തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളാകെ മാറ്റിമറിക്കാന്‍ പോന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും ഡിവിഷനുകളിലും സംസ്ഥാന നേതാക്കളെ രംഗത്തിറക്കി ബിജെപി. ഈ തെരഞ്ഞെടുപ്പിനെ ഏറെ ഗൗരവത്തോടെ സമീപിക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് സ്ഥാനാര്‍ത്ഥി പട്ടിക വ്യക്തമാക്കുന്നു.
കോര്പ്പറേഷന് വാര്‍ഡുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുമാണ് സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ മത്സരരംഗത്തുള്ളത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട താഴെത്തട്ടിലുള്ള ഭരണകേന്ദ്രങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഇവിടങ്ങളില്‍ പൊതുപ്രവര്‍ത്തനരംഗത്ത് പരിചയസമ്പന്നരായ നേതാക്കളെ രംഗത്തിറക്കി പൊതുജന സേവനത്തിന്റെ പുതിയ മാതൃക കാട്ടുകയാണ് ബിജെപി.ഇത്തവണ തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ബിജെപിനേടുമെന്നാണ് വിലയിരുത്തല്‍. 100 അംഗ കോര്പ്പറേഷന് കൗണ്‍സിലില്‍ കഴിഞ്ഞ തവണ 35 കൗണ്‍സിലര്‍മാരുമായി മുഖ്യപ്രതിപക്ഷത്തായിരുന്നു ബിജെപി. കോണ്‍ഗ്രസ്സിന്റെ സഹായത്തോടെയാണ് സിപിഎം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ന്യൂനപക്ഷ ഭരണം നടത്തിയത്. ഇത്തവണ നൂറു വാര്‍ഡുകളിലും ശക്തരായ, പരിചയ സമ്പന്നരായ സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്. അവരെ നയിക്കാന്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.വി.വി. രാജേഷ് തന്നെ രംഗത്തിറങ്ങി. പൂജപ്പുര വാര്‍ഡില്‍ നിന്നാണ് വി.വി. രാജേഷ് മത്സരിക്കുന്നത്. പൂജപ്പുരയില്‍ നിലവില്‍ ബിജെപി കൗണ്‍സിലറാണുള്ളത്. ഇവിടെ വികസനതുടര്‍ച്ച രാജേഷിലൂടെ ഉണ്ടാകുമെന്ന് ഉറപ്പായി.
ബിജെപി സംസ്ഥാന നേതാവും നിലവില്‍ സംസ്ഥാന വക്താവുമായ അഡ്വ.ബി. ഗോപാലകൃഷ്ണനാണ് ബിജെപി ഭരണം ലക്ഷ്യമിടുന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന പ്രമുഖന്. തൃശൂര്‍ കോര്പ്പറേഷന് കുട്ടന്‍കുളങ്ങര ഡിവിഷനില്‍ ജനവിധി തേടുന്ന ഗോപാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ഉണര്‍വ്വാണുണ്ടായിട്ടുള്ളത്. മറ്റു സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി ഇതിനോടകം ഗോപാലകൃഷ്ണന് ഇവിടെ വിജയം ഉറപ്പാക്കിക്കഴിഞ്ഞു. കൊച്ചി കോര്‍പ്പറേഷനിലെ ഗിരിനഗര്‍ 55ല്‍ മത്സരിക്കുന്ന ടി.പി. സിന്ധുമോള്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ സിന്ധുമോള്‍ ബിജെപിയുടെ യുവനേതൃനിരയിലെ പ്രമുഖയാണ്. കൊച്ചിയുടെ സമഗ്ര വികസനത്തിന്, ബിജെപിയുടെ വികസന അജണ്ട നടപ്പാക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം സിന്ധുമോളുടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്.
സംസ്ഥാനത്ത് ബിജെപി കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച നഗരസഭയാണ് പാലക്കാട്. പാലക്കാട് ബിജെപിക്ക് തുടര്‍ഭരണം ഉറപ്പായിക്കഴിഞ്ഞു. എല്ലാ വാര്‍ഡുകളിലും ശക്തരായ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. പ്രചാരണത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. നിലവിലെ ജില്ലാ അധ്യക്ഷന്‍ തന്നെ രംഗത്തിറങ്ങിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് പുത്തൂര്‍ 13-ാം വാര്‍ഡില്‍ ജനവിധി തേടുന്നു.
തിരുവനന്തപുരത്തെ മുന്‍ ജില്ലാ അധ്യക്ഷനും നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.എസ്. സുരേഷും മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് വെങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്. സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഇവിടെ വിജയം സുനിശ്ചിതമാക്കി. തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ ആമ്പല്ലൂര്‍ ഡിവിഷനില്‍ മത്സരിക്കുന്ന ഷാജുമോന്‍ വട്ടേക്കാടാണ് മറ്റൊരു പ്രമുഖന്. ബിജെപി എസ്സി-എസ്ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷനാണ് ഷാജുമോന്‍ വട്ടേക്കാട്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനും പ്രശ്നപരിഹാരത്തിനുമായി പ്രവര്‍ത്തിക്കുന്ന ഷാജുമോന്റെ സ്ഥാനാര്‍ത്ഥിത്വം ജില്ലാ പഞ്ചായത്ത് ആമ്പല്ലൂര്‍ ഡിവിഷനിലെ വോട്ടര്‍മാര്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അഡ്വ. ജയസൂര്യ കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷനാണ്. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന അദ്ദേഹം പ്രമുഖ പ്രഭാഷകനും മികച്ച കര്‍ഷകനുമാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നതിലെ ഗൗരവം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ജയസൂര്യയുടെ സ്ഥാനാര്‍ത്ഥിത്വം. പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ അശോകന് കുളനട ജില്ലാ പഞ്ചായത്ത് കുളനട ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്നു. നിലവില്‍ ബിജെപി ഭരിക്കുന്ന കുളനട ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായ അദ്ദേഹം ജനകീയനായ പഞ്ചായത്ത് അധ്യക്ഷന്‍ കൂടിയാണ്. അശോകന് കുളനടയുടെ വിജയം ഇവിടെ അതിനാല്‍ സുനിശ്ചമാണെന്നാണ് വിലയിരുത്തല്‍. ബിജെപി മലപ്പുറം ജില്ലാ അധ്യക്ഷന്‍ രവി തേലത്ത് ജില്ലാ പഞ്ചായത്ത് എടപ്പാള്‍ ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: