കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയിലേക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അന്വേഷണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി കത്തു നല്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ അഡീഷല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചുറ്റിപ്പറ്റിയുള്ള ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഊരാളുങ്കിലിന് കത്ത് നല്‍കിയിരിക്കുന്നത്.
വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിച്ചു, ബിനാമി ഇടപാടുകളിലൂടെ സ്വത്ത് സമ്പാദനം നടത്തി എന്നീ ആരോപണങ്ങളിലാണ് സി എം രവീന്ദ്രനെതിരായ അന്വേഷണം. ഈ മാസം പത്തിന് ചോദ്യം ചെയ്യലിനായി കൊച്ചിയില്‍ ഹാജരാകാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. സി എം രവീന്ദ്രന്റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിലായിരുന്നു കഴിഞ്ഞ ഒരുമാസമായി ഇഡി. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഊരാളുങ്കലിന് കത്ത് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ഇഡി ഉദ്യോഗസ്ഥര്‍ ഊരാളുങ്കലില്‍ എത്തി രേഖകള്‍ പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് സാമ്പത്തി ഇടപാടുകള്‍ തേടിയുള്ള കത്ത്. അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിശദവിവരങ്ങളാണ് തേടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൂര്‍ത്തിയാക്കിയതും നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെയെല്ലാം വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍, ആര്‍ക്കെല്ലാം പണം നല്കി, ആരില്‍നിന്നെല്ലാം പണം സ്വീകരിച്ചു, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയെല്ലാം ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഊരാളുങ്കലിന് പല കരാറുകളും ലഭിച്ചതില്‍ സി എം രവീന്ദ്രന്റെ അവിഹിത ഇടപെടലുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പരിശോധനയ്ക്ക് ഇഡി തുടക്കമിട്ടിരിക്കുന്നത്. കോഴിക്കോട് പന്ത്രണ്ടോളം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സി എം രവീന്ദ്രനു ബിനാമി ഇടപാടുകളുണ്ടെന്ന നിഗമനത്തിലാണ് ഇഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: