കൊച്ചി: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ എം ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. കള്ളക്കടത്തില്‍ ശിവശങ്കര്‍ ഒത്താശ ചെയ്തെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസിന്റെ അപേക്ഷ. രാവിലെ കാക്കനാട് ജില്ലാ ജയിലില്‍ എത്തി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷമാണ് പത്തുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നല്‍കിയിരിക്കുന്നത്.
ഈ മാസം 18ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി സ്വപ്ന സുരേഷിന്റെ മൊഴി എടുത്തിരുന്നതായി കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. കള്ളക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച കൃത്യമായ മൊഴി സ്വപ്ന നല്‍കിയെന്ന് അപേക്ഷയിലുണ്ട്. മുന്‍കൂട്ടി അറിവുണ്ടായിരുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് സ്വപ്ന പറഞ്ഞത്. മൊഴി കൂടാതെ നിരവധി തെളിവുകളും ശിവശങ്കറിനെതിരെ ലഭിച്ചുവെന്ന് അപേക്ഷയില്‍ കസ്റ്റംസ് വ്യക്തമാക്കി.
കേസില്‍ കൂടുതല്‍ പ്രതികളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആവശ്യമാണ്. കള്ളക്കടത്ത് എങ്ങനെ നടത്തിയെന്നതിലും വിശദമായ അന്വേഷണം നടത്തണമെന്നും അപേക്ഷയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ നാളെ പരിഗണിക്കുമ്പോള്‍ ശിവശങ്കറിനെ ഓണ്‍ലൈനായി ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: