കാന്‍ബറ: ആവേശം അവസാന ഓവര്‍ വരെ നീണ്ട മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ പതിമൂന്ന് റണ്‍സിന് കീഴടക്കി ഇന്ത്യ ആശ്വാസ വിജയം സ്വന്തമാക്കി. അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഓസീസിന് ജയിക്കാന്‍ പതിനഞ്ച് റണ്‍സ് വേണമായിരുന്നു. മൂന്നാമത്തെ പന്തില്‍ തന്നെ സാംപയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 302. ഓസ്ട്രേലിയ 49.3 ഓവറില്‍ 289. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഓസ്ട്രേലിയ 2-1 ന് പരമ്പര സ്വന്തമാക്കി.
ഹാര്‍ദിക് പാണ്ഡ്യ (92 നോൗട്ട്) ജഡേജ (66 നോട്ടൗട്ട്) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും ഷാര്‍ദുള്‍ താക്കുര്‍, അരങ്ങേറ്റ മത്സരം കളിച്ച നടരാജന്, ജസ്പ്രീത് ബുംറ എന്നിവരുടെ മിന്നുന്ന ബൗളിങ്ങുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഹാര്‍ദിക്കാണ് കളിയിലെ താരം.
താക്കുര്‍ പത്ത് ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. കന്നി ഏകദിനം കളിച്ച നടരാജന് പത്ത് ഓവറില്‍ 70 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ബുംറ 9.3 ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും പോക്കറ്റിലാക്കി.
വേര്‍പിരിയാത്ത ആറാം വിക്കറ്റില്‍ ഹാര്‍ദിക്കും ജഡേജയും 150 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് ഇന്ത്യന്‍ സ്കോര്‍ 302 റണ്‍സിലെത്തിയത്. ഹാര്‍ദിക് 76 പന്തില്‍ ഏഴു ഫോറും ഒരു സിക്സറും അടക്കം 92 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ജഡേജ അമ്പത് പന്തില്‍ അഞ്ചു ഫോറും മൂന്ന് സിക്സറും സഹിതം 66 റണ്‍സ് നേടി. ക്യാപ്റ്റന്‍ കോഹ് ലി 78 പന്തില്‍ 63 റണ്‍സ് എടുത്തു. അഞ്ചു ബൗണ്ടറിയുള്‍പ്പെട്ട ഇന്നിങ്ങ്സ്.
ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (75), ഗ്ലെന്‍ മാക്സ്വെല് (59), അലക്സ് കാരി (38) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി കുറിച്ച സ്റ്റീവ് സ്മിത്ത് ഏഴു റണ്‍സിന് പുറത്തായി. താക്കുറാണ് സ്മിത്തിനെ മടക്കിയത്. രാഹുല്‍ ക്യാച്ചെടുത്തു.
പരമ്പരയില്‍ ആദ്യമായി ടോസ് ലഭിച്ച കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റ ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങിയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പകരം ശുഭമാന്‍ ഗില്ലിന് അവസരം നല്കി. ആദ്യ മത്സരങ്ങളില്‍ നിറം മങ്ങിയ പേസര്‍ മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ലെഗ്സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരെ ഒഴിവാക്കി. പകരം ടി. നടരാജന്, ഷാര്‍ദുള്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവരെ ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: