ന്യൂദല്‍ഹി: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദേഹം ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുമെന്നും അദേഹം ട്വീറ്റ് ചെയ്തു. ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ ട്വീറ്റ്
‘ബുറേവി ചുഴലിക്കാറ്റ് മൂലം കേരളത്തിലെ സ്ഥിഗതികളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളത്തെ സഹായിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കി. ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു.’
അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ ബുള്ളറ്റിന് പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കന്‍ തമിഴ്നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ നിലവിലെ പ്രവചനം അനുസരിച്ച് 4ന് പുലര്‍ച്ചെ തെക്കന്‍ തമിഴ്നാട്ടില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി കേരളത്തിലേക്കും പ്രവേശിക്കും. ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതായും സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: