ന്യൂഡല്‍ഹി: മലയാള ചിത്രമായ ജല്ലിക്കെട്ടിന് ഇന്ത്യയില്‍നിന്നുള്ള ഓസ്കര് എന്‍ട്രി. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ജല്ലിക്കെട്ട് മത്സരിക്കുക. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിന് നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിരുന്നു. ഓസ്കര് എന്‍ട്രി ലഭിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ജല്ലിക്കെട്ട്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം.
ശകുന്തളാ ദേവി, ചപാക്, ശികാര അടക്കമുള്ള ചലച്ചിത്രങ്ങളില്നിന്നാണ് ജല്ലിക്കെട്ടിനെ ഫിലിം ഫെഡറേഷന് തെരഞ്ഞെടുത്തത്. മനുഷ്യരുടെ അധമവികാരങ്ങളെയും മൃഗതൃഷ്ണകളെയും കൃത്യമായും അദ്ഭുതപ്പെടുത്തുന്ന രീതിയിലും ചിത്രീകരിച്ച സിനിമ എന്ന നിലയിലാണ് ജല്ലിക്കെട്ടിനെ ഓസ്കര് മത്സരത്തിനുള്ള ഔദ്യോഗിക എന്‍ട്രിയായി ഇന്ത്യ അവതരിപ്പിക്കാന്‍ പോകുന്നത്.
1997-ല്‍ ഗുരു, 2011-ല്‍ ആദാമിന്റെ മകന് അബു എന്നീ രണ്ടു ചിത്രങ്ങളാണ് ഇതിനു മുമ്പു മലയാളത്തില്‍നിന്ന് എന്‍ട്രി ലഭിച്ചിട്ടുള്ള ചിത്രങ്ങള്‍. കഴിഞ്ഞവര്‍ഷം ഇന്ത്യയെ പ്രതിനിധീകരിച്ച് പോയത് ഗല്ലി ബോയ് എന്ന ചിത്രമായിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ ചിത്രം പുറത്തായി. 2002-ല്‍ ലഗാന്‍ മാത്രമായിരുന്നു മത്സരങ്ങളുടെ അന്തിമപട്ടികയിലേക്ക് എത്തിയ ഏക ഇന്ത്യന്‍ ചിത്രം.
ഏറെ അന്തരാഷ്ട്ര പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള ജല്ലിക്കെട്ട് ഇനി അന്തിമ പട്ടികയിലിടം പിടിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2019 ഒക്ടബോറില്‍ ടൊറന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ റിലീസ് ചെയ്ത ചിത്രം വലിയ പ്രശംസ നേടിയിരുന്നു.വാണിജ്യ വിജയവും നിരൂപക പ്രശംസയും ആസ്വാദക പ്രീതിയും ഒരേസമയം നേടിയെന്ന സവിശേഷതകൂടി ജല്ലിക്കെട്ടിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: