ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ പ്രചാരണം ശക്തമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയ ഉന്നത നേതാക്കള്‍ നേരിട്ടാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അല്ലെങ്കിലും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹൈദരാബാദിലെത്തിയിരുന്നു. കൊറോണ പ്രതിരോധ വാക്സിന് നിര്‍മാണത്തിന്റെ വിശദവിവരങ്ങള്‍ നേരിട്ടന്വേഷിക്കാന്‍ ഭാരത് ബയോട്ടെക്കില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.
ഡിസംബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ഹൈദരാബാദില്‍ നദ്ദയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടന്നു. ഇന്നലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലായിരുന്നു റാലി. ഇന്ന് അമിത് ഷായും ഇവിടെയെത്തും.
നേരത്തെ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, സ്മൃതി ഇറാനി, യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എന്നിവരും പ്രചാരണത്തിന് ഹൈദരാബാദിലെത്തിയിരുന്നു. ബിജെപി വിജയം തുടരുമെന്നാണ് തേജസ്വി സൂര്യ പറഞ്ഞത്. ഇതു വെറുമൊരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാത്രമല്ല. രാജ്യം മുഴുവന്‍ ഇവിടേക്ക് ഉറ്റുനോക്കുകയാണ്. ഹൈദരാബാദിലും തെലങ്കാനയിലും മാറ്റത്തിന്റെ കാറ്റാണ് വീശുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളില്‍ മുഴുവന്‍ ജനങ്ങളിലേക്കും ഇറങ്ങി ചെല്ലുകയെന്നതാണ് ദേശീയ നേതാക്കളുടെ പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് ഒബിസി മോര്‍ച്ച അധ്യക്ഷന്‍ കെ. ലക്ഷ്മണ് പറഞ്ഞു. മഹിളാ മോര്‍ച്ച അധ്യക്ഷ വനതി ശ്രീനിവാസനും കേന്ദ്രമന്ത്രി കിഷന് റെഡ്ഡിയും പ്രചാരണത്തില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. ദുബ്ബക്കില്‍ നേടിയ വിജയം ഹൈദരാബാദിലും ആവര്‍ത്തിക്കുകയാണ് ലക്ഷ്യം. കൂടാതെ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കുന്നതും അജണ്ടയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: