പേരാമ്പ്ര: ശാരീരിക പരിമിതികള്‍ ജനസേവനത്തിന് തടസ്സമാവില്ലെന്ന് പ്രഖ്യാപിക്കുകയാണ് നൊച്ചാട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി പി.ബി. അഭിലാഷ് എന്ന അഭിലാഷ് വലിയവീട്ടില്‍. ചെറുപ്രായത്തില്‍ തന്നെ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നെങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയായിരുന്നു അഭിലാഷ്.
നാടിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ജനകീയനായ അഭിലാഷ് ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാ കണമെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനം അഭിലാഷ് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്നും കൂടെയുള്ള കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പൂര്‍ണ പിന്തുണ അറിയിച്ചു.
വാര്‍ഡിലെ മുഴുവന്‍ വീടുകളിലും എത്തി വോട്ട് അഭ്യര്‍ത്ഥിക്കാനാണ് അഭിലാഷിന്റെയും സഹപ്രവര്‍ത്തകരുടെയും തീരുമാനം. തന്റെ മുച്ചക്ര വാഹനമെത്തുന്ന സ്ഥലങ്ങളിലെല്ലാം നേരിട്ടെത്തിയും മറ്റിടങ്ങളില്‍ സഹപ്രവര്‍ത്തകര്‍ ചുമലിലേറ്റിയുമാണ് അഭിലാഷ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്.
ബികോം ബിരുദധാരിയായ അഭിലാഷ് വീടിനടുത്തുള്ള മുളിയങ്ങല്‍ ടൗണില്‍ ടൂവീലര്‍ സര്‍വ്വീസ് ആന്റ് റിപ്പയര്‍ വര്‍ക്ക് ഷോപ്പ് നടത്തുകയാണ്. കേന്ദ്രാവിഷ്കൃത് പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ബിജെപി പേരാമ്പ്ര മണ്ഡലം കമ്മറ്റി രൂപീകരിച്ച നമോ ഹോപ്പ് ലൈന്‍-ഹെല്പ് ഡെസ്ക്കിന്റെ കണ്‍വീനറാണ് അഭിലാഷ്. ബിജെപി പേരാമ്പ്ര മണ്ഡലം കമ്മറ്റി മുന്‍ അംഗവുമായ അഭിലാഷ് വിമുക്തഭടനായ രമേശന്റെയും ഗീതയുടെയും മകനാണ്. അനൂപ്, അശ്വന്ത് എന്നിവര്‍ സഹോദരങ്ങളാണ്.
ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള വികസനമാണ് വേണ്ടതെന്നും യുവജനങ്ങളുടെ വോട്ടവകാശം പൂര്‍ണ്ണമായും തനിക്കനുകൂലമാകുമെന്ന വിശ്വാസത്തിലുമാണ് അഭിലാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: