വര്‍ക്കല: വിധവയായ വീട്ടമ്മയെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. ചെറുന്നിയൂര്‍ വലയന്റകുഴി അവിട്ടത്തില്‍ സുജാതയാണ് പോലീസില്‍ പരാതി നല്‍കിയത്. അഴിമതിരഹിത സംരക്ഷണ സമിതി പ്രസിഡന്റ് വിളഭാഗം സുശീന്ദ്രനെതിരെയാണ് പരാതി. സുശീന്ദ്രന്റ തൊഴുത്തും കുളിമുറിയിലും മേഞ്ഞിരിക്കുന്ന തകരഷീറ്റുകള്‍ സുജാതയുടെ കൃഷിയിടത്തിലേക്ക് മൂന്നടിയിലധികം തള്ളി നിര്‍ത്തിയിരിക്കുകയാണ്. വന്‍ തോതില്‍ മഴവെള്ളം പുരയിടത്തിലേക്ക് ഒലിച്ചിറങ്ങുന്ന നിലയിലാണ്. കൂടാതെ ഗാര്‍ഹിക മാലിന്യങ്ങളും പുരയിടത്തിലേക്ക് വലിച്ചെറിയാറുണ്ടെന്ന് വീട്ടമ്മ പറയുന്നു.
ഷീറ്റ് മാറ്റണമെന്നും മാലിന്യം എറിയരുതെന്നും പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ സുശീന്ദ്രന് അപമാനിക്കുന്ന തരത്തില്‍ അസഭ്യം പറയുകയും വഴി നടക്കാനാവാത്തവിധം പുറകെ നടന്നു ശല്യം ചെയ്യുന്നതായും വീട്ടമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശല്യം സഹിക്കാതായപ്പോള്‍ വര്‍ക്കല പോലീസില്‍ പരാതിയും നല്കി. നാലഞ്ചു പ്രാവശ്യം പൊലീസ്റ്റേഷനില്‍ കയറിയ ശേഷമാണ് കേസെടുത്തത്.
വിധവയും വൃദ്ധയും രോഗിയുമായ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് സുജാതയുടെ ആരോപണം. പോലീസില്‍ പരാതി നല്കിയ വൈരാഗ്യത്തില്‍ 40 വര്‍ഷത്തിലധികമായി ബിപിഎല്‍ ആയിരുന്ന സുജാതയുടെ റേഷന്‍ കാര്‍ഡ് സപ്ലൈ ഓഫീസറെ സ്വാധീനിച്ച് സുശീന്ദ്രന് എപിഎല്‍ വിഭാഗത്തിലേക്കു മാറ്റി പക തീര്‍ത്തു. സുജാതയുടെ രോഗിയായ മകന് വാഹനമുണ്ടെന്ന ന്യായം പറഞ്ഞാണ് സപ്ലൈ ഓഫീസര്‍ നടപടി എടുത്തത്. സുജാത അര്‍ഹതയില്ലാതെ ബിപിഎല്‍ റേഷന്‍ വാങ്ങിച്ചു എന്ന കുറ്റം ചുമത്തി മുപ്പതിനായിരത്തോളം രൂപ പിഴയടക്കണമെന്ന് സപ്ലൈ ഓഫീസര്‍ ഉത്തരവിടുകയും ചെയ്തു.
ബന്ധുക്കളില്‍ നിന്നും സ്വര്‍ണം വാങ്ങി പണയം വച്ചാണ് വാഹനം വാങ്ങിയത്. അതിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടതോടെ മകന് വാഹനം വിറ്റ് കടം വീട്ടി. ക്ഷേത്രത്തില്‍ പോകുമ്പോള്‍ സുശീന്ദ്രന് പിറകെ നടന്നു ശല്യം ചെയ്യുകയും അസഭ്യം പറയുകയും ഉപദ്രവിക്കാന്‍ ശമിക്കുകയും ചെയ്യുന്നതായി സുജാത പറഞ്ഞു. സുശീന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും പോലീസിലും പരാതി കൊടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: