കൊച്ചി: പഞ്ചായത്തുകളില്‍നിന്ന് പാര്‍ലമെന്റിലേക്ക് എന്ന തന്ത്രത്തിന്റെ വിജയകരമായ പരീക്ഷണമാണ് കഴിഞ്ഞ ദിവസം ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ കണ്ടത്. ഈ വിജയം കേരളത്തിനുള്ള സൂചന കൂടിയാണ്, പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കിയിരിക്കെ. സംസ്ഥാനം രൂപംകൊണ്ടതു മുതല്‍ തെലങ്കാന അടക്കി ഭരിക്കുന്നത് തെലങ്കാന രാഷ്ട്ര സമിതിയാണ്. ചന്ദ്രശേഖര റാവുവിന്റെ സ്വകാര്യ സ്വത്താണ് പാര്‍ട്ടി. സംസ്ഥാന ഭരണം വീണ്ടും പിടിച്ച് അജയ്യരെന്നു വീമ്പിളക്കി നിന്ന ടിആര്എസിനെയാണ് ആസൂത്രിതമായ പ്രവര്‍ത്തനത്തിലൂടെ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ത്തു കളഞ്ഞത്.
99 സീറ്റുമായി 2016ല്‍ കോര്പ്പറേഷന് പിടിച്ച അവര്‍ക്ക് ഇക്കുറി നേടാനായത് 55 സീറ്റ് മാത്രം, ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷത്തിന് 76 സീറ്റ് വേണം. അവരുടെ പകുതി സീറ്റുകളും അതിലേറെ വോട്ടുകളും പിടിച്ചടക്കിയ ബിജെപി ഇനി ഉന്നംവയ്ക്കുന്നത് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലു സീറ്റു മാത്രം ലഭിച്ച പാര്‍ട്ടി ഇക്കുറി 48 സീറ്റ് നേടി രണ്ടാമതെത്തിയെന്നു മാത്രമല്ല, ടിആര്‍എസിനെ നിഷ്പ്രഭമാക്കി. ഇനിയുള്ള വളരെക്കുറച്ചു സമയം പോലും കൂടുതല്‍ ജാഗ്രതയോടെ ഉപയോഗിച്ചാല്‍ ബിജെപിക്ക് തിരുവനന്തപുരം കോര്പ്പറേഷന് പിടിക്കാനും പാലക്കാട് നഗരസഭ വ്യക്തമായ ഭൂരിപക്ഷത്തോടെ നിലനിര്‍ത്താനും നിരവധി നഗരസഭകളും പഞ്ചായത്തുകളും പിടിച്ചടക്കാനും സാധിക്കുമെന്ന് ഹൈദരാബാദ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നു.
ഇടതുമുന്നണി ഭരിക്കുന്ന 100 അംഗ തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക് ഇപ്പോള്‍ ഒരു സ്വതന്ത്രനടക്കം 35 പ്രതിനിധികളുണ്ട്. എല്‍ഡിഎഫിന് 44 പേരും കോണ്‍ഗ്രസിന് 18 പേരും മൂന്നു സ്വതന്ത്രരും. എട്ടിനാണ് വോട്ടെടുപ്പ്. ഹൈദരാബാദില്‍ നാലില്‍ നിന്ന് 48 സീറ്റാക്കാന്‍ കഴിഞ്ഞ ബിജെപിക്ക് 35 സീറ്റുകള്‍ ഭൂരിപക്ഷത്തിനുള്ള അക്കത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നുറപ്പ്. പാലക്കാട്ട് 52 അംഗ നഗരസഭയില്‍ ബിജെപിയാണ് ഭരിക്കുന്നത്, 24 സീറ്റുകളാണ് ഉള്ളത്. ആഞ്ഞുപിടിച്ചാല്‍ കൂടുതല്‍ സീറ്റുകളോടെയുള്ള തുടര്‍ ഭരണം ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: