ന്യൂദല്‍ഹി : ഇന്ത്യയുടെ വജ്രായുധത്തിനായി അനുമതി കാത്ത് നിരവധി രാജ്യങ്ങള്‍. ഇന്ത്യയും റഷ്യയും തദ്ദേശീയമായി വികസിപ്പിച്ച ലാകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങാന്‍ ഫിലിപ്പീന്‍സ് എത്തിയതിന് പിന്നാലെയാണ് മറ്റ് രാജ്യങ്ങള്‍ കൂടി രംഗത്ത് എത്തിയിരിക്കുന്നത്.
ബ്രഹ്മോസ് വാങ്ങിക്കുന്നതിനായി അറബ് രാജ്യങ്ങളും ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നീരാജ്യങ്ങള്‍ ബ്രഹ്മോസ് വാങ്ങുന്നതിനായുള്ള ചര്‍ച്ചകളുടെ പ്രാരംഭഘട്ടത്തിലാണ്. കൊറോണയുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ മന്ദഗതിയില്‍ ആയിരിക്കുന്നത്.
ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ എം.എം. നരവനെ യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നാല് ദിവസത്തേയ്ക്ക് സന്ദര്‍ശനം നടത്തുന്നുണ്ട്. സന്ദര്‍ശനവേളയില്‍ സൗദി നാഷണല്‍ ഡിഫന്‍സ് കോളേജിനെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കുന്നുണ്ട്. ഇതില്‍ ബ്രഹ്മോസും ചര്‍ച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ബ്രഹ്മോസ് മിസൈല്‍ ഇടപാട് സംബന്ധിച്ച് ഇന്ത്യന്‍, ഫിലിപ്പീന്‍സ് ഉദ്യോഗസ്ഥരും കഴിഞ്ഞ വര്‍ഷം ചര്‍ച്ച ചെയ്തിരുന്നു. അടുത്ത വര്‍ഷം ഫെബ്രൂവരിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പീന്‍സ് പ്രസിഡന്റ് ഡുട്ടെര്‍ട്ടും തമ്മിലുള്ള നയതന്ത്ര ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും ബ്രഹ്മോസ് കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം ഇരു രാജ്യങ്ങളും മറ്റ് നിരവധി കരാറുകളിലും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ ഫിലിപ്പൈന്‍സ് സൈന്യത്തിന്റെ ആദ്യത്തെ ലാന്‍ഡ് ബേസ്ഡ് മിസൈല്‍ സിസ്റ്റം ബാറ്ററി ഇന്ത്യയുടെ ബ്രഹ്മോസുമായി സജ്ജമാക്കാന്‍ മനില ഒരുങ്ങുകയാണ്. 2019 ഡിസംബറില്‍ ഒരു എക്സ്പോയില്‍ മിസൈലിന്റെ ലാന്‍ഡ് അധിഷ്ഠിത പതിപ്പിനെ വാങ്ങാന്‍ താല്പര്യമുണ്ടെന്ന സൂചന നല്‍കിയിരുന്നു. നവംബര്‍ 6 ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഫിലിപ്പീന്‍സ് വക്താവ് തിയോഡോറോ ലോക്സിന് ജൂനിയറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ബ്രഹ്മോസ് കരാര്‍ ഒപ്പിടേണ്ടതായിരുന്നു. പലകാരണങ്ങള്‍കൊണ്ടും അത് നീണ്ടുപോവുകയായിരുന്നു.
ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര- നാവിക- വ്യോമ സേനകള്‍ക്ക് വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. നിലവില്‍ സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു.
വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണു ബ്രഹ്മോസ്സുഖോയ് സംയോജനത്തിന്റെ ഗുണം. മണിക്കൂറില്‍ 3,200 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ വേഗം. ഭാരം 2500 കിലോ. കരയില്‍നിന്നും കടലില്‍നിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകള്‍ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂര്‍ണമായും തകര്‍ക്കാനും ഇതിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: