തിരുവനന്തപുരം: കോര്പ്പറേഷന് ഭരണം കൈവിട്ടുപോകുമെന്ന ഭീതിയില്‍ കുടുംബശ്രീ യൂണിറ്റുകളെ ഭീഷണിപ്പെടുത്തി പ്രചരണത്തിനിറക്കി സിപിഎം. എഡിഎസ് ചെയര്‍പേഴ്സനെ ഉപയോഗിച്ചാണ് കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിക്കിയിരിക്കുന്നത്. കുടുംബശ്രീയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ എഡിഎസ് ചെയര്‍പേഴ്സണ്‍ ഇതുസംബന്ധിച്ച ശബ്ദസന്ദേശം ഇട്ടിരുന്നു.
കുടുംബശ്രീയുടെ ഒരു യോഗം രാവിലെ പത്തിന് അമ്പലത്തറ പഴയ ഇന്ത്യന്‍ ബാങ്കില്‍ ചേരുന്നുണ്ട്. ഇതില്‍ നിര്‍ബന്ധമായും എല്ലാവരും പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എത്തിയ കുടുംബശ്രീ അംഗങ്ങളെയാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാക്കിയത്. ഇതിനെതിരെ പ്രതിഷേധവുമായി കുടുംബശ്രീ അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇവരെ സിപിഎം നേതാക്കളും എഡിഎസ് ചെയര്‍പേഴ്സണും ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.
സിപിഐയുടെ സിറ്റിങ്ങ് സീറ്റായ അമ്പലത്തറയില്‍ ബിജെപി ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പല യോഗങ്ങളിലും ജനപങ്കാളിത്തവും കുറവാണ്. ഇതു മറികടക്കാനാണ് സിപിഎം നേതാവ് വി. ശിവന്‍കുട്ടി പങ്കെടുത്ത വാര്‍ഡ് കണ്‍വന്‍ഷനിലേക്ക് കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി എത്തിച്ചത്. സിപിഐ നേമം മണ്ഡലം സെക്രട്ടറിയും നിലവിലെ കൗണ്‍സിലറുടെ ഭര്‍ത്താവുമായ വി.എസ്. സുലോചനനാണ് അമ്പലത്തറ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
ആറ്റുകാല്‍ വാര്‍ഡിലെ കൗണ്‍സിലറായിരുന്ന ആര്.സി ബീനയെ രംഗത്തിറക്കി സീറ്റ് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. പ്രചരണത്തില്‍ ബിജെപി ഏറെ ദൂരം മുന്നോട്ട് പോകുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് സിപിഎം വിവിധ പാര്‍ട്ടി അനുഭാവികളായ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: