പന്തളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നിരവധി ജനക്ഷേമ പദ്ധതികളുടെ പ്രയോജനം എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കുവാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പന്തളത്ത് കുടുംബയോഗങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. പരമ്പരാഗത വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നതിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. എല്ലാ മേഖലകളിലും വ്യവസായികമായി അടച്ചുപൂട്ടല്‍ നടന്നിരിക്കുന്നു. മാറിമാറിവന്ന സര്‍ക്കാരുകള്‍ക്ക് വ്യവസായങ്ങള്‍ അടച്ചുപൂട്ടാനും പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടാനും മാത്രമേ സാധിച്ചിട്ടുള്ളൂ. അതൊന്നും യാഥാര്‍ത്ഥ്യമാക്കാന്‍ ഇടത് വലത് മുന്നണികള്‍ക്ക് സാധിച്ചിട്ടില്ല. കേരളത്തില്‍ ഓരോ ദിവസവും ഓരോ അഴിമതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
രണ്ടു മുന്നണികളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള് മാത്രമാണ്. ഇവര്‍ക്ക് ജനങ്ങളോട് വോട്ടുചോദിക്കാന്‍ ധാര്‍മികമായ അവകാശമില്ല. കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വവും ഈ മുന്നണികള്‍ക്കാണ്. യുവാക്കള്‍ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലെത്തിച്ചതും ഇവരാണ്. ഒരു മാറ്റത്തിനായി കേരളജനത ഒരുങ്ങി.
കഴിഞ്ഞ ആറു വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും എല്ലാവരിലും എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാവര്ക്കും വികസനമെത്തിക്കാന്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു നല്കി വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് കോണ്‍ഗ്രസും യുഡിഎഫും പുറത്തായി. ഇതിന്റെ ജാള്യത മറയ്ക്കാനാണ് രമേശ് ചെന്നിത്തല ബിജെപി തെരഞ്ഞെടുപ്പ് രംഗത്തില്ലെന്ന് പറയുന്നതെന്നും വടശ്ശേരിക്കരയില്‍ നടന്ന കണ്‍വെന്‍ഷനില്‍ കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: