കല്‍പ്പറ്റ: ലീഗില്‍ നിന്നും ബിജെപിയിലെത്തിയ കഥയാണ് തൊണ്ടര്‍നാട് പഞ്ചായത്തിലെ തേറ്റമല ഡിവിഷനില്‍ ബ്ലോക്ക് സ്ഥാനാര്‍ത്ഥി വാഴയില്‍ മൊയ്തുവിന് പറയാനുള്ളത്. സൗദിയിലുള്ള പ്രവാസജീവിതം മതിയാക്കി വാഴയില്‍ മൊയ്തു വയനാട്ടിലെത്തിയത് എട്ട് വര്‍ഷം മുന്‍പാണ്. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച തനിക്ക് ലീഗ് വിട്ടൊരു രാഷ്ട്രീയവും ഇല്ല. നേതാക്കളും അണികളും തമ്മിലുള്ള അന്തരം ലീഗില്‍ വളരെ വലുതാണ്. ഭക്ഷണത്തിലാണെങ്കിലും വാഹനത്തിലാണെങ്കിലും താമസത്തിലാണെങ്കിലും ആര്‍ഭാട ജീവിതമാണ് അവര്‍ക്കുള്ളത്. എന്നാല്‍ കുമ്മനത്തിനൊപ്പം യാത്ര ചെയ്തതോടെയാണ് തന്റെ രാഷ്ടീയ കാഴ്ചപ്പാടില്‍ മാറ്റം വന്നത്.
ഏറ്റവും ലളിതജീവിതം നയിക്കുന്ന കുമ്മനം തന്റെ ഒപ്പം ഭക്ഷണം കഴിച്ചത് അത്ഭുതപ്പെടുത്തി. സംസ്ഥാന നേതാവായിട്ടും അത്തരത്തിലുള്ള യാതൊരു ഭാവങ്ങളുമില്ലാതെയാണ് തന്നോടു പെരുമാറിയത്. മോദി ഗവണ്മെന്റ് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും ജനോപകാരപ്രവര്‍ത്തനങ്ങളും മുന്നണികള്‍ അട്ടിമറിക്കുകയാണ്. ജനങ്ങളില്‍ ഭീതി നിറക്കാനാണിവര് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് പ്രവര്‍ത്തകര്‍ വീട് വീടാന്തരം കയറിയിറങ്ങി മോദി ഗവണ്മെന്റ് അധികാരത്തിലെത്തിയാല്‍ മുസ്ലിജനതക്ക് ഭക്ഷണസ്വാതന്ത്രമടക്കം നഷ്ടമാകുമെണ് പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിനിപ്പറം ജനങ്ങള്‍ സത്യം മനസ്സിലാക്കി.
മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറായിരം രൂപയും സൗജന്യ പാചക വാതക കണക്ഷനും സാധാരണക്കാര്‍ക്ക് വലിയ മതിപ്പുണ്ടായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ചു. വിജയിച്ചില്ല. എങ്കിലും സുരേഷ് ഗോപിയുടെ നാല്‍പ്പത്തി അഞ്ച് ലക്ഷം രൂപ റോഡ് വികസനത്തിന് ലഭിച്ചു. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കാറുണ്ട്. വൈകുന്നേരത്തെ നിസ്കാരം ശാഖ നടക്കുന്ന സ്ഥലത്തു തന്നെയാണ. കല്‍പ്പറ്റ ബിജെപി ജില്ലാ ഓഫീസിലും തന്റെ നിസ്കാരം നടത്താറുണ്ട്. ഇന്നേവരെ അതിനാരും മുടക്കം പറഞ്ഞിട്ടില്ല. വികസന നായകനായ നരേന്ദ്ര മോദിയാണ് തന്റെ മാര്‍ഗ്ഗദര്‍ശി. തന്റെ അവസാന ശ്വാസം വരെയും ബിജെപിക്കാരനായിരിക്കും എന്നും മൊയ്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: