മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ പ്രതീക്ഷയുടെ സ്പന്ദനത്തിലേക്ക് നടന്നു കയറിയ അയ്മനം പ്രദീപിനിത് രണ്ടാം ജന്മം. വിരല്‍ത്തുമ്പില്‍ ഈശ്വരന്റെ കയ്യൊപ്പുള്ള വയലിന് മാന്ത്രികന്. പ്രശസ്ത മൃദംഗ വായനക്കാരനായ സഹോദരന് അയ്മനം സജീവുമൊത്ത് രാജ്യത്തിനകത്തും പുറത്തുമുള്ള ആരാധകരുടെ മനസ്സില്‍ സംഗീതത്തിന്റെ മായിക പ്രപഞ്ചം തീര്‍ത്ത കലാകാരന്. വിരലുകള്‍ ചലിപ്പിച്ച് ഇരുവരും സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. അയ്യായിരത്തിലേറെ വേദികള്‍. പ്രശസ്തരും അപ്രശസ്തരുമായ അനേകം സംഗീതകാരന്മാരുടെ പക്കമേളക്കാരായി. ഒരു ദിവസം മൂന്ന് വേദികള്‍. വേദികളില്‍ നിന്നും വേദികളിലേക്ക് നിരന്തര യാത്രകള്‍.
സംഗീതത്തിന്റെ അനന്തമായ യാത്രക്കിടെ അപ്രതീക്ഷിതമായെത്തിയ നെഞ്ചുവേദന അയ്മനം പ്രദീപിന്റെ കലാജീവിതത്തില്‍ ആഘാതമേല്‍പ്പിച്ചു. മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നുറപ്പില്ലാത്ത ദിവസങ്ങള്‍. അദ്ദേഹത്തിലെ സംഗീതം നിലച്ചെന്ന് ആധുനിക വൈദ്യശാസ്ത്രം വിധിയെഴുതി. വയലിന്റെ ശ്രുതിമീട്ടിയ വിരലുകളില്‍ മരുന്നുകള്‍! വിരലുകളില്‍ നിന്നും സംഗീതം പുറത്തേക്ക് വരുന്നില്ല. അഞ്ചുവര്‍ഷങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. വി.എല്‍. ജയപ്രകാശിന്റെ ചികിത്സയിലായിരുന്നു. രോഗത്താല്‍ ഹൃദയത്തിന്റെ പമ്പിങ് 20 ശതമാനം മാത്രമായി. മരുന്നും പ്രാര്‍ത്ഥനയുമായി വീട്ടിലൊതുങ്ങി.
ദൈവത്തിന്റെ രൂപത്തിലെത്തിയ ഡോ. ജയപ്രകാശും വൈദ്യശാസ്ത്രത്തോട് മത്സരിച്ച പ്രദീപിലെ സംഗീതവും രോഗത്തെ തോല്‍പ്പിച്ചു. സംഗീതാരാധകര്‍ക്ക് തിരികെ ലഭിച്ചത് രണ്ട് അമൂല്യ പ്രതിഭകളെ. അയ്മനം പ്രദീപ് രോഗ ബാധിതനായതോടെ സഹോദരന് അയ്മനം സജീവും സംഗീത ലോകത്ത് നിന്ന് മാറിനിന്നു. ഒരു ഇടവേളക്ക് ശേഷം ഇരുവരും സംഗീത ലോകത്തേക്ക് മടങ്ങിവരുകയാണ്. എല്ലാ ദുഃഖങ്ങളും സങ്കടങ്ങളും മറവിയിലൊതുക്കി ഇവരുടെ സംഗീത വിരല്‍ മെല്ലെ ശ്രുതി മീട്ടുകയാണ്.
പ്രദീപ് ആറാം ക്ലാസ് മുതല്‍ വയലിന് അഭ്യസിക്കുന്നു. അന്തരിച്ച അച്ഛന് അയ്മനം കരുണാകരന് കുട്ടി കഥകളിയിലും നൃത്തത്തിലും മികവ് തെളിയിച്ചയാളായിരുന്നു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹമാണ് മക്കളുടെ സംഗീത അഭിരുചി തിരിച്ചറിഞ്ഞത്. കോട്ടയം സിഎംഎസ് കോളേജിലെ പഠനം പൂര്‍ത്തിയാക്കി ഇരുവരും തൃപ്പൂണിത്തറ ആര്‍എല്‍വി സംഗീത കോളേജില്‍ പഠനം തുടങ്ങി. പതിനാലാം വയസില്‍ അയ്മനം നരസിംഹ സ്വാമിക്ഷേത്രത്തില്‍ അരങ്ങേറ്റം. പിന്നീട് ഇരുവരും വേദികളില്‍ നിന്നും വേദികളിലേക്ക് യാത്ര തുടങ്ങി.
ദക്ഷിണാമൂര്‍ത്തി, ബ്രഹ്മാനന്ദന്, നെയ്യാറ്റിന്‍കര വാസുദേവന്‍, വയ്യാങ്കര മധുസൂദനന്, കലാമണ്ഡലം ഹൈദ്രാലി, ഹരിദാസ്, ശങ്കരന് നമ്പൂതിരി, പ്രണവും ശങ്കരന് നമ്പൂതിരി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രൊഫ. പൊന്‍കുന്നം രാമചന്ദ്രന്, പ്രൊഫ. ആയാംകുടി മണി, ടി.വി. ശങ്കരനാരായണന് ചെന്നൈ, ട്രിച്ചി ഗണേശന്, മാംതംഗി സത്യമൂര്‍ത്തി, കെ. ഓമനക്കുട്ടി, മല്ലാടി ബ്രദേഴ്സ്, വിജയ് യേശുദാസ്, സുദീപ് കുമാര്‍ എന്നിവര്‍ക്ക് ഇരുവരും പക്കമേളം വായിച്ചു. 27 വര്‍ഷം ജയവിജയന്മാരുടെ സംഗീതത്തിന് പക്കമേളക്കാരായി.
ദുബായില്‍ നടന്ന പരിപാടിയില്‍ യേശുദാസും ഭാര്യയും ശ്രോതാക്കളായി എത്തിയത് വലിയ അനുഭവമായിരുന്നെന്ന് പ്രദീപും സജീവും പറയുന്നു. പ്രദീപിന്റെ ഭാര്യ സുശീല ഗായികയാണ്. രണ്ട് മക്കളില്‍ മൂത്ത മകന് സച്ചിന് പ്രദീപ് മരിച്ചു. സംഗീത് പ്രദീപ് പ്ലസ്ടുവിന് പഠിക്കുന്നു. കോട്ടയം ഇല്ലിക്കല്‍ ചിന്മയാ വിദ്യാലയത്തിലെ അധ്യാപിക മഞ്ജുവാണ് സജീവിന്റെ ഭാര്യ. മകള്‍ ഐശ്വര്യ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയാണ്. ഒപ്പം നൃത്തവും അഭ്യസിക്കുന്നു. അമ്മ ഭാനുമതി മകള്‍ പ്രീ
തയ്ക്കൊപ്പം തിരുവഞ്ചൂരില്‍ താമസിക്കുന്നു. പ്രീതയുടെ ഭര്‍ത്താവ് എല്‍.ഡി. ശ്രീകുമാറാണ് പ്രദീപിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്നത്. ഈ കലാകാരന്മാര്ക്ക് നാദജ്യോതി പുരസ്കാരം, കാഞ്ചികാമകോടി പീഠം ആസ്ഥാന വിദ്വാന് എന്നിവ ഉള്‍പ്പെടെ നിരവിധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: