അടിസ്ഥാനപരമായി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉണ്ടാവുന്ന അഭിപ്രായ ഭിന്നതകളോ ഗ്രൂപ്പു വഴക്കുകളോ പോലെയല്ല സിപിഎമ്മില്‍ ഉടലെടുക്കുന്ന ചേരിപ്പോരുകള്‍. ഏതെങ്കിലുമൊരു പക്ഷത്തിന്റെ അന്ത്യം കണ്ടേ അത് അവസാനിക്കൂ. പാര്‍ട്ടിയുടെ ചരിത്രത്തിലുടനീളം ഇത്തരം ചെങ്കൊടി പുതച്ച കലഹങ്ങള്‍ കാണാം. ആശയസമരത്തിന്റെ പേരിലുള്ള ശബ്ദകോലാഹലങ്ങള്‍ക്കപ്പുറം പാര്‍ട്ടിയുടെ ചരിത്രം തന്നെ ചേരിപ്പോരിന്റേതാണ്.
വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഭിന്നധ്രുവങ്ങളില്‍ നിലയുറപ്പിച്ച് വര്‍ഷങ്ങള്‍ നീണ്ട ഏറ്റുമുട്ടലില്‍ വെട്ടിനിരത്തലുകളുടെ ഘോഷയാത്രയായിരുന്നു. വിഎസ് മുഖ്യമന്ത്രിയാവുന്നതിനു മുന്‍പും മുഖ്യമന്ത്രിയായിരുന്നപ്പോഴും അതിനുശേഷവും നിലയ്ക്കാതിരുന്ന ഈ ചേരിപ്പോരില്‍ അക്ഷരാര്‍ത്ഥത്തില്‍ പിണറായി പാര്‍ട്ടി പിടിച്ചെടുത്തു. വന്ദ്യവയോധികനായ വിഎസിനെ പിണറായിയുടെ ചാവേറുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വിഎസിന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ഒരു യുവനേതാവ് പ്രഖ്യാപിക്കുന്നതുവരെ കാര്യങ്ങളെത്തി. പാര്‍ട്ടിയിലെ ഈ വിഭാഗീയതയില്‍ കേന്ദ്ര നേതൃത്വം പലപ്പോഴും കാഴ്ചക്കാരായി. ഇടപെട്ട സന്ദര്‍ഭങ്ങളില്‍ അത് ഫലപ്രദവുമായില്ല.
ഇപ്പോഴാകട്ടെ പാര്‍ട്ടിയില്‍ നിന്ന് വെട്ടിനിരത്തല്‍ സര്‍ക്കാരിലേക്ക് മാറിയിരിക്കുന്നു. പാര്ട്ടിയിലേതുപോലെ സര്‍ക്കാരിലും ഒരു പക്ഷത്ത് പിണറായി വിജയന് തന്നെയാണ്. വിഎസിന്റെ സ്ഥാനത്ത് തോമസ് ഐസക് എത്തിയിരിക്കുന്നു. അടിയൊഴുക്കുകള്‍ എന്തുതന്നെയായിരുന്നാലും പാര്‍ട്ടിയിലും സര്‍ക്കാരിലും ഐസക് ഒറ്റപ്പെട്ടിരിക്കുകയാണ്. കിഫ്ബിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയതിന്റെ പേരിലുള്ള അവകാശ ലംഘന പ്രശ്നം സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട്ടതോടെ ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് കരകയറുകയെന്നത് ഐസക്കിന് ശ്രമകരമാണ്.
വിഎസിനോടുള്ള വിരോധമാണ് ഐസക്കിനെ പിണറായിക്ക് സ്വീകാര്യനാക്കിയ ഒരേയൊരു ഘടകം. എന്നാല്‍ മന്ത്രിസ്ഥാനത്തെത്താന്‍ വഴങ്ങിക്കൊടുത്തെങ്കിലും പിണറായിയോട് ഐസക്കിന് യാതൊരു ആഭിമുഖ്യവുമില്ല എന്നതാണ് സത്യം. പിണറായി കഴിവുള്ള രാഷ്ട്രീയ നേതാവോ ഭരണാധികാരിയോ ആണെന്ന് ഐസക് വിശ്വസിക്കുന്നില്ല. ഐസക്കിന്റെ ഭാഷയിലും ശരീരഭാഷയിലും ഈയൊരു പുച്ഛം പ്രകടമാണ്.
പിണറായിയുടെ ഭരണം അതിന്റെ എല്ലാ പരിമിതികളോടെയാണെങ്കിലും സുഗമമായി മുന്നോട്ടു പോകുന്നതിന് തുടക്കം മുതല്‍ തന്നെ ഐസക് എതിരായിരുന്നു. രാഷ്ട്രീയ ഭിന്നത മാറ്റിവച്ച് എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും സഹകരിക്കുന്ന നയമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെത്. കേരളവുമായി ഇങ്ങനെയൊരു ബന്ധം നിലനില്ക്കരുതെന്ന ദുഷ്ടലാക്കോടെ പെരുമാറിയ മന്ത്രിയാണ് ഐസക്. ജിഎസ്ടിയുടെയും മറ്റും കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധത്തെ കലുഷമാക്കുന്ന പ്രസ്താവനകളാണ് ഐസക് നടത്തിക്കൊണ്ടിരുന്നത്. ഇതുമൂലം പിണറായി സര്‍ക്കാരിന് ചില ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ഉണ്ടാകുന്നതില്‍ ഐസക് ഉള്ളുകൊണ്ട് ആഹ്ലാദിച്ചു.
ആഭ്യന്തര വകുപ്പ് കൂടി മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലായതിനാല്‍ ധനമന്ത്രിയെന്ന നിലയ്ക്ക് മന്ത്രിസഭയില്‍ തനിക്കാണ് രണ്ടാം സ്ഥാനം എന്നതാണ് ഐസക്കിന്റെ ചിന്ത. താന്‍ ആഗ്രഹിക്കുന്നിടത്തോളം ഇത് പിണറായി അനുവദിച്ചുതരാത്തതില്‍ ഐസക്കിന് അമര്‍ഷവുമുണ്ട്. പക്ഷേ തരം കിട്ടുമ്പോഴൊക്കെ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ ഐസക് മറന്നില്ല. പിണറായി ഇതില്‍ അസ്വസ്ഥനുമായിരുന്നു.
പിണറായി മുഖ്യമന്ത്രിയായിരിക്കാം. പക്ഷേ കേരളത്തെ നയിക്കുന്നത് ഞാനാണ്. ഈ അഹന്തയാണ് കിഫ്ബിയെ മുന്‍നിര്‍ത്തി ഐസക് നിരന്തരം പ്രകടിപ്പിച്ചു പോരുന്നത്. റോഡ്, പാലം, സ്കൂള്‍, ആശുപത്രി എന്നിങ്ങനെയുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം സര്‍ക്കാരിനെ മാറ്റിനിര്‍ത്തി കിഫ്ബിയിലൂടെ സാധ്യമാക്കാനുള്ള ഐസക്കിന്റെ തന്ത്രം രാഷ്ട്രീയമാണ്. 50,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി നടപ്പാക്കുന്നതെന്ന ഐസക്കിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍, താനാണ് കേരളത്തിന്റെ രക്ഷകന് എന്നു വരുത്തിത്തീര്‍ക്കലാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പാത ഇതാണെന്ന് ഐസക് കണക്കുകൂട്ടുന്നു.
കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് തന്റെ രാഷ്ട്രീയ മോഹത്തിന് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയാണ് ആ ഭരണഘടന സ്ഥാപനത്തെ കരിവാരി തേക്കാന്‍ ഐസക് ശ്രമിച്ചത്. ഇക്കാര്യത്തില്‍ വികസനത്തിന്റെ പുകമറ സൃഷ്ടിച്ച് പിണറായി വിജയനെയും ഒപ്പം നിര്‍ത്തി. കിഫ്ബിയുടെ മഹത്വം വര്‍ണിക്കുന്നതിനിടെ ”ഇങ്ങനെയൊരു മുഖ്യമന്ത്രിയുള്ളതു കൊണ്ടാണ് ഇതെല്ലാം സാധിക്കുന്നത്” എന്ന് പ്രശംസിക്കാനും ഐസക് മറന്നില്ല. ആദ്യമായാണ് ഐസക്കിന്റെ നാവില്‍നിന്ന് ഇങ്ങനെയൊരു പ്രശംസ പിണറായിക്ക് കിട്ടുന്നത്. എന്നെ സംശയിക്കേണ്ടതില്ല, അങ്ങാണ് മഹാന് എന്നതായിരുന്നു ഈ പ്രശംസയില്‍ ഒളിപ്പിച്ചുവച്ച പരിഹാസം.
മകന് മയക്കുമരുന്നു കടത്തു കേസില്‍ പ്രതിയായി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന് പുറത്താവുകയും, എ. വിജയരാഘവന് സെക്രട്ടറി സ്ഥാനത്ത് എത്തുകയും ചെയ്തത് പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും അന്തരീക്ഷം തനിക്ക് അനുകൂലമാക്കിയിരിക്കുകയാണെന്ന് ഐസക് കരുതി. അധികം വൈകാതെ കോടിയേരിയുടെ മാര്‍ഗത്തില്‍ പിണറായിക്കും സഞ്ചരിക്കേണ്ടിവരുമെന്നും, അങ്ങനെ സംഭവിച്ചാല്‍ അടുത്ത മുഖ്യമന്ത്രി താനാണെന്നും ഐസക് വിശ്വസിച്ചു. ഇതുമായി ബന്ധപ്പെട്ട അണിയറ നീക്കങ്ങള്‍ പിണറായി അറിയാതിരിക്കില്ലല്ലോ.
ധനമന്ത്രാലയത്തിനു കീഴിലുള്ള കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് ഐസക്കിനുള്ള പിണറായിയുടെ സന്ദേശമായിരുന്നു. ഇതോടെ പൊട്ടിത്തെറിക്കാതിരിക്കാന്‍ ഐസക്കിന് കഴിഞ്ഞില്ല. ഏത് വട്ടനാണ് റെയ്ഡിന് നിര്‍ദ്ദേശം നല്‍കിയതെന്ന് പരിഹസിക്കുക മാത്രമല്ല ഐസക് ചെയ്തത്. ഓരോരുത്തര്‍ക്കും ഓരോ സ്ഥാനം നല്‍കിയിട്ടുണ്ടെന്നും, അതനുസരിച്ച് പെരുമാറിയാല്‍ മതിയെന്നും രോഷത്തോടെ ഐസക് പറഞ്ഞു. പിണറായിയെ ഉന്നംവച്ചായിരുന്നു ഇത്. ഇതിനോടുള്ള പ്രതികരണമായിരുന്നു റെയ്ഡ് തന്റെ അറിവോടെയാണെന്നും, അതില്‍ ഗര്വിച്ചിട്ട് കാര്യമില്ലെന്നും പിണറായി തുറന്നടിച്ചത്.
പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ ഐസക് ഒട്ടും പ്രതീക്ഷിച്ചതല്ല. സിപിഎമ്മില്‍ നിന്നും സര്‍ക്കാരില്‍നിന്നും ആരും പിന്തുണച്ചില്ല. റെയ്ഡിനെതിരെ പ്രതികരിച്ച ആനത്തലവട്ടം ആനന്ദനും പിണറായിയുടെ വിശദീകരണത്തോടെ നിശ്ശബ്ദനായി. പാര്‍ട്ടിയില്‍ ഐസക്കിന്റെ നേതാവും, പിണറായിയുടെ പ്രതിയോഗിയുമായ എം.എ. ബേബി മാത്രമാണ് ഒപ്പം നിന്നത്. പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞോളാമെന്ന ഐസക്കിന്റെ നിലപാടിനുപോലും പാര്‍ട്ടി നേതാക്കളില്‍നിന്ന് യാതൊരു അനുഭാവവും ലഭിച്ചില്ല.
സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പിണറായിയുടെ വാക്ക് അവസാനമാണെന്ന് മന്ത്രി ഇ.പി. ജയരാജന് പ്രഖ്യാപിക്കുന്നതിന്റെ സൂചനകള്‍ പലതാണ്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് എത്തിയിരിക്കുന്ന വിജയരാഘവന് പിണറായി വിരുദ്ധനല്ലെങ്കിലും എം.എ.ബേബിയോടാണ് ആഭിമുഖ്യം. ഇരുവരും ദല്‍ഹിയിലായിരുന്നപ്പോള്‍ മുതലുള്ള സൗഹൃദമാണ്. വിജയരാഘവനെ ഉപയോഗിച്ച് പാര്‍ട്ടി പിടിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്ന കണ്ണൂര്‍ ലോബിയുടെ താക്കീതാണ് ജയരാജന് നല്‍കിയത്. ഈ ഭാഷ വിജയരാഘവന് ഉടന്‍ മനസ്സിലായി. കെഎസ്എഫ്ഇ റെയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന പ്രസ്താവന പെട്ടെന്നുണ്ടായി.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സിപിഎമ്മിലും സര്‍ക്കാരിലും തോമസ് ഐസക് തത്വത്തില്‍ വെട്ടിനിരത്തപ്പെട്ടിരിക്കുന്നു. ക്യാപ്പിറ്റല്‍ പണിഷ്മെന്റിന് ആവശ്യമുയര്‍ന്നെങ്കിലും പാര്‍ട്ടി അനുഭാവികളെ പേടിച്ച് വിഎസിനെതിരെ അതുണ്ടായില്ല. എന്നാല്‍ തോമസ് ഐസക്കിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു ഭയം സിപിഎമ്മിനില്ല. ഐസക്കിനെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായാണ് വലിയൊരു വിഭാഗം പാര്‍ട്ടി നേതാക്കളും അണികളും കാണുന്നത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ക്യാപ്പിറ്റല്‍ പണിഷ്മെന്റിലേക്കാണ് ഐസക് നടന്നടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: