പുനലൂര്‍: ……താന്‍ നമത് വേട്പാളര്‍, അവറൈ വെട്രിപെറ സെയ്വീര്‍, വാക്കളിയുങ്കള് (ഇതാണ് നമ്മുടെ സ്ഥാനാര്‍ഥി, അദ്ദേഹത്തിന് വോട്ട് ചെയ്യുക, വിജയിപ്പിക്കുക). തമിഴ് പേശി കിഴക്കന്‍മേഖലയിലെ ഗ്രാമങ്ങളും തെരഞ്ഞെടുപ്പ് ചൂടില്‍.
പുനലൂര്‍ മണ്ഡലത്തിലെ തമിഴ് തോട്ടംതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ തമിഴിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയാകര്‍ഷിക്കുന്നു. തമിഴ്നാട് അതിര്‍ത്തിയിലെ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂര്‍ പഞ്ചായത്തുകളിലെ തമിഴ് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലയങ്ങളും ക്വാര്‍ട്ടേഴ്സുകളും കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് കാണികള്‍ക്ക് കൗതുക കാഴ്ചയാകുന്നത്.തമിഴില്‍ അച്ചടിച്ച പോസ്റ്ററുകളും ചുമരെഴുത്തുകളുമാണ് ഇവിടെ നിറയെ. പ്രദേശവാസികള്‍ക്ക് പുറമെ തോട്ടം തൊഴിലാളികളായ തമിഴരും മത്സരരംഗത്ത് എത്തിയതോടെയാണ് തമിഴിലുള്ള പ്രചാരണം എല്ലാ മുന്നണികളും ആരംഭിച്ചത്.
കൂടാതെ നവമാധ്യമങ്ങളിലൂടെയും തമിഴിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി കൂടി.വാര്‍ഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളും തമിഴ് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തമിഴിലുള്ള പ്രചാരണത്തിലാണ്. എല്ലാ സ്ഥാനാര്‍ഥികളുടെയും വാശിയോടെയുള്ള പ്രചാരണവും ക്വാര്‍ട്ടേഴ്സുകള്‍ കയറിയുള്ള വോട്ടഭ്യര്‍ഥനയും പാരമ്യത്തിലേക്ക് നീങ്ങുകയാണ്.
തെന്മല വാലിതോട്ടം മേഖലയായ അമ്പനാട്, പൂത്തോട്ടം, ചാലിയക്കര, ആര്‍പിഎല്‍ മേഖലയായ കൂവക്കാട്, ആയിരനെല്ലൂര്‍, കുളത്തൂപ്പുഴ, തിങ്കള്‍കരിക്കം തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് തമിഴിലുള്ള പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുന്നത്.
കരവാളൂര്‍ പ്രമോദ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: