കൊച്ചി: വിശ്വാസികള്‍ മനസാക്ഷി വോട്ടു ചെയ്യട്ടെ എന്ന നിലപാടില്‍ ക്രിസ്തീയ സഭകള്‍. തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനു മുമ്പ് വന്ന ഞായറാഴ്ചകളില്‍ രാഷ്‌ട്രീയ നിലപാടോ സൂചനകളോ നല്‍കാതെ കുര്‍ബാനയ്‌ക്കു ശേഷമുള്ള പ്രസംഗം നടന്നു. ഇടത്, വലതു മുന്നണികള്‍ക്ക് സഭയോടും ക്രിസ്തീയ സമൂഹത്തോടുമുള്ള നിലപാടില്‍ വിശ്വാസികള്‍ക്കുള്ള പ്രതിഷേധം സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള സ്ഥിതിക്ക് മനസാക്ഷിവോട്ടു ചെയ്യട്ടെ എന്ന നിലപാടാണ് സഭാ നേതൃത്വങ്ങള്‍ക്ക്.
പൊതുതെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും വോട്ടെടുപ്പിനു മുമ്പ് വരുന്ന ഞായറാഴ്ചകളില്‍ പ്രാര്‍ഥനയ്‌ക്ക് മുഴുവന്‍ വിശ്വാസികളേയും പള്ളിയിലെത്തിച്ച്, കുര്‍ബാനയ്‌ക്കുശേഷം സഭയുടെ രാഷ്‌ട്രീയ നിലപാട് വിവരിക്കാറുണ്ട്. സഭാ തലവന്റെ ഇടയ ലേഖനം വായിക്കുകയോ വിവിധ സഭകളുടെ സംയുക്ത നിലപാട് പ്രസംഗിക്കുകയോ ആണ് പതിവ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വേളയിലും സഭകള്‍ നിലപാട് വിശ്വാസികളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണ അതൊന്നും ഉണ്ടായിട്ടില്ല.
രണ്ട് മുന്നണികളോടും സഭ പ്രകടിപ്പിക്കുന്ന അവിശ്വാസമാണ് ഇതെന്ന് വിശ്വാസികള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാനും നരേന്ദ്ര മോദിയെ താഴെയിറക്കാനും ബിജെപിയെ തോല്‍പ്പിക്കാനും വരെ ആഹ്വാനം ചെയ്തിട്ടുള്ള സഭകളുടെ നിലപാട് ബിജെപി വിരോധം അന്ധമായി പ്രകടിപ്പിക്കേണ്ടെന്ന സന്ദേശമാണെന്ന് നിരീക്ഷകര്‍ വിശകലനം ചെയ്യുന്നു.
നാളെ, ക്രിസ്ത്യന്‍ സമൂഹത്തിന് ഏറ്റവും സ്വാധീനമുള്ള മധ്യതിരുവിതാംകൂറില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ നിലപാട്. ഇരുമുന്നണികളോടും സമദൂരം പാലിക്കുകയെന്ന നിലപാട് കൈക്കൊള്ളുകയെന്ന ചില ചര്‍ച്ചകള്‍ സഭാ നേതൃത്വത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, അപ്പോള്‍ ബിജെപിയോടുള്ള സമീപനം എന്താണെന്ന് പറയേണ്ടിവരുമെന്ന പ്രശ്‌നം ഉയര്‍ന്നു. ബിജെപിയെ പിന്തുണച്ച് പ്രസ്താവനയിറക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ പോലും അല്‍മായരില്‍നിന്ന് (വിശ്വാസികള്‍) ഉണ്ടായി. എന്നാല്‍, ഔദ്യോഗിക പ്രസ്താവനകള്‍ വേണ്ട, പകരം സഭയുടേതായി സഭയുടെ പ്രാദേശിക നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ നിലപാടറിയിക്കട്ടെ എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ഇരുമുന്നണികളും ന്യൂനപക്ഷത്തില്‍ ഒരു വിഭാഗത്തോട് കാണിക്കുന്ന അമിത പ്രീണനത്തിനെതിരെ ക്രിസ്തീയ സഭകള്‍ കടുത്ത അമര്‍ഷത്തിലാണ്. ലൗ ജിഹാദ്, മതനേതാക്കളുടെ കൊലപാതകം, സംവരണ വിഷയത്തിലെ നിലപാട്, മദ്യനിരോധനം തുടങ്ങി വിഷയങ്ങളില്‍ ക്രിസ്തീയ വിശ്വാസികളുടെ ഉത്കണ്ഠ സഭാ നേതൃത്വം ഉയര്‍ത്തിയിട്ടും സംസ്ഥാന സര്‍ക്കാരോ പ്രതിപക്ഷമോ ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് അവരുടെ ആക്ഷേപം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് മുന്നണികള്‍ക്കും താക്കീതാകട്ടെ എന്നാണ് നിലപാട്. വോട്ടിങ്ങില്‍ പതിവ് രാഷ്‌ട്രീയം വിട്ട് മനസാഷി വോട്ടും പരീക്ഷണ രാഷ്‌ട്രീയവും നടപ്പാക്കാനാണ് നേതൃത്വം നല്‍കുന്ന സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: