അടുത്ത 10 ശ്ലോകങ്ങളിലായി വാസനകളെ വെടിയാനുള്ള ഉപായങ്ങളെ ചര്‍ച്ച ചെയ്യുന്നു.
ശ്ലോകം 267
ജ്ഞാതേ വസ്തുന്യപി ബലവതീ
വാസനാനാദിരേഷാ
കര്‍ത്താ ഭോക്താപ്യഹമിതി
ദൃഢാ യാളസ്യ സംസാരഹേതുഃ
പ്രത്യഗ്ദൃഷ്ട്യാത്മനി നിവസതാ
സാപനേയാ പ്രയത്നാത്
മുക്തിം പ്രാഹുസ്തദിഹ
മുനയോ വാസനാതാനവം യത്
സത്യ വസ്തുവായ ബ്രഹ്മത്തെ അറിഞ്ഞാലും വാസന അവശേഷിക്കും. വാസന ബലവത്തായതും അനാദിയും ദൃഢമായ കര്‍തൃത്വ ഭോക്തൃത്വ അഭിമാനത്തിന്റെ രൂപത്തില്‍ പുനര്ജന്മത്തിന് കാരണമായിട്ടുള്ളതുമാണ്. അവശേഷിക്കുന്ന വാസനയെ ഇല്ലാതാക്കാന്‍ പ്രത്യഗാത്മാവില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് ആത്മാനുസന്ധാനം ചെയ്യണം. അതുവഴി ബോധപൂര്‍വ്വം വാസനയെ നശിപ്പിക്കണം. വാസനയെ ഇപ്പോള്‍ ഇവിടെ വെച്ച് വേരോടെ നശിപ്പിക്കുന്നതാണ് മുക്തി എന്ന് മുനികള് പറയുന്നു.
മുക്തി എന്താണെന്ന് വ്യക്തമാക്കുകയാണ് ഇവിടെ. ശ്ലോകത്തിന് വലിയ വൃത്തം തന്നെ സ്വീകരിച്ചിരിക്കുന്നത് പഠിതാക്കളുടെ ശ്രദ്ധയെ ആകര്‍ഷിക്കാനാണ്. ബ്രഹ്മാനന്ദാനുഭൂതിയില്‍ ആറാടുന്ന ഗുരുവിന്റെ വാക്കുകള്‍ അതീവ ഹൃദ്യമാണ്. അന്തര്‍മുഖരായി അനുഭവജ്ഞാനം നേടുന്നവര്‍ക്ക് വാസനയെ ഇല്ലാതാക്കാം. വാസനാക്ഷയം തന്നെയാണ് മുക്തി . അതിന് മുമുക്ഷു നിരന്തരം യത്നിക്കണം.
ആദ്ധ്യാത്മിക ശാസ്ത്രം പഠിക്കുന്നയാള്‍ക്ക് പരമാത്മാവിനെ അറിയാമെങ്കിലും വാസനാ സമ്മര്‍ദ്ദം കാരണം ആചരണത്തില്‍ കൊണ്ടുവരാനാവില്ല. ശാസ്ത്രജ്ഞാനം നേടിയ ആള്‍ക്കും കാമക്രോധങ്ങളും ഇഷ്ടാനിഷ്ടങ്ങളുമൊക്കെയുണ്ടാകും. ഇവ എളുപ്പത്തില്‍ വിട്ടുപോകില്ല.
വാസനാബലം കാരണം ശാസ്ത്ര പഠനത്തിലൂടെ അറിഞ്ഞതൊന്നും പ്രയോഗത്തില്‍ കൊണ്ടുവരാനാകില്ല. വാസനകളുടെ അഴുക്ക് കാരണം ആത്മമഹിമ പ്രകടമാകില്ല. വാസനാ മാലിന്യം കാരണം സ്വന്തം വ്യക്തിത്വം കളങ്കപ്പെടും.
അതു മൂലം മനോബുദ്ധികളുമായി തന്മയീഭവിക്കും. കര്‍തൃത്വ ഭോക്തൃത്വ അഭിമാനങ്ങള്‍ തുടര്‍ന്നും ഉണ്ടാകും. ബുദ്ധിയില്‍ ഞാന്‍ ചെയ്യുന്നു എന്ന തോന്നലും മനസ്സില്‍ ഞാന്‍ അനുഭവിക്കുന്നു എന്ന തോന്നലുമുണ്ടാകും. ഇവ രണ്ടും അഹന്തയുടെ സ്വരൂപമാണ്. വാസനാസഞ്ചയമാണ് ഇതിന്റെ ബീജം.
വാസനകളെ ഉണ്ടാക്കുന്ന ഉപാധികളില്‍ നിന്നും വിഷയങ്ങളില്‍ നിന്നും നമ്മുടെ ദൃഷ്ടിയെ അന്തര്മുഖമാക്കണം. പ്രത്യക്ദൃഷ്ട്യാ എന്നത് അന്തരാത്മാവിനെ കുറിക്കുന്നു. അതിലേക്ക് പൂര്‍ണ്ണമായും ശ്രദ്ധ തിരിക്കാന്‍ നാം തന്നെ പ്രയത്നിക്കന്നു. ഇവിടെ ഇപ്പോള്‍ ഈ ശരീരത്തിലിരുന്ന് തന്നെ നേടാവുന്നതാണ് മുക്തി. മനനശീലരായ മുനികള് ഇങ്ങനെ മുക്തിയെ നേടിയിട്ടുണ്ട്. അതിനാല്‍ വാസനാബന്ധത്തില്‍ നിന്ന് നാം മുക്തി നേടുക തന്നെ വേണം. എന്നാലേ യഥാര്‍ത്ഥ മുക്തനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: