കളക്ട്രേറ്റിലേക്ക് അടക്കം കൈമാറും.
ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കും വെദ്യുതിയും സൊസൈറ്റികുടി വരെ ലഭ്യമാണ്. മറ്റിടങ്ങളിലെല്ലാം ബാറ്ററിയിലാകും പ്രവര്‍ത്തനം. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ടോര്‍ച്ച്, ബാറ്ററി, മെഴുകുതിരി, ഭക്ഷണം, സ്ലീപ്ലിങ് ബാഗ്, ഡ്രൈ ഫ്രൂട്ടസ് തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ട്. ഗ്യാസ് ലൈറ്റ് അടക്കമുള്ളവ കുടി നിവാസികളും ഒരുക്കിയിട്ടുണ്ട്. ഇന്ന് ഡിഎഫ്ഒയുടെ നിര്‍ദേശ പ്രകാരം പട്രോളിങ്ങിനും മറ്റ് സഹായത്തിനുമായി 10 വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തും.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം നാളെ രാവിലെയാകും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് തിരിക്കുക. കാട്ടുപോത്തുകള്‍ രാത്രിയില്‍ ഇറങ്ങുന്നതിനാലാണ് ഈ മാറ്റം. ഉച്ചയോടെ ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമെ വോട്ടെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകൂവെന്നും സബ് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: