കാസര്‍കോട്: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ തിരുവനന്തപുരത്തെ പുതിയ ക്യാംപസിന് ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വാള്‍ക്കറുടെ പേരിടുന്നതിനെതിരായ വിമര്‍ശനങ്ങളെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരന്‍
നെഹ്‌റു കായികതാരമായിട്ടാണോ നെഹ്‌റു ട്രോഫിയെന്ന പേരെന്നും അദ്ദേഹം ചോദിച്ചു.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സുവോളജി പ്രൊഫസറായിരുന്നു ഗോള്‍വാള്‍ക്കര്‍. മറൈന്‍ ബയോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അതു പൂര്‍ത്തിയാക്കാതെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിലേക്ക് വീണ്ടും സജീവമായി തിരിച്ചുപോകുന്നത്. അതുകൊണ്ട് എന്ത് അയോഗ്യതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പേരിടാന്‍ പാടില്ലെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ല.
രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ജയിലില്‍ കിടന്ന കമ്മ്യൂണിസ്റ്റുകാരുടെ ആരുടെയും പേര് ഈ സംസ്ഥാനത്തെ ഒരു സ്ഥാപനത്തിനും ഇടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. 1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ആ സ്വതന്ത്ര്യം യഥാര്‍ഥമല്ലെന്ന് പറഞ്ഞ് രാജ്യം മുഴുവന്‍ പ്രചാരണം നടത്തിയ കമ്മ്യൂണിസ്റ്റുകാര്‍ സ്വതന്ത്ര ഇന്ത്യയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. 1962-ല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പാകിസ്ഥാന്‍ വാദത്തെ അനുകൂലിച്ച ആളുകളാണ് അന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍.
ഇവരൊക്കെ കേരളത്തില്‍ മാന്യന്‍മാര്‍ ആവുകയും ഈ നാട്ടില്‍ ദേശീയതയ്‌ക്കുവേണ്ടി നിലകൊള്ളുന്ന ഗുരുജി ഗോള്‍വാള്‍ക്കര്‍ അനഭിമതനാകുന്നതും ചെയ്യുന്നതിന്റെ മാനദണ്ഡമാണ് മനസിലാകാത്തത്. പെരിന്തല്‍ മണ്ണയിലെ സര്‍ക്കാര്‍ കോളജിന്റെ പേര് പൂക്കോയ തങ്ങള്‍ സ്മാരക കോളജ് എന്നാണെന്ന് വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിന്റെ പ്രസിഡന്റായിരുന്നുവെന്നത് മാത്രമാണ് അദ്ദേഹത്തിന്റെ വിശേഷണം. അദ്ദേഹം ഒരു എംഎല്‍എയോ പഞ്ചായത്തംഗമോ പോലുമായിരുന്നില്ല.
മുസ്ലിം ലീഗ് പ്രസിഡന്റിന്റെ പേരില്‍ സര്‍ക്കാര്‍ കോളജ് സ്ഥാപിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ബുദ്ധിമുട്ടില്ല. പക്ഷേ ദേശീയവാദിയായ ഗോള്‍വാള്‍ക്കറുടെ പേര് ഒരു സ്ഥാപനത്തിനിടുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പരിഹസിച്ചു. കള്ളപ്പണക്കാര്‍ക്കെതിരായ നടപടികളാണ് കേന്ദ്രം കേരളത്തില്‍ സ്വീകരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നിര്‍ത്താന്‍ പോകുന്നില്ല. ഏജന്‍സികള്‍ ഒരു സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: