ന്യൂദല്‍ഹി: കേരളത്തിന്റെ മരുമകനായ ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് സുശീല്‍ കുമാര്‍ മോദി വിജയിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായിരുന്ന രാം വിലാസ് പാസ്വാന്റെ വിയോഗത്തെ തുടര്‍ന്ന് ഒഴിഞ്ഞ ബിഹാറിലെ രാജ്യസഭ സീറ്റിലേയ്ക്കാണ് സുശീല്‍ മോദി തിരഞ്ഞെടുക്കപ്പെട്ടത്.
സുശീല്‍ കുമാര്‍ മോദിക്ക് പുറമെ ശ്യം നന്ദന് പ്രസാദെന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും രാജ്യസഭ തിരഞ്ഞെടുപ്പിലേയ്ക്ക് മത്സരത്തിനുണ്ടായിരുന്നു. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനിടയില്‍ നടക്കുന്ന സൂഷ്മപരിശോധനയില്‍ സ്ഥാനാര്‍ഥിത്വം തള്ളിപോകുകയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന റാം വിലാസ് പാസ്വാന് കൈകാര്യം ചെയ്ത വകുപ്പ് തന്നെയായിരിക്കും സുശീല്‍ കുമാറിന് ലഭിക്കുകയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ആദ്യ പരിഗണന ഇദേഹത്തിനായിരിക്കും നല്‍കുക.
ബിഹാര്‍ നിയമസഭ, ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ലോക്സഭ, രാജ്യസഭ എന്നിങ്ങനെ നാലു സഭകളിലും അംഗമാകുകയെന്ന അപൂര്‍വ നേട്ടവും സുശീല്‍ മോദിക്കു ഇന്നലത്തെ വിജയത്തോടെ ലഭിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി ജെസി ജോര്‍ജിനെയാണ് സുശീല്‍ വിവാഹം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ബിഹാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സുശീല്‍ കുമാര്‍ മോദി. 11 വര്‍ഷത്തോളം ബിഹാറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചതിന് ശേഷമാണ് സുശീല്‍ കുമാര്‍ മോദി രാജ്യസഭാംഗമായി എത്തുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ഒരാള്‍ സുശീല്‍ കുമാറായിരുന്നു. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: