തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സിപിഎം അട്ടിമറി നീക്കം നടത്തുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്മാര്ക്കെല്ലാം താമര ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നം നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം അനുഭാവികളായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് അപരന്മാര്ക്ക് ബിജെപിയുടേതിനോട് സമാനമായ ചിഹ്നം നേടിയെടുത്തത്. ഉദ്യോഗസ്ഥരെ മുന്‍ നിര്‍ത്തിക്കൊണ്ടുള്ള ഈ നീക്കം ജനാധിപത്യ വ്യവസ്ഥിതിക്ക് ചേര്‍ന്ന നടപടിയല്ല. ഇതിനെതിരെ കര്‍ശ്ശനമായി പ്രതികരിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് അടുത്തിരിക്കേ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നുകൊണ്ട് അദ്ദേഹം ജനങ്ങളെ പരിഹസിക്കുകയാണ്. കിഫ്ബി ഇടപാടില്‍ വലിയ തോതില്‍ അഴിമതി നടന്നിട്ടുണ്ട്. ഇത് കണ്ടുപിടിക്കപ്പെടുമെന്ന തോന്നലിലാണ് ഇടത് സര്‍ക്കാര്‍ സിഎജി ഓഡിറ്റിങ്ങിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സിഎജി നേരത്തെ മൂന്ന് നാല് തവണ ഓഡിറ്റിങ് നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രം എന്തുകൊണ്ടാണ സിഎജി അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. അഴിമതി പുറത്തുവരുമെന്ന ഭയം കൊണ്ടാണിതെന്നും കെ. സുരേന്ദ്രന് അറിയിച്ചു.
സിഎജി ചോദിച്ച ചില കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പക്കല്‍ ഇല്ലാത്തതിനാലാണ് ഇത്. സിഎജി കരടില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നു എന്നത് മുഖ്യമന്ത്രിക്ക് എങ്ങിനെ മനസ്സിലായി. സിഎജി റിപ്പോര്‍ട്ട് വായിച്ചിരുന്നോയെന്ന് പിണറായി വ്യക്തമാക്കണം. നിയമസഭയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും സിഎജി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാണ്.
കിഫ്ബി ഇടപാടില്‍ ഒന്നും മറച്ചുവെയ്ക്കാന്‍ ഇല്ലെങ്കില്‍ സിഎജി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ എന്താണ് കുഴപ്പം. വിദേശത്ത് നിന്നും വായ്പ്പയെടുക്കാനുള്ള എല്ലാ അനുമതിയുമുണ്ട് എന്ന് ധനമന്ത്രി പറയുമ്പോള്‍ എന്തുകൊണ്ടാണ് സിഎജി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്. കിഫ്ബി മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വായ്പയെടുക്കുന്നത്. കിഫ്ബി കൂടിയ പലിശയ്ക്കാണ് വായ്പയെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റേതെന്ന പേരില്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന പല പദ്ധതികളും അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റുകയാണ്.
മന്ത്രി തോമസ് ഐസക്കിന്റെ വിദേശ ബന്ധത്തെ കുറിച്ച് ഇതിനുമുമ്പും താന്‍ ആവര്‍ത്തിച്ചിരുന്നു. ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് തോമസ് ഐസക് ഇതിനോട് പ്രതികരിച്ചത്. അരോപണം അടിസ്ഥാന രഹിതമാണെങ്കില്‍ ഇത് ചൂണ്ടിക്കാട്ടി നോട്ടീസ് അയയ്ക്കട്ടെ. മസാല ബോണ്ടും കിഫ്ബിയിലെ മറ്റ് ഇടപെടലുകളും നടന്നിട്ടുണ്ട്. നിയമങ്ങള്‍ ലംഘിച്ച് പല അഴിമതികളും നടക്കുന്നുണ്ട്.
സിഎജി ഏതെങ്കിലും ഇടപാട് സംബന്ധിച്ച് ചോദ്യം ചെയ്താല്‍ ഇതില്‍ മറുപടി നല്കാന് സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ വികസനത്തിന് കേന്ദ്രം തടസം നില്ക്കുന്നു എന്ന മനസ്സാക്ഷി ഇല്ലാത്ത ന്യായമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
50000 കോടി രൂപ കേരളത്തിലെ ദേശീയ പാത വികസനത്തിനായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തന്നതായി പിണറായി വിജയന് തന്നെ പ്രഖ്യാപിച്ചതാണ്. ആ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോള്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നതായി പറയുന്നത്. ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ചോദിക്കുന്നതിന് മുമ്പ് കേന്ദ്രം നല്കിയില്ലേ, ജല്‍ ജീവന് പദ്ധതി, കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ ഇവയെല്ലാം കേന്ദ്രം നല്കുന്ന ഫണ്ടില്‍ നിന്നല്ലേയെന്നും ചോദിച്ചു. മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ സി.എം. രവീന്ദ്രനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്താല്‍ ഊരാളുങ്കലും, മുഖ്യമന്ത്രി നേരിട്ട് നടത്തിയ പല ഇടപാടുകളും പുറത്തുവരും. അതിന്റെ വേവലാതിയിലാണ് മുഖ്യമന്ത്രി ഈ പ്രസ്താവനകളെല്ലാം നടത്തുനുള്ള കാരണം.
സമഗ്രമായ അന്വേഷണത്തിനായി എല്ലാ അന്വേഷണം വേണമെന്ന് പിണറായി വിജയന് പറഞ്ഞതാണ്. എന്നിട്ട് എന്തുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ എതിര്‍ക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ ഇത് പുറത്തുവരും. ഇടത് സര്‍ക്കാര്‍ കഴിഞ്ഞ നാലരക്കൊല്ലമായി നടത്തിയ എല്ലാ പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് അഴിതി നടത്തിയിട്ടുള്ളതെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: