കട്ടപ്പന: ദേശീയ ജനാധിപത്യ സഖ്യം കട്ടപ്പന നഗരസഭയില്‍ അധികാരത്തില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നഗരവികസനപദ്ധതി ആയ അമൃത് നഗരം പദ്ധതി കട്ടപ്പനയില്‍ നടപ്പാക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അല്‍ഫോന്‍സ് കണ്ണന്താനം കട്ടപ്പനയില്‍ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ബഡ്ജറ്റില്‍ 70 ശതമാനവും നീക്കിവെച്ചിരിക്കുന്നത് സാധാരണ ജനവിഭാഗങ്ങള്‍ക്കും അടിസ്ഥാന വികസനത്തിനും വേണ്ടിയാണ്. കട്ടപ്പന നഗരസഭയില്‍ മാത്രം 1200 പിഎംഎവൈ വീടുകള്‍ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയും എല്ലാവര്ക്കും കുടിവെള്ളം എത്തിക്കുക എന്ന ജലജീവന്‍ പദ്ധതിയും നിരവധി പെന്ഷന് പദ്ധതികളും യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്കുന്ന സ്കില്‍ ഇന്ത്യ പോലുള്ള പദ്ധതികളും രാജ്യത്ത് നടപ്പാക്കിവരികയാണ്.
ജനാധിപത്യ ഭരണസംവിധാനത്തിന്റെ പ്രഥമ കേന്ദ്രങ്ങളായ നഗരസഭാ വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് വന്നാല്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കാന്‍ കൂടുതല്‍ സാഹചര്യങ്ങള്‍ ഒരുങ്ങും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കട്ടപ്പനയിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാവിലെ തൊടുപുഴയിലെത്തിയ അദ്ദേഹം പ്രമുഖരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് കട്ടപ്പന മേഖലയിലെ വിവിധയിടങ്ങളില്‍ എന്‍ഡിഎ കുടുംബ യോഗങ്ങളിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: