കോഴിക്കോട്: ഇസ്ലാമിക തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രണ്ടു മുന്നണികളെയും, പ്രത്യേകിച്ച് കോണ്‍ഗ്രസ്, സിപിഎം എന്നിവയെയും വെട്ടിലാക്കി. തെരഞ്ഞെടുപ്പ് തൊട്ടടുെത്തത്തിയ സമയത്ത് രഹസ്യ ബാന്ധവം പരസ്യമായതാണ് കാരണം. എസ്ഡിപിഐയുമായി സഖ്യമില്ലെന്ന് സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസും പറയുന്നുണ്ടെങ്കിലും തിരിച്ചടി ഭയന്നാണിത്.
ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍. അകത്തും പുറത്തും വിമര്‍ശനം ഉയര്‍ന്നതോടെ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പം രൂക്ഷമായി. വെല്‍ഫെയര്‍ പാര്‍ട്ടിയും കോണ്‍ഗ്രസും മുന്നണിയായി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. ഇവിടെയെല്ലാം യുഡിഎഫിനൊപ്പം ചേര്‍ന്നുതന്നെയാണ് മത്സരം. പ്രാദേശിക നീക്കുപോക്ക് മാത്രമേ ഉള്ളൂവെന്ന് യുഡിഎഫ് സംസ്ഥാന നേതൃത്വം വാദിക്കുമ്പോഴാണിത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധികള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ യുഡിഎഫ് സ്വതന്ത്രര്‍ എന്ന പേരിലാണ് മത്സരിക്കുന്നത്. പ്രാദേശിക തലങ്ങളില്‍ സഖ്യം പരസ്യമാണ്. യുഡിഎഫ് പിന്തുണയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്നാണ് പ്രചാരണ ബോര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തുന്നത്. രാഹുല്‍ ഗാന്ധിയുടെയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും ഹമീദ് വാണിയമ്പലത്തിന്റെയും ചിത്രംവച്ചുള്ള പ്രചാരണ ബോര്‍ഡുകളും പലയിടത്തുമുണ്ട്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറയുമ്പോഴും അദ്ദേഹം സഖ്യത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടില്ല. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന് ജമാഅത്തെ ഇസ്ലാമി അമീറുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന സൂചനയാണ് ഇന്നലെ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കെ. മുരളീധരന് നല്‍കിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യമായ നീക്കുപോക്കുണ്ട്. അവരുമായി ചേര്‍ന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. പ്രചാരണവും നടത്തുന്നുണ്ട്, മുരളീധരന് പറഞ്ഞു. മുന്‍കാലത്ത് സിപിഎമ്മിന്റെ കൂടെയായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി.
ഇപ്പോള്‍ സിപിഎമ്മിന് തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുമായിട്ടാണ് ബന്ധം. സഖ്യമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും ശക്തമായ ബന്ധമുണ്ടെന്നതാണ് സത്യം. പല പഞ്ചായത്തുകളും എസ്ഡിപിഐ പിന്തുണയിലാണ് സിപിഎം ഇതുവരെ ഭരിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ ക്യാംപസ് ഫ്രണ്ടിലെ ഭീകരരാണ്. അതുപോലും മറന്നാണ് അവരുമായി സിപിഎം സഖ്യമുണ്ടാക്കിയതും അധികാരം കാത്തതും. ഇസ്ലാമിക വികാരം ഇളക്കി വിടാന്‍ സിപിഎം കൊണ്ടുപിടിച്ച ശ്രമം നടത്തി വരികയാണ്. നിരോധിത സംഘടനയായ സിമിയുടെ നേതാവായിരുന്ന കെ.ടി. ജലീലിന്റെ പേരില്‍ ഖുറാന് വിവാദമുയര്‍ന്നപ്പോള്‍ ഖുറാനെ കൂട്ടുപിടിച്ചാണ് സിപിഎം പ്രതികരിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷിന്റെ ലഹരിക്കടത്ത്, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് എന്നീ വിഷയങ്ങളില്‍ കടുത്ത പ്രതിസന്ധിയിലായ സിപിഎമ്മിന് എസ്ഡിപിഐ ബന്ധം തിരിച്ചടിയാകുമോയെന്ന ഭയം ഇപ്പോഴുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: