Categories: Kerala

കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍

എറണാകുളം തൃപ്പൂണിത്തുറ ഭാഗങ്ങളില്‍ കഴിഞ്ഞമാസം ഒന്നു മുതല്‍ നടത്തിയ പരിശോധനയില്‍ അഞ്ചിലേറെ ഇടങ്ങളില്‍ വഴിയരികില്‍ വളര്‍ന്നുനില്‍ക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തി

Published by

കൊച്ചി: പഴയതുപോലെ കാട്ടില്‍ മാത്രമല്ല ഇപ്പോള്‍ കഞ്ചാവുകൃഷിയുള്ളത്. അല്‍പം വ്യത്യസ്തമായ രീതിയില്‍ നാട്ടിലും നടക്കുന്നുണ്ട്. നിങ്ങള്‍ സഞ്ചരിക്കുന്ന റോഡിന്റെ ഇരുവശങ്ങളില്‍ കാടിനൊപ്പം വളര്‍ന്നുനില്‍ക്കുന്ന ചെടികളില്‍ കഞ്ചാവമുണ്ടെന്ന് തോന്നിയാല്‍ അതു വെറുമൊരു സംശയം മാത്രമായി കൂടെന്നില്ല. എറണാകുളം തൃപ്പൂണിത്തുറ ഭാഗങ്ങളില്‍ കഴിഞ്ഞമാസം ഒന്നു മുതല്‍ നടത്തിയ പരിശോധനയില്‍ അഞ്ചിലേറെ ഇടങ്ങളില്‍ വഴിയരികില്‍ വളര്‍ന്നുനില്‍ക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തി. 

തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് ഓണ്‍ലൈന്‍ മാധ്യമത്തോട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നാലു ചെടികള്‍ ആദ്യം കണ്ടെത്തി. പിന്നാലെ ഉദയം പേരൂര്‍ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയുടെ സമീപമുള്ള തിരക്കേറിയ റോഡരികില്‍ കണ്ടെത്തിയ രണ്ട് ചെടികള്‍ക്ക് നാലുമാസം പ്രായമുണ്ടായിരുന്നു. ജമന്തിയുള്‍പ്പെടെയുള്ള ചെടികള്‍ക്കൊപ്പമായിരുന്നു ഇവ നിന്നിരുന്നത്. അതുകൊണ്ടുതന്നെ ഒറ്റനോട്ടത്തില്‍ സംശയം തോന്നില്ല. 

എന്നാല്‍ അങ്ങനെ തോന്നിയ ഒരാളാണ് എക്‌സൈസുമായി ബന്ധപ്പെട്ടത്. സമാനരീതിയില്‍ തിരുവാങ്കുളം, കിടങ്ങ് ഷാപ്പ് പരിസരം, ഉദയംപേരൂര്‍ ഗ്യാസ് ബോട്ടിലിംഗ് പ്ലാന്റ് പ്രദേശം എന്നിവടങ്ങളിലെ റോഡരികില്‍നിന്നെല്ലാം ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവാങ്കുളത്ത് നശിപ്പിച്ചത് ഏഴു കഞ്ചാവുചെടികളായിരുന്നു. പ്രദേശത്ത് ലഹരി ഉപയോഗിക്കുന്ന സംഘം കഞ്ചാവ് എത്തിക്കുന്നവരില്‍നിന്ന് വിത്ത് ശേഖരിച്ച് ചെയ്ത പണിയാണെന്ന നിഗമനത്തിലാണ് എക്‌സൈസ്. 

വഴിയരികില്‍ നട്ടുവളര്‍ത്തിയാല്‍ പിടിവീഴില്ലെന്ന ചിന്തയാകാം പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതിന് പ്രോരിപ്പിച്ചിരിക്കുക. ഒപ്പം വെള്ളവും വളക്കൂറുമുള്ള മണ്ണ് വഴിയോര പ്രദേശത്തുണ്ട്. എട്ടുമാസംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തി പൂവിടുകയും ചെയ്യും. കാട്ടു ചെടികള്‍ക്കിടയില്‍ കഞ്ചാവ് നില്‍ക്കുന്നത് കണ്ണില്‍ പെടുകയുമില്ല. വളര്‍ന്നുകിട്ടിയാല്‍ വെട്ടിയെടുത്ത് ഉണക്കിയെടുത്ത് ഉപയോഗിക്കുകയും ചെയ്യാം. അന്വേഷണം നടക്കുന്നതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കഞ്ചാവ് ഉപയോഗിച്ചതിന് ഉദയംപേരൂരില്‍ മുന്‍പ് ചിലര്‍ പിടിയിലായിട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക