പി.രാജന്
പ്രമുഖ മാധ്യമ പ്രവര്ത്തകന്
അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന് മുമ്പൊക്കെ നടന്നിട്ടുള്ള ശ്രമങ്ങളേക്കാള്‍ ഗുരുതര ഭീഷണിയുയര്‍ത്തുന്നതാണ് കേരള പോലീസ് നിയമത്തിലെ 118 എ വകുപ്പ് വഴിയുള്ള ഭേദഗതി. അഭിപ്രായ സ്വാതന്ത്ര്യത്തിന് മൗലികാവകാശമുള്ള ഏത് രാജ്യത്തും, മുന്‍കൂട്ടിത്തന്നെ അഭിപ്രായം തടയുന്ന വ്യവസ്ഥ ഉണ്ടാകാറില്ല. ഭരണഘടന പ്രകാരം നിയന്ത്രിക്കാന്‍ വിധേയമായ കാര്യങ്ങളില്‍ പോലും, നിയമ ലംഘനത്തിന് ശിക്ഷിക്കാവുന്ന വ്യവസ്ഥയേ ഉണ്ടാകാറുള്ളൂ. മറിച്ച്, അഭിപ്രായം പറയുന്നതിന് മുമ്പേ തന്നെ ഭയപ്പെടുത്തി അത് തടയാനുള്ള ഒരു നീക്കമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
ഏറ്റവും പ്രധാനപ്പെട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് അപകീര്‍ത്തി സംബന്ധിച്ച വ്യവസ്ഥയിന്മേലാണ്. ആരുടേയും പരാതി ഇല്ലാതെ തന്നെ ഒരു പോലീസ് കോണ്‍സ്റ്റബിളിന് പോലും കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. പരിചയ സമ്പന്നരായ ന്യായാധിപന്മാര്ക്ക് പോലും ഏതാണ് അപകീര്‍ത്തികരം എന്നും അല്ലാത്തത് എന്നും നിര്‍ണ്ണയിക്കുക എളുപ്പമല്ല. ന്യായാധിപന്മാര് തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുള്ളതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. എനിക്ക് ഓര്‍മ്മ വരുന്ന ഒരു കേസുണ്ട്. മലബാര്‍ ഭാഗത്ത് പ്രസിദ്ധീകരിച്ച ഒരു നോട്ടീസിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ആ നോട്ടീസില്‍ ഒരു വ്യക്തിയെ ദുര്‍ഭഗ സന്തതി എന്ന് ആക്ഷേപിച്ചിരുന്നു. അത് സംബന്ധിച്ച മാനനഷ്ട കേസില്‍, പരാതിക്കാരന് മാനനഷ്ടം ഉണ്ടാക്കുന്നതാണ് ആ പദപ്രയോഗം എന്ന് വിധിയുണ്ടായി. പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ശിക്ഷ റദ്ദാക്കുകയാണ് ഉണ്ടായത്. എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തെ ഉദ്ധരിച്ചുകൊണ്ടാണ് പ്രതിഭാഗം വാദം നടത്തിയത്. കോപാകുലനായ ദശരഥന് പ്രിയ പത്നി കൈകേകിയെ ദുര്‍ഭഗേ എന്ന് സംബോധന ചെയ്യുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ ഈ വാക്കിന് അഭിസാരിക എന്ന അര്‍ത്ഥമുണ്ട്. എങ്കിലും ആ അര്‍ത്ഥത്തില്‍ അല്ല സ്വന്തം ഭാര്യയെ ദശരഥന് ആക്ഷേപിക്കുന്നത്. അന്ന് ഈ വാദം ഉന്നയിച്ചത് എന്റെ മാന്യ സ്നേഹിതന് ദണ്ഡപാണി ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ജസ്റ്റിസ് വി. ഖാലിദ് ഈ വാദം അംഗീകരിക്കുകയും ശിക്ഷ റദ്ദാക്കുകയുമായിരുന്നു. ഇത് ഇവിടെ പരാമര്‍ശിക്കാന്‍ കാരണം, കീഴ്ക്കോടതിയിലേതായാലും ഹൈക്കോടതിയിലേതായാലും ന്യായാധിപന്മാര് നിയമ പരിശീലനം നേടിയ പരിചയസമ്പന്നരാണ്. അവര്‍ക്ക് പോലും കൃത്യമായി നിര്‍ണയിക്കാനാവാത്ത ഒരു കുറ്റം, പരാതിയെ ഇല്ലാതെ തന്നെ ചുമത്തി കേസ് എടുക്കാന്‍ വിവാദ ഭേദഗതി വഴി അധികാരം കൊടുത്തിരിക്കുകയാണ്. മൂന്ന് വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷിക്കാവുന്ന കുറ്റം, പ്രഥമദൃഷ്ട്യാ തന്നെ ദുരുപയോഗത്തിന് സാധ്യതയുള്ള വ്യവസ്ഥയാണ്.
ഈ നിയമം കൊണ്ടുവന്ന സര്‍ക്കാരിന് തന്നെ ഇത് പുലിവാലായി തീരും. ഇതിനകം തന്നെ ബിജെപിയെ പോലുള്ള രാഷ്ട്രീയ കക്ഷികള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 118 എ വകുപ്പിന്റെ ലംഘനമാണെന്ന് പറയാവുന്ന ഏതെങ്കിലും പ്രമേയം സര്‍ക്കാരിനോ മന്ത്രിമാര്‍ക്കോ എതിരായി രാഷ്ട്രീയ കക്ഷികള്‍ അംഗീകരിച്ചു എന്ന് വയ്ക്കുക. അതിന്റെ പേരില്‍ കേസ് എടുത്താല്‍, നേതാക്കള്‍ ഓരോരുത്തരായി ഓരോ ദിവസവും സെക്രട്ടേറിയേറ്റിന് മുന്നില്‍ നിന്ന് ഈ പ്രമേയം ഉറക്കെ വായിച്ചാല്‍, അതൊരു സമര മാര്‍ഗ്ഗമായി സ്വാതന്ത്ര്യ സമരകാലത്തെ പോലെ സ്വീകരിച്ചെന്ന് വരാം. അങ്ങനെ വരുമ്പോള്‍ എല്ലാവരുടേയും പേരില്‍ കേസ് എടുക്കുക സാധ്യമല്ലാതെ വരും. അതോടെ പുതിയ ഭേദഗതി പ്രയോഗത്തില്‍ വരുത്താനാവാതെ ദുര്‍ബ്ബലമാവുകയും ചെയ്യും. തീര്‍ച്ചയായും ദുരുപദിഷ്ടമാണ് പോലീസ് നിയമത്തിലെ പുതിയ ഭേദഗതി. തെറ്റായ ഈ ഭേദഗതി പിന്‍വലിക്കുക തന്നെ വേണം. അത് നിലനിര്‍ത്തുന്നത് ജനാധിപത്യത്തിനും ഭീഷണിയാണ്.
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ അവിഭാജ്യഘടകമാണ് ഏകാധിപത്യ പ്രവണത. അതല്ലെങ്കില്‍, ഇത്രയും കാലത്തെ ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇങ്ങനെ ഒരു ഭേദഗതി അംഗീകരിക്കുമായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യവും വിയോജിക്കുവാനുള്ള അവകാശവും ഇപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദഹിക്കുന്നില്ലെന്നേ കരുതാനാവൂ.
എപ്പോഴും അടിയന്തരാവസ്ഥ, അടിയന്തരാവസ്ഥക്കാലം എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. അടിയന്തരാവസ്ഥയില്‍ ഭരണഘടനപ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം പിന്‍വലിച്ചിരുന്നു. ഇവിടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്. അത് വ്യക്തികളെ ഭയപ്പെടുത്തി വിമര്‍ശനങ്ങള്‍ തടയുന്നതിന് വേണ്ടിയാണെന്ന് കരുതിയാല്‍ കുറ്റപ്പെടുത്താനാവില്ല. അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകാര്‍ക്കുള്ള സൈദ്ധാന്തിക തകരാറാണ് ഇവിടേയും കാണുന്നത്. അതുകൊണ്ടുതന്നെയാണ് മുമ്പ് എതിര്‍ത്ത കാര്യങ്ങള്‍ അവര്‍ തന്നെ പിന്നീട് ചെയ്യുന്നത്.
കമ്യൂണിസ്റ്റുകാര്‍ ചെയ്യുമ്പോള്‍ നല്ലതും മറ്റുള്ളവര്‍ ചെയ്താല്‍ മോശവും എന്നതാണ് അവരുടെ നിലപാട്. അതൊരു തരം മതസ്വഭാവമാണ്. അതുകൊണ്ടാണ് മുമ്പ് പറഞ്ഞതില്‍ നിന്നും വിപരീതമായി ചെയ്യാന്‍ അവര്‍ക്ക് മടിയില്ലാത്തതും. സ്വന്തം തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി ചെയ്യുന്നുവെന്നാണ് അവരുടെ വിശ്വാസം. കേവലം ശരി, തെറ്റ് എന്നൊരു സിദ്ധാന്തം കമ്യൂണിസ്റ്റുകാര്‍ക്കില്ല. സ്വന്തം പാര്‍ട്ടി എടുക്കുന്ന തീരുമാനം അവരെ സംബന്ധിച്ച് അധാര്‍മികമല്ല. ദൈവത്തിന്റെ പേരില്‍ എന്ത് അതിക്രമം ചെയ്താലും വര്‍ഗ്ഗീയവാദികള്‍ അതിനെ ന്യായീകരിക്കുന്ന പോലെയാണ് കമ്യൂണിസ്റ്റുകാരും. എന്തും തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടിയാണ് ചെയ്തതെന്ന് വാദിക്കുന്ന കമ്യൂണിസ്റ്റുകാരുടെ സിദ്ധാന്തം അടിസ്ഥാനപരമായി തന്നെ തെറ്റാണ്. അതുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: