കണ്ണൂര്‍: മതതീവ്രവാദ ശക്തികളുമായി ഉണ്ടാക്കുന്ന കൂട്ടുകെട്ടിന്റെ പേരില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും പരസ്പരം പഴിചാരിയപ്പോള്‍ ഇടതും വലതും വര്‍ഷങ്ങളായി നടത്തുന്ന കാപട്യത്തെ തുറന്നുകാട്ടി ബിജെപി. കണ്ണൂര്‍ പ്രസ് ക്‌ളബ്ബിന്റെ തദ്ദേശപ്പോര് 2020 പരിപാടിയിലാണ് മൂന്ന് മുന്നണികളുടെയും കണ്ണൂര്‍ ജില്ലയിലെ നേതാക്കള്‍ സ്വന്തം വാദമുഖങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
പരിപാടിയില്‍ സംബന്ധിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍പാച്ചേനി എന്നിവര്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക മതതീവ്രവാദ ശക്തികളുമായി ഇരുകൂട്ടര്‍ക്കമുളള ബന്ധം സംബന്ധിച്ച് പരസ്പരം പഴിചാരുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയേയും ജമാത്തെ ഇസ്ലാമിയേയും കൂടെനിര്‍ത്തിയ ഇടതുപക്ഷവും ഇപ്പോള്‍ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ച യുഡിഎഫും മത തീവ്രവാദ ശക്തികളെ തരംപോലെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോഴത്തെ പഴിചാരല്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്നും ബിജെപി ജില്ല പ്രസിഡന്റ് എന്‍. ഹരിദാസ് പറഞ്ഞു.
രാഷ്‌ട്രവിരുദ്ധ ശക്തകളുമായി കൂട്ടുകുടുന്ന ഇരുമുന്നണിള്‍ക്കും ശക്തമായി തിരിച്ചടി ലഭിക്കും. രാജ്യത്ത് ബിജെപിക്ക് ബദല്‍ സിപിഎമ്മാണെന്ന് പറഞ്ഞ ജയരാജന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടക്കുന്നത് കുപ്രചരമാണെന്നും എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കുമെന്നും അവകാശപ്പെട്ടു. സിപിഎമ്മിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനും കൊലപാതക രാഷ്‌ട്രീയത്തിനുമെതിരായി ജനം തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുമെന്നും യുഡിഎഫിന് മുന്നേറ്റമുണ്ടാകുമെന്നും അവകാശപ്പെട്ടു.
കണ്ണൂരിന്റെ വികസന പിന്നാക്കാവസ്ഥയ്‌ക്ക് കാരണക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ ഭരണം നടത്തിയ ഇടത്-വലത് മുന്നണികളാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അതുകൊണ്ടുതന്നെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റം നടത്തുമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവെയ്‌ക്കുന്ന പ്രധാന മുദ്രാവാക്യം വികസനമാണ്. 60 വര്‍ഷക്കാലം രാജ്യംഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരും സിപിഎം പിന്തുണയോടെ രാജ്യംഭരിച്ച യുപിഎ സര്‍ക്കാരും രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരുകളാണ്. കൂട്ടുത്തരവാദിത്വമില്ലാത്ത അഴിമതിയുടെ കേളികൊട്ട് നടത്തിയ സര്‍ക്കാരുകളായിരുന്നു രാജ്യം ഭരിച്ചത്. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലം രാജ്യം ഭരിച്ച നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അത്ഭുതാവഹമായ വികസനങ്ങളാണ് രാജ്യത്ത് കൊണ്ടു വന്നത്. ജനങ്ങളെ ഏകോദര സഹോദരങ്ങളായി കണ്ട് എല്ലാവര്‍ക്കും തുല്യനീതി പ്രദാനം ചെയ്ത് സ്വതന്ത്രഭാരതം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്. സംസ്ഥാനത്തെ വികസന പ്രവര്‍ത്തികളില്‍ ഭൂരിഭാഗവും നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ്. 25 വര്‍ഷം മുമ്പ് പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇടതും വലതും ഇത്തവണയും തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍വെയ്‌ക്കുന്നത്. ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുളള ശ്രമമാണ് നടത്തുന്നത്.
സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗ്ഗീയതയുടെ പേരില്‍ നടത്തുന്ന കുപ്രചരണം ജനങ്ങളൈ തമ്മിലടിപ്പിക്കാനുളളതാണ്. മുഖം നഷ്ടപ്പെട്ട രണ്ടുപേരും പിടിച്ചു നില്‍ക്കാന്‍ കളളപ്രചാരണങ്ങള്‍ നടത്തുകയാണ്. രണ്ട് മുന്നണികളേയും പരീക്ഷിച്ച് പരാജയപ്പെട്ട ജനങ്ങള്‍ ഇത്തവണ എന്‍ഡിഎയ്‌ക്ക് അനുകൂലമായി വോട്ട് ചെയ്യും. അടിസ്ഥാനസൗകര്യ വികസനത്തിന് കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞാഴ്ച പോലും കേരളത്തിന് അനുവദിച്ചത്. വര്‍ഷങ്ങളായി എങ്ങുമെത്താതെ കിടക്കുകയായിരുന്ന മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടിവന്നു. ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിന് നരേന്ദ്രമോദിയെ കേരള മുഖ്യമന്ത്രി പിണറായി നന്ദിയറിയിച്ച സംഭവം മാത്രംമതി മോദി സര്‍ക്കാര്‍ കേരളത്തിന്റെ കാര്യത്തില്‍ എത്രമാത്രം കരുതലെടുക്കുന്നുവെന്ന് കാണിക്കാന്‍. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കളളക്കടത്ത് സംഘത്തിന്റെ കേന്ദ്രമാകുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തും മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ കേന്ദ്രമായിരുന്നു. എല്‍ഡിഎഫിന്റെ സ്വപ്‌ന പദ്ധതി സ്വപ്‌നയുടെ പദ്ധതിയായി മാറി. ഇടത്-വലത് മുന്നണികളുടെ ജനവഞ്ചന ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞുവെന്നും കണ്ണൂരിലും ഇത് എന്‍ഡിഎക്ക് അനുകൂലമായ വിധി തെരഞ്ഞെടുപ്പിലുണ്ടാക്കുമെന്നും ഹരിദാസ് പറഞ്ഞു.
പരിപാടിയില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വഗാതവും ട്രഷറര്‍ സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: