തൃശൂര്‍ : നഗരവാസികള്‍ക്ക് സൗജന്യമായി വെള്ളവും വൈദ്യുതിയും വാഗ്ദാനം ചെയ്ത് എന്‍ഡിഎ. അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍ പരിശീലനവും സംരഭക വായ്പയും പ്രകടന പത്രികയിലുണ്ട്. സമ്പൂര്‍ണ വിശപ്പ് രഹിത നഗരം എന്ന സ്വപ്നം സാക്ഷാത്കരിക്കും. കോര്പ്പറേഷന് എന്‍ഡിഎ പ്രകടന പത്രിക -വികസന രേഖ-ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പുറത്തിറക്കി. സുരേഷ് ഗോപി എം.പിക്ക് നല്‍കിയായിരുന്നു പ്രകാശനം.
അഞ്ച് വര്‍ഷം കൊണ്ട് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങളാണ് എന്‍ഡിഎ പ്രകടന പത്രികയില്‍ വിഭാവനം ചെയ്യുന്നത് . നാല് പ്രധാന കേന്ദ്രങ്ങളില്‍ ഫ്ളൈ ഓവറുകള്‍,റോഡുകളുടെ വികസനം,കിഴക്കേക്കോട്ടയില്‍ പുതിയ ബസ്സ്റ്റാന്‍ഡ് തുടങ്ങിയ നിര്‍ദ്ദേശങ്ങളുണ്ട്.
ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കോര്പ്പറേഷന് ഓഫീസ് തേടി പോകേണ്ടതില്ല.എല്ലാ ഡിവിഷനുകളിലും ഹെല്പ് ഡെസ്കുകള്‍, ഡിവിഷനുകള്‍ തോറും സ്ത്രീ സൗഹൃദ ജിംനേഷ്യങ്ങള്‍ തുടങ്ങിയവയും പ്രധാന നിര്‍ദ്ദേശങ്ങളാണ്.ആരോഗ്യം,വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം തുടങ്ങി വിവിധ മേഖലകളിലായി വന്‍ വികസന നിര്‍ദ്ദേശങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, വയോജന പെന്ഷന് പദ്ധതികള്‍ എല്ലാവരിലേക്കുമെത്തിക്കും. കാര്‍ഷിക മേഖലക്കായി ഉദ്പാദന ബോണസും വിപണന കേന്ദ്രങ്ങളും, ശക്തന് മാര്‍ക്കറ്റിന്റെ നവീകരണം, മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും സ്ഥിരം സംവിധാനം തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
രാജ്യവ്യാപകമായി നടക്കുന്ന വന്‍ വികസന മുന്നേറ്റം തൃശൂര്‍ നഗരത്തിലുമുണ്ടാകാന്‍ എന്‍ഡിഎ അധികാരത്തിലെത്തണമെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. മറ്റുള്ളവര്‍ക്ക് അഴിമതിയില്‍ മാത്രമാണ് താത്പര്യം. സംസ്ഥാന,ജില്ല ,മണ്ഡലം നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: