മഡ്ഗാവ്: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോള്‍ നേടി റോയ് കൃഷ്ണ എടികെ മോഹന്‍ ബഗാന് വിജയം സമ്മാനിച്ചു. ഐഎസ്എല്ലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഒഡീഷ എഫ്സിയെ തോല്‍പ്പിച്ചു. ഈ സീസണില്‍ എടികെ മോഹന്‍ ബഗാന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും എത്തി.
മത്സരം സമനിലയാകുമെന്ന് ഏതാണ്ടുറപ്പായ സമയത്താണ് റോയ് കൃഷ്ണ ഗോള്‍ നേടിയത്. അധികസമയത്തിന്റെ ആറാം മിനിറ്റില്‍ ടിറി ബോക്സിനകത്തേക്ക് ഉയര്‍ത്തിവിട്ട പന്തില്‍ തലവെച്ചാണ് റോയ് കൃഷ്ണ സ്കോര്‍ ചെയ്തത്.
ആദ്യ പകുതിയില്‍ ഇരു ടീമുകളും തകര്‍ത്തുകളിച്ചു. ഒട്ടേറെ അവസരങ്ങളും സൃഷ്ടിച്ചു. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല. 25-ാം മിനിറ്റില്‍ ടിറി നല്കിയ പന്തുമായി ഒഡീഷയുടെ ബോക്സില്‍ കടന്ന റോയ് കൃഷ്ണ ഷോട്ട് തൊടുത്തുവിട്ടെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലുടെ പറന്നു.
34-ാം മിനിറ്റില്‍ ഒഡീഷയുടെ ജേക്കബ് അവസരം തുലച്ചു. മാഴ്സെലീഞ്ഞോ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ട പന്തില്‍ ജേക്കബ് തലവെച്ചെങ്കിലും പുറത്തേക്ക് പോയി. രണ്ടാം പകുതിയിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. അവസരങ്ങളും ലഭിച്ചു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ മികച്ചുനിന്ന എടികെ മോഹന്‍ ബഗാന് നിര്‍ണായക ഗോള്‍ നേടി വിജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: