ലണ്ടന്‍: റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് എടിപി ഫൈനല്‍സില്‍ കിരീടം ചൂടി. ആവേശകരമായ ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 4-6, 7-6(2), 6-4. നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ഡൊമിനിക് തീം ആദ്യ സെറ്റ് സ്വന്തമാക്കി കിരീടത്തിലേക്ക് നീങ്ങിയതാണ്. പക്ഷെ അവസാന രണ്ട് സെറ്റുകളില്‍ ശക്തമായി പൊരുതി മെദ്‌വദേവ് വിജയം നേടി. മത്സരം രണ്ട് മണിക്കൂര്‍ 42 മിനിറ്റ് നീണ്ടു.
എടിപിയുടെ ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ ലോക റാങ്കിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ തോല്‍പ്പിക്കുന്ന നാലാമത്തെ താരമാണ് മെദ്‌വദേവ്. ഡേവിഡ് നല്‍ബാന്ദ്യയന്‍ (മാഡ്രിഡ് 2007), നൊവാക് ദ്യോക്കോവിച്ച് (മൊണ്‍ട്രിയല്‍ 2007), ബോറിസ് ബെക്കര്‍ (സ്‌റ്റോക്ക്‌ഹോം 1994) എന്നിവരാണ് ഈ നേട്ടം കൈവരിച്ച ആദ്യ മൂന്ന് താരങ്ങള്‍.
















