തെരഞ്ഞെടുപ്പ് കാലം പോലെ സര്‍വ്വ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഇത്രയും വിലയുണ്ടാകുന്ന ഒരു കാലം വേറെയില്ല. ജനാധിപത്യത്തിന്റെ വസന്തകാലമാണ് തെരഞ്ഞെടുപ്പ്. വസന്താഗമനത്തിലെ പൂക്കള്‍ പോലെ ഓരോ വോട്ടര്‍മാരും പ്രിയപ്പെട്ടവരാകുന്നു. ശ്രദ്ധേയരാകുന്നു.
പക്ഷേ ഈ തിരക്കുകള്‍ക്കിടയിലും അരികുവത്കരിക്കപ്പെടുന്നവരുണ്ട്. ആരുടേയും കണ്ണും കാതും കടന്നു ചെല്ലാതെ വിസ്മരിക്കപ്പെടുന്നവര്‍. എന്നെങ്കിലുമുണ്ടാകുമോ അവര്‍ക്ക് കൂടി പങ്കാളിത്തമുള്ള ഒരു തെരഞ്ഞെടുപ്പ്. ഒരു രാഷ്ട്രീയ പ്രക്രിയ. പറഞ്ഞു വരുന്നത് കേരളത്തിലെ തെരുവുകളിലും കടത്തിണ്ണകളിലും കലുങ്കുകള്‍ക്കടിയിലും അന്തിയുറങ്ങുന്നവരേക്കുറിച്ചാണ്. ഉടുതുണിക്ക് മറുതുണിയില്ലാത്ത, കയറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാത്തവരെക്കുറിച്ച്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചും പരിശോധിക്കുന്ന വോട്ടര്‍ പട്ടികയില്‍ എവിടെയും അവരുടെ പേരുണ്ടാകില്ല. പക്ഷേ അവരുണ്ട്. ആയിരങ്ങള്‍.
ജീവിച്ചിരിക്കുന്നു എന്നതിന് അവരുടെ ജീവിതം മാത്രമാണ് സാക്ഷി. മറ്റ് തെളിവുകളും രേഖകളുമൊന്നുമില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍, മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമാകണമെങ്കില്‍ അവര്‍ക്ക് രേഖകള്‍ വേണം. സാക്ഷ്യപത്രങ്ങള്‍ വേണം. സ്ഥിരതാമസം തെളിയിക്കണം. താമസിക്കാന്‍ ഒരിടം പോലുമില്ലാത്തവനെന്ത് സ്ഥിരതാമസത്തിന്റെ രേഖകള്‍.
തെരഞ്ഞെടുപ്പ് കാലമായാല്‍ നഗരത്തില്‍ തിരക്കാണ്. വോട്ട് ചോദിച്ചു വരുന്നവരും സ്ഥാനാര്‍ത്ഥികളും മൈക്ക് അനൗണ്‍സുമെന്റുകളുമൊക്കെയായി. പക്ഷേ ഞങ്ങളെ ആര്‍ക്കും വേണ്ട. വോട്ടില്ലല്ലോ. ഇരുപത് വര്‍ഷമായി തൃശൂര്‍ പൂങ്കുന്നം മേല്‍പ്പാലത്തിനടിയില്‍ താമസിക്കുന്ന വൃദ്ധ ഇത് പറയുമ്പോള്‍ സങ്കടം അവരുടെ മുഖത്ത് കരിനിഴല്‍ വീഴ്്ത്തുന്നുണ്ടായിരുന്നു. പാലക്കാട് സ്വദേശിയാണ്. അവിടെ വീടും ഭൂമിയും എല്ലാം ഉണ്ടായിരുന്നു. ഒട്ടേറെ തവണ വോട്ടും ചെയ്തിട്ടുണ്ട്. വോട്ട് ചെയ്തതെല്ലാം കോണ്‍ഗ്രസിനാണ്. ഇന്ദിരാഗാന്ധിയെ വലിയ ഇഷ്ടമായിരുന്നു. ഇരുപത് വര്‍ഷമായി ഇവിടെയെത്തിയിട്ട്. വയസ് എണ്‍പത്തഞ്ച് കഴിഞ്ഞു. ഭര്‍ത്താവ് മരിച്ചു. ഉള്ള സ്വത്തുക്കള്‍ വിറ്റ് മക്കളുടെ കല്യാണം നടത്തി. ഇപ്പോള്‍ ഈ തെരുവും കുറെ മുഷിഞ്ഞ തുണികളുടെ ഭാണ്ഡവും മാത്രമാണ് സമ്പാദ്യം. വോട്ട് ചെയ്യണമെന്നുണ്ട്. വോട്ടുണ്ടെങ്കില്‍ ഒരു വിലയുണ്ടായേനെ. സ്ഥാനാര്‍ത്ഥികളെല്ലാം വോട്ട് ചോദിച്ച് വന്നേനെ. പേര് വെളിപ്പെടുത്താന്‍ അവരുടെ അഭിമാനബോധം സമ്മതിക്കുന്നില്ല.
ഇത്തരം ആയിരങ്ങള്‍ നമ്മുടെ ജനാധിപത്യ സമൂഹത്തിന് അകത്തോ പുറത്തോ എന്നതാണ് തെരഞ്ഞെടുപ്പ് വേളയിലെങ്കിലും ഉയരേണ്ട വലിയ ചോദ്യം. അവരില്‍ പലരും മുന്‍പ് നല്ലനിലയില്‍ കഴിഞ്ഞിരുന്നവരും തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നവരും വോട്ട് ചെയ്തിരുന്നവരും ഒക്കെയാണ്.
ഇപ്പോള്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. നാടുവിട്ട് എവിടേക്കും പോകാത്ത അക്ഷരാര്‍ത്ഥത്തില്‍ ഈ മണ്ണില്‍ ജീവിക്കുന്ന ഇവര്‍ക്ക് വോട്ടവകാശമെങ്കിലും നല്കാന് നമുക്ക് എന്ന് കഴിയും. ചുരുങ്ങിയ പക്ഷം അവര്‍ ഈ നാട്ടിലെ പൗരന്മാരാണെന്ന് അംഗീകരിക്കാനെങ്കിലും.
വോട്ടവകാശമില്ലാത്ത വിഭാഗമായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികകളിലും ഇവര്‍ക്ക് ഇടമില്ല. ഇവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പരിഗണിക്കപ്പെടുന്നില്ല. എന്തെങ്കിലും വികസന പദ്ധതികളിലോ സാമൂഹ്യക്ഷേമ പദ്ധതികളിലോ ഇവരെ പരിഗണിക്കണമെന്ന തോന്നല്‍ പോലും പലര്‍ക്കുമില്ല.
കൊറോണക്കാലത്താണ് ഇവരുടെ ദൈന്യത നാം അടുത്തുകണ്ടത്. ഹോട്ടലുകളും ഭക്ഷണ ശാലകളും പൂട്ടിയതോടെ ഒരു നേരത്തെ ആഹാരത്തിന് പോലും പലരും വളരെ കഷ്ടപ്പെട്ടു. ഭക്ഷണ ശാലകളില്‍ നിന്ന് കടപൂട്ടി പോകുമ്പോള്‍ മിച്ചം വരുന്ന ഭക്ഷണസാധനങ്ങളായിരുന്നു പലര്‍ക്കും ജീവന് നിലനിര്‍ത്താനുള്ള ഉപാധി. ചില കച്ചവടക്കാരും വഴിപോക്കരും മനസറിഞ്ഞ് നല്‍കുന്നതും.
കൊറോണക്കാലത്ത് അതും നിലച്ചു. സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും കുറച്ചുകാലം അഭയാര്‍ത്ഥി ക്യാമ്പുകള്‍ നടത്തിയെങ്കിലും പിന്നീട് പൂട്ടി. ഇവര്‍ വീണ്ടും തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു. സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന പൊതിച്ചോറുകളായിരുന്നു പിന്നീട് ഏക ആശ്രയം.
അവസാന വരിയില്‍ അവസാനം നില്ക്കുന്നവര് ആദ്യം പരിഗണിക്കപ്പെടണം എന്നാണല്ലോ നമ്മുടെ ജനാധിപത്യത്തിന്റെ മഹാകാരുണ്യ ദര്‍ശനം. ആരാണ് അവസാന വരിയില്‍ നില്ക്കുന്നവര്, വരിയില്‍ പോലും നില്ക്കാന് കഴിയാതെ തളര്‍ന്നുവീഴുന്നവര്‍, അവരും പരിഗണിക്കപ്പെടേണ്ടതല്ലേ ഈ ജനാധിപത്യത്തിന്റെ ഉത്സവത്തില്‍. അവരുടേയും ക്ഷേമമല്ലേ നമ്മുടെ വികസന സ്വപ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: