തൊടുപുഴ: കേരളത്തിലേക്ക് നേരിട്ടെത്തുന്ന ആദ്യ ചുഴലിക്കാറ്റായി ബുറെവി. സംസ്ഥാനത്തെത്തുന്നതിന് മുമ്പ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്ദമാകുമെങ്കിലും ശക്തമായ കാറ്റും മഴയും രണ്ട് ദിവസം വരെ ഉണ്ടാകും.
ബുറെവി ചുഴലിക്കാറ്റ് താരതമ്യേനെ ശക്തി കുറഞ്ഞ ഗണത്തില്‍പ്പെട്ടതാണെന്ന് കാലാവസ്ഥ ഗവേഷകനായ ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. ശ്രീലങ്കന്‍ കരതൊട്ട് ഏറെ ദുരം വരുന്നതിനാല്‍ ശക്തി വീണ്ടും കുറയാനാണ് സാധ്യത. 44 വര്‍ഷത്തിന് ശേഷമാണ് ഈ ദിശയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒരു ചുഴലിക്കാറ്റെത്തുന്നത്.
നാല് തരം ചുഴലിക്കാറ്റുകളാണ് ഉള്ളത്. ഇതില്‍ ഏറ്റവും ശക്തമായതാണ് സൂപ്പര്‍ സൈക്ലോണ്‍. കഴിഞ്ഞ മെയ് മാസത്തിലെ ഉം പുന് ഇതിന് ഉദാഹരണമാണ്. 260 കി.മീ. വരെ വേഗത്തിലാകും വീശുക. എന്നാല്‍ ബുറേവിക്ക് പരമാവധി 100 കി.മീ. വരെ ശക്തിയുണ്ടാകൂ.
രണ്ട് തവണ കരയില്‍ പ്രവേശിച്ച ശേഷമാണ് കേരളത്തിലേക്ക് എത്തുക, ഇതിനാലാണ് നാശത്തിന്റെ തോത് കുറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ശക്തമായ കാറ്റും മഴയും ഉണ്ടാകും. കൃത്യമായ ദിശ ഇനിയും പ്രവചിക്കാനായിട്ടില്ല. ദിശയില്‍ മാറ്റം വന്നുകൊണ്ടേ ഇരിക്കുകയാണെന്നും കൂടുതല്‍ വടക്കോട്ട് നീങ്ങാനുള്ള സാധ്യത ഉള്ളതായും അദ്ദേഹം വ്യക്തമാക്കി.
മഴയ്ക്കുപരി കാറ്റാകും സംസ്ഥാനത്ത് കൂടുതല്‍ നാശം വിതയ്ക്കുക. 2017ലെ ഓഖി ചുഴലിക്കാറ്റും 2018ലെ ഗജ ചുഴലിക്കാറ്റും മധ്യ കേരളത്തില്‍ വലിയ നാശം വിതച്ചിരുന്നു. ഇവയെല്ലാം കേരളത്തെ നേരിട്ട് ബാധിച്ചിട്ടില്ല. അതേ സമയം ബുറേവി നേരിട്ടെത്തുന്നുവെന്നത് ആശങ്കയോടെ കാണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യമായാണ് ഇത്തരമൊരു സംഭവം. അറബിക്കടലില്‍ നിരവധി ചുഴലിക്കാറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇവയുടെ ദിശ ആന്റി ക്ലോക്ക് വൈസ് ആയതിനാല്‍ കേരളത്തെ നേരിട്ട് ബാധിച്ചിട്ടില്ല. കരയുടെ ദൂരം കുറഞ്ഞ സ്ഥലത്തൂടെ വരുന്നത് കൊണ്ടാണ് ഇത്തരത്തില്‍ കേരളത്തെ ചുഴലി നേരിട്ട് ബാധികുന്നത്. 1964ലെ രാമേശ്വരം ചുഴലിക്കാറ്റ് കടന്ന് വന്ന അതേ ദിശയിലാണ് ബുറേവിയുമെത്തുക.
അന്ന് പാമ്പന്‍ പാലം തകരുകയും വലിയ നാശം ഉണ്ടാവുകയും ചെയ്തിരുന്നു. അതേ സമയം ഒരാഴ്ചക്കിടെ രണ്ടാമത്തെ ചുഴലിക്കാറ്റെത്തുന്നതിന്റെ ആശങ്കയിലാണ് തമിഴ്നാട്. നിവര് ചുഴലിക്കാറ്റിന് പിന്നാലെയാണ് തെക്കന്‍ തീരത്ത് ബുറേവി എത്തുന്നത്. ഇന്നലെ വൈകിട്ട് മുതല്‍ ഇവിടെ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്ന് പുലര്‍ച്ചെ ശ്രീലങ്കന്‍ തീരം തൊട്ട ബുറേവി നിലവില്‍ കന്യാകുമാരി കടല്‍ മേഖലയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: