ബ്യൂണസ് അയേഴ്സ്: കാല്‍പ്പന്തുകളിയിലെ അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണ(60)യുടെ ഭൗതിക ശരീരം അര്‍ജന്റൈന്‍ തലസ്ഥാനം ബ്യൂണസ് അയേഴ്സില്‍ സംസ്കരിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും അടക്കം 24 പേര് മാത്രമാണ് ഇന്നലെ നടന്ന സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്.
ബെല്ല വിസ്ത സെമിത്തേരിയില്‍ മാതാപിതാക്കളുടെ കല്ലറയ്ക്ക് തൊട്ടടുത്തായി മറഡോണയും ഇനി അന്ത്യവിശ്രമം കൊള്ളും. കാസ കൊട്ടാരത്തില്‍നിന്ന് തുടങ്ങിയ വിലാപ യാത്രയില്‍ ഡീഗോ, ഡീഗോ… വിളികളോടെ ആയിരങ്ങളാണ് ദൈവത്തിന് അന്ത്യപ്രണാമം അര്‍പ്പിക്കാന്‍ വിതുമ്പലോടെ തെരുവുകളില്‍ തടിച്ചുകൂടിയത്.
ദേശീയ പതാകയും പത്താം നമ്പര്‍ അര്‍ജന്റീനിയന്‍ ജേഴ്സിയും പുതച്ചായിരുന്നു ഇതിഹാസത്തിന്റെ അന്ത്യയാത്ര. ലോകത്തിന് മുന്നില്‍ സ്വന്തം മണ്ണിന് മേല്‍വിലാസമുണ്ടാക്കിത്തന്ന നായകന്റെ വിയോഗത്തില്‍ അര്‍ജന്റീന വിതുമ്പിയതുപോലെ ലോകമൊന്നാകെ ആ ഓര്‍മകളില്‍ കണ്ണീരണിഞ്ഞു. നായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയവരുടെ വരി അര്‍ധരാത്രിയോടെ പ്രസിഡന്‍ഷ്യല്‍ പാലസില്‍നിന്ന് കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ഒടുവില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടു. പലയിടത്തും സംഘര്‍ഷമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: