തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ മുക്കിയത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനാണെന്ന സംശയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). ഊരാളുങ്കലുമായി സി എം രവീന്ദ്രനും കുടുംബത്തിനുമുള്ള ബന്ധം കണ്ടെത്തിയ സാഹചര്യത്തിലാണ് സംശയമുയര്‍ന്നത്. ഊരാളുങ്കലുമായി സര്‍ക്കാരുണ്ടാക്കിയ കരാറുകളുമായി ബന്ധപ്പെട്ട നിയമസഭാ മറുപടികള്‍ ഇഡിക്ക് കിട്ടിയിരുന്നു.
കരാറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച കൂട്ടത്തിലായിരുന്നു ഇവ ലഭിച്ചത്. ഇതു പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ മറച്ചുപിടിച്ചതായി മനസിലായത്. മൂന്ന് നിയമസഭാ സമ്മേളനങ്ങളിലായി പ്രതിപക്ഷാംഗങ്ങള്‍ മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും മറുപടി കിട്ടിയത് എം കെ മുനീറിന്റെ ചോദ്യത്തിനു മാത്രം. ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ചുവരുന്നുവെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ നല്‍കിയ കരാറുകളെക്കുറിച്ച് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കായിരുന്നു ഇത്.
കെഎസ്ആര്‍ടിസിയുടെ നടത്തിപ്പ് ഊരാളുങ്കലിന് നല്‍കിയിട്ടില്ലെന്ന മറപടിയാണ് എം കെ മുനീറിന് നല്‍കിയത്. സര്‍ക്കാരിന് ഒരുതരത്തിലും ദോഷം ചെയ്യില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഈ വിവരം നല്‍കിയത്. സര്‍ക്കാര്‍ ഊരാളുങ്കലിന് ആകെ എത്ര കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന കോണ്‍ഗ്രസിലെ കെ എസ് ശബരീനാഥന്റെ ചോദ്യമാണ് ഉത്തരം ലഭിക്കാത്തവയില്‍ ഒന്ന്. കഴിഞ്ഞ വര്‍ഷം മെയ് 28ന് ആയിരുന്നു ചോദ്യം. സര്‍ക്കാരിന്റെ സ്ഥലമോ, സേവനങ്ങളോ, വസ്തുക്കളോ ഊരാളുങ്കലിനെ എല്‍പ്പിച്ചിട്ടുണ്ടോയെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ലീഗിന്റെ പി കെ അബ്ദുറബ്ബ് ഉന്നയിച്ച ചോദ്യത്തിനും വിവരം ശേഖരിച്ചുവരുന്നുവെന്ന മറുപടിയാണ് കൊടുത്തത്.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ മന്ത്രിമാരുടെ ഓഫിസില്‍ തടഞ്ഞുവയ്‌ക്കുന്നത് പതിവു രീതിയാണ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് മറുപടികള്‍ തയ്യാറാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്നത്. ഈ ഉത്തരങ്ങളാണ് പിന്നീട് തടഞ്ഞുവച്ച് വിവരം ശേഖരിച്ചുവരുന്നുവെന്ന മറുപടി നിയമസഭയിലേക്ക് കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: