തിരുവനന്തപുരം: കന്യാകുമാരി തീരത്ത് ലഹരിവേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും തീരസംരക്ഷണ സേന പിടികൂടി. 99 പായ്‌ക്കറ്റ് ഹെറോയിന്‍, 20 പെട്ടിയോളം സിന്തറ്റിക് മരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്. തോക്കുകളും സാറ്റ്‌ലൈറ്റ് ഫോണും പിടിച്ചെടുത്തവയില്‍ പെടുമെന്ന് തീരസംരക്ഷണ സേന അറിയിച്ചു. പാകിസ്ഥാനിലെ കറാച്ചിയില്‍നിന്ന് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചെറിയ തോക്കുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.
കഴിഞ്ഞ ഒരു മാസത്തിലേറെയായി കന്യാകുമാരി തീരത്ത് കൂടിയുള്ള ലഹരിമരുന്ന് കടത്ത് വ്യാപകമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തീരസംരക്ഷണ സേനയ്‌ക്ക് ലഭിച്ചിരുന്നു. ലഹരിമരുന്ന് കടത്തുന്ന ശ്രീലങ്കന്‍ ബോട്ടിനെ കുറിച്ചുള്ള സൂചനകളും ഇന്റലിജന്‍സ് കൈമാറിയിരുന്നു. ഈ ബോട്ടിനെ കുറിച്ച് നടത്തിയ അന്വേഷണമാണ് വലിയ ലഹരിമരുന്ന് വേട്ടയിലെത്തിച്ചത്.
24ന് തൂത്തുക്കുടിക്ക് സമീപത്തുനിന്നാണ് കടലില്‍ ബോട്ട് കണ്ടെത്തുന്നത്. തീരസംരക്ഷണ സേനയുടെ ആറ് കപ്പലുകളും രണ്ട് ഹെലികോപ്ടറകളും നിരീക്ഷണം തുടരുകയും ഇന്നലെ വൈകിട്ട് കന്യാകുമാരി തീരത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍വച്ച് ഈ ബോട്ട് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ബോട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്നുകളും ആയുധങ്ങളും കണ്ടെത്തി.
ബോട്ടിലുണ്ടായിരുന്ന ആറ് ശ്രീലങ്കന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കറാച്ചിയില്‍നിന്ന് കൊണ്ടുവന്നതെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന പ്രാഥമിക മൊഴി. ഓസ്ട്രേലിയ ഉൾപ്പെടെ മറ്റ് വിദേശരാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവരുടെ മൊഴിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: