മൂന്നാര്‍: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തില്‍ ഭരണം പിടിക്കാനൊരുങ്ങി എന്‍ഡിഎ. 2010ല്‍ മൂന്നാറിലെ ഒരു വാര്‍ഡ് വിഭജിച്ച് ഉണ്ടാക്കിയ ഇടമലക്കുടി പഞ്ചായത്തിലെ വനവാസി സമൂഹം ഉന്നമനത്തിനായി കാത്തിരിക്കുകയാണ്.
ആദ്യ തവണ വലത് മുന്നണിയും പിന്നാലെ ഇടത് മുന്നണിയും ഭരിച്ചിട്ടും ഇതിനൊപ്പം സംസ്ഥാന ഭരണ ഉണ്ടായിട്ടും വികസനം ഇങ്ങോട്ട് എത്തി നോക്കിയിട്ടില്ല. അധികാരത്തിന് വേണ്ടി മാത്രമാണ് പഞ്ചായത്ത് പിടിക്കുന്നതെന്ന് ഇടമലക്കുടിയുടെ ചുമതലയുള്ള ബിജെപി ജില്ലാ ജന. സെക്രട്ടറി വി.എന്‍. സുരേഷ് പറഞ്ഞു.
24 ഉരുകളിലായി 800 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. 2000ല്‍ താഴെ മാത്രം വോട്ടാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേന്ദ്രം പ്രഖ്യാപിച്ച പല പദ്ധതികളും ഫണ്ട് വാങ്ങി അട്ടിമറിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ വൈദ്യുതീകരണം ആകെ 128 ഭവനങ്ങളില്‍ എത്തിച്ച് നിര്‍ത്തി. എന്നിട്ട് ഇടമലക്കുടിയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കി എന്ന് പ്രഖ്യാപനവും നടത്തി. കേന്ദ്ര ഫണ്ട് വാങ്ങിയിട്ടും ഇതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സുരേഷ് പറഞ്ഞു.
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി പ്രകാരമുള്ള തുകയും ഇവര്‍ക്ക് ലഭിക്കുന്നില്ല. വനഭൂമിയെന്നതാണ് ഇതിന് തടസം. ഇതുമൂലം ഇവിടുത്തെ കര്‍ഷകരിലേക്ക് എത്തേണ്ട അരക്കോടിയോളം രൂപ നഷ്ടമായി. മന്നാന്‍ സമുദായത്തില്‍പ്പെട്ട ഇവര്‍ക്ക് കൃത്യമായ വിദ്യാഭ്യാസം നല്‍കാനും മുഖ്യധാരയിലേക്ക് എത്തിക്കാനും യുവതി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാനും നടപടിയില്ല.
തൊഴിലുറപ്പ് വഴി കിട്ടുന്ന കൂലി വാങ്ങാന്‍ വന്‍തുക മുടക്കി മൂന്നിലോ മാങ്കുളത്തോ എത്തേണ്ട ഗതികേടിലാണ്. ഇത്രയും കാലമായിട്ടും പഞ്ചായത്ത് കെട്ടിടം സ്ഥിതി ചെയ്യുന്നത് ഇപ്പോഴും മറ്റ് പഞ്ചായത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ പോലും റേഷന്‍ കാര്‍ഡില്ലാത്തവര്‍ നിരവധിയാണ്.
പത്തുവര്‍ഷമായിട്ടും യാത്രാ സൗകര്യം മെച്ചപ്പെടുത്തുവാന്‍ മാറി മാറി ഭരിച്ചവര്‍ക്കായില്ല. പെട്ടിമുടി- ഇഡലിപ്പാറക്കുടി വരെയുള്ള റോഡ് തകര്‍ന്ന് കിടക്കുകയാണ്. മഴയെത്തിയാല്‍ ഈ വഴി വാഹനങ്ങള്‍ പോകില്ല. അമ്പലപ്പാറയില്‍ നിന്ന് ആനക്കുളത്തേക്ക് റോഡ് നിര്‍മ്മിച്ചാലും യാത്രാ സൗകര്യത്തിനും പരിഹാരമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പോലും പരാമര്‍ശിച്ച ഇടമലക്കുടിയെ കരുതല്‍ മൂലമാണ്.
ബിജെപി അധികാരത്തിലെത്തിയാല്‍ പഞ്ചായത്തിലെ റോഡ്, കുടിവെള്ളം, വൈദ്യുതി, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
2015ല്‍ ആകെയുള്ള 13 സീറ്റില്‍ 5 വീതം സീറ്റുകളാണ് ഇടതും വലതും നേടിയത്. മൂന്ന് വാര്‍ഡുകളില്‍ ബിജെപി ജയിക്കുകയും രണ്ടിടത്ത് രണ്ടാമതെത്തുകയും ചെയ്തു. വോട്ട് ചേര്‍ക്കുന്നതിലടക്കം തുടങ്ങിയ വലിയ പ്രവര്‍ത്തനം പഞ്ചായത്ത് പിടിക്കുന്നതില്‍ ഗുണമാകുമെന്നണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് പറഞ്ഞു. 13ല്‍ 12 സീറ്റിലും എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളുണ്ട്.
വാര്‍ഡ് 1- മുത്തുരാമന്, 2- വീരമണി രംഗരാജ്, 3- നിമലവതി, 4-തങ്കേശ്വരി, 5- കാശിരാമന്‍, 6- ചിത്രസേനന്, 7- സരിത, 8- ബിന്ദു കലിംഗമുത്തു, 10- രവികുമാര്‍, 11- കാമാക്ഷി, 12- സെല്‍വരാജ്, 13 ഷണ്മുഖം ആര്.പി. എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: