കൊച്ചി: ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് വഴിവിട്ട് കരാറുകള്‍ മാത്രമല്ല, സല്‍പ്പേരു നല്കി മിടുക്കരാക്കിനിര്ത്താനും പിണറായി സര്‍ക്കാരും സിപിഎമ്മും ശ്രദ്ധിച്ചിരുന്നു. ഭരണഘടന ലംഘിച്ച് സര്‍ക്കാര്‍ കരാര്‍ നല്‍കിയത് സിഎജി കണ്ടെത്തി നടപടിക്ക് ശുപാര്‍ശ ചെയ്ത സൊസൈറ്റിയെ, സര്‍ക്കാരിന് ലാഭം ഉണ്ടാക്കുന്നവരെന്ന സല്‍ക്കീര്‍ത്തി നല്‍കുന്നതും സര്‍ക്കാരാണ്.
സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന വാഗ്ഭടാനന്ദന് സ്ഥാപിച്ച സൊസൈറ്റി എന്ന മേല്‍വിലാസം നല്കി, ഇടതുപക്ഷ സര്‍ക്കാര്‍ ചുമന്നുകൊണ്ടു നടക്കുന്ന ഊരാളുങ്കല്‍, പല പ്രമുഖരുടേയും ബിനാമിയാണെന്നും സംവിധാനമാണെന്ന് ആരോപണമുണ്ട്. കോഴിക്കോട് വടകര ആസ്ഥാനമായ സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ വന്നശേഷം പെട്ടെന്നുള്ള വളര്‍ച്ചയില്‍ ദുരൂഹതകള്‍ ഏറെയുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ് ഊരാളുങ്കല്‍-സര്‍ക്കാര്‍ ഇടപാടുകളിലെ മുഖ്യ കണ്ണി.
നിര്‍മാണക്കരാര്‍ മാത്രമല്ല, കമ്പ്യൂട്ടര്‍-ഐടി കരാറുകളും സേവനം നല്‍കലും ഊരാളുങ്കലിനുണ്ട്. ബെംഗളൂരു ആസ്ഥാനമായ ഒരു കമ്പ്യൂട്ടര്‍-ഐടി സ്ഥാപനത്തിന് ഊരാളുങ്കല്‍-സര്‍ക്കാര്‍ ഇടപാടുകളില്‍ നിര്‍ണായക പങ്കുണ്ട്. ഇങ്ങനെ വിവിധ വഴിയില്‍ സര്‍ക്കാരും സിപിഎമ്മുമായി ബന്ധപ്പെട്ട ഊരാളുങ്കലിലെ മുതല്‍ മുടക്കുന്ന ലാഭം നേടുന്നവരെയും കുറിച്ചും ഏറെ പ്രചാരണങ്ങളുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കരാറുകളെ ഊരാളുങ്കല്‍ എടുക്കാറുള്ളൂ. റോഡ് നിര്‍മാണങ്ങള്‍ ഏറെ നടത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഒരു ദേശീയ പാതാ നിര്‍മാണ ജോലിയിലും ഊരാളുങ്കലില്ല. സംസ്ഥാന സര്‍ക്കാരിന്റെ കരാറുകള്‍ കൂടിയ എസ്റ്റിമേറ്റ് തുകയ്ക്ക് ഊരാളുങ്കലിന് നല്‍കും. നിര്‍മിച്ചശേഷം ഒരു ചെറിയ വിഹിതം സര്‍ക്കാരിന് മടക്കിക്കൊടുക്കുന്ന പതിവ്, സൊസൈറ്റിക്കുണ്ട്. ഇത് ‘നല്ല നിര്‍മാതാക്കള്‍’എന്ന പേര് നേടാനാണ്. ഇത് സര്‍ക്കാര്‍ തന്നെ പ്രചരിപ്പിക്കുകയും സമ്മാനം നല്‍കുകയും ചെയ്യുന്ന സംഭവങ്ങള്‍ പൊതുമരാമത്ത് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. വലിയ ലാഭം നേടുന്ന സൊസൈറ്റി ഇത് ഭരണത്തിലും പാര്‍ട്ടിയിലും ഉള്ള ചിലര്‍ക്കും ബിനാമി പങ്കാളികള്‍ക്കും വീതം വയ്ക്കുകയാണെന്നും ആരോപിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: