സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ‘വോള്‍ഗ മാനിയാക്'(ഭ്രാന്തന്) എന്നറിയപ്പെട്ടിരുന്ന തുടര്‍-കൊലപാതകിയെ റഷ്യന്‍ കുറ്റാന്വേഷകര്‍ പിടികൂടി. 2011-2012 കാലയളവില്‍ റഷ്യയിലെ പല നഗരങ്ങളിലുമായി 26ഓളം കൊലപാതകങ്ങള്‍ നടത്തിയ കൊടുംകുറ്റവാളിയെയാണ് റഷ്യന്‍ പോലീസ് ഒടുവില്‍ വലയിലാക്കിയത്. 38കാരനായ റാഡിക് തഗിരോവ് എന്ന യുവാവാണ് റഷ്യന്‍ നഗരങ്ങളെ കൊലപാതക വാര്‍ത്തകളിലൂടെ ഭീതിയിലാഴ്ത്തിയിരുന്നതെന്ന് റഷ്യന്‍ കുറ്റാന്വേഷക കമ്മിറ്റി പറഞ്ഞു.
ഇയാളുടെ കൊലക്ക് ഇരയാക്കേണ്ടി വന്നവരെല്ലാം 70 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. ഡിഎന്‍എ പരിശോധന, കാല്പാടുകള്, കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളാണ് കൊലപാതകിയെന്ന് പോലീസ് ഉറപ്പിച്ചത്. റാഡിക് പോലീസിനു മുന്നില്‍ കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട്. റഷ്യന്‍ നഗരങ്ങളായ കസാന്‍, സാമാര, ടൊലിയാറ്റി, ഇഷവ്സ്ക്, ഉഫ, ഉറല്‍സ് തുടങ്ങിയ നഗരങ്ങളിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഈ നഗരങ്ങളിലെല്ലാം ഇലക്ട്രീഷ്യന്, പ്ലംബര്‍ തുടങ്ങിയ പണികള്‍ ചെയ്തിരുന്ന ഇയാള്‍ ജോലിയുടെ മറവിലാണ് പ്രായമായ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകളില്‍ എത്തിയിരുന്നത്. വീടിനുള്ളില്‍ കയറിയ ശേഷം സ്ത്രീകളെ ബലമായി കീഴ്പ്പെടുത്തുകയും കൈകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് പതിവ്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ കൈയ്യില്‍ കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് തലക്കടിച്ചും തുണിഉപയോഗിച്ച് കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കൊലയ്ക്ക് ശേഷം സ്ത്രീകളുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും കൊള്ളയടിക്കാറും പതിവായിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ മോഷണങ്ങള്‍ നടന്നതായി തെളിവുമുണ്ടായിരുന്നില്ല. കൊലപാതക തെളിവുകള്‍ ഒഴിവാക്കാന്‍ കൈകളില്‍ കൈയ്യുറ ഇടുകയും പരിസരം വൃത്തിയാക്കുകയും ചെയ്തിരുന്നു. 2013നു ശേഷം നിശബ്ദനായിരുന്ന ഇയാള്‍ 2017 മുതല്‍ വീണ്ടും കൊലപാതകശ്രമങ്ങള്‍ തുടങ്ങിയത് ജനങ്ങളില്‍ ഭീതിജനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം രഹസ്യമായി നീക്കിയത്. 2019ല്‍ ഇയാളെ പിടികൂടുന്നവര്‍ക്ക് മുപ്പതിനായിരം പൗണ്ട് ഇനാം പ്രാഖിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: