ന്യൂദല്‍ഹി: ഈ മാസം അവസാനം രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്ത് തമിഴക രാഷ്ട്രീയത്തില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രവചനം നടത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. റിപ്പബ്ലിക് എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്രസര്‍ക്കാരുമായുള്ള സൗഹൃദമായിരിക്കും രജനികാന്ത് താത്പര്യപ്പെടുന്നതെന്ന് തന്റെ വാദത്തിന് ബലം നല്കാന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വരുന്ന കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ധാരാളം മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രജനിയുടെ ആശയങ്ങളും പ്രത്യേയശാസ്ത്രവും കുറച്ചുസമയത്തിനുള്ളില്‍ വ്യക്തമാകുമെന്നും എസ് ഗുരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. രജനി കാന്തിന്റെ ആത്മീയരാഷ്ട്രീയമെന്ന മുദ്രാവാക്യം ബിജെപിയോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് ഇതിനോടകം ചില രാഷ്ട്രീയ നിരീക്ഷകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൂടാതെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി ബിജെപി സംസ്ഥാന ബൗദ്ധിക വിഭാഗം നേതാവായിരുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് മൂന്നുവര്‍ഷം കാത്തിരുന്ന ശേഷമാണ് രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ മാസം 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചിരുന്നു. അടുത്തവര്‍ഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ ഇന്‍ ചാര്‍ജ് തമിഴരുവി മണിയന് ഇന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: