കോഴിക്കോട്: അഞ്ചു വര്‍ഷം മുമ്പ് സോഫ്റ്റ്വെയര് എഞ്ചിനീയറുടെ കുപ്പായം അഴിച്ചുവെച്ച് ജനസേവനത്തിനിറങ്ങിയ നവ്യ ഹരിദാസ് അല്ല അഞ്ചു വര്‍ഷത്തിനിപ്പുറം കോഴിക്കോട് കോര്പറേഷന് കാരപ്പറമ്പ് വാര്‍ഡില്‍ നിന്ന് വീണ്ടും ജനവിധി തേടുന്നത്.
ചെറുപുഞ്ചിരിയുമായി നവ്യ എത്തുമ്പോള്‍ വാര്‍ഡിന്റെ മുക്കിലും മൂലയിലുമുള്ള വോട്ടര്‍മാര്‍ക്ക് തങ്ങളുടെ മകളോ കൊച്ചുമകളോ വന്നുവെന്ന പ്രതീതിയാണ്. സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെയ്ക്കാന്‍ പോയവര്‍ഷങ്ങളില്‍ നവ്യ ഉണ്ടായിരുന്നു. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടപ്പാക്കാന്‍ എപ്പോഴും ഒരു കൈ അകലത്തില്‍ നവ്യയുണ്ടാകുമെന്ന ആശ്വാസമായിരുന്നു അവര്‍ക്ക്. രാഷ്ട്രീയരംഗത്ത് ആദ്യമായിരുന്നെങ്കിലും ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ വാര്‍ഡില്‍ മുഴുവന്‍ എത്താന്‍ നവ്യക്കായി.
കാലങ്ങളായി അവഗണിക്കപ്പെട്ട റോഡുകളും ഫുട്പാത്തുകളും ഡ്രൈനേജുകളുമെല്ലാം നവീകരിക്കപ്പെട്ടു. വെള്ളക്കെട്ട് മൂലം വാഹനയാത്ര പോലും ദുഷ്കരമായിരുന്ന റോഡുകള്‍ വീതികൂട്ടി കേന്ദ്രസര്‍ക്കാരിന്റെ അമൃത്പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡ്രൈനേജുകള്‍ നിര്‍മ്മിച്ചു. പീപ്പിള്‍സ് റോഡിലെ ബോക്സ് ഡ്രൈനേജ് നിര്‍മ്മാണം ഇതില്‍ ഒന്നുമാത്രമാണ്.
ചക്കിട്ടഇടയിലെ വെള്ളക്കെട്ട് മൂലമുള്ള ദുരിതം അവസാനിപ്പിക്കുന്നതിനായി നാലു കോടി രൂപ ചെലവിട്ട് ബോക്സ് ഡ്രൈനേജ് നിര്‍മ്മിച്ചു. പി.എം. കുട്ടി റോഡില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബോക്സ് ഡ്രൈനേജിന്റെ നിര്‍മ്മാണം പുരോഗ മിക്കുകയാണ്.
നന്ദാനത്ത് റോഡില്‍ പത്തു വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന പൈപ്പ് കുടിവെള്ള കണ ക്ഷന്‍ പുനഃസ്ഥാപിച്ചതും 40 വര്‍ഷത്തിലേറെയായി ടാറിംഗ് നടത്താതെ കിടന്ന ദേവി നഗര്‍ കോളനി റോഡ് ടാറിംഗ് ചെയ്തതും നവ്യയുടെ കഠിന പരിശ്രമഫലമായാണ്.
റോഡുകള്‍ നവീകരിച്ചതിനു പുറമെ വെള്ളക്കെട്ട് ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനുമായി ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റും ചെയ്തു. നിരവധി റോഡുകളാണ് റീ ടാര്‍ ചെയതത്. അങ്കണവാടികളുടെ നവീകരണവും എടുത്തുപറയേണ്ടതാണ്. തെരുവുവിളക്കുകള്‍ മുഴുവന്‍ എല്‍ഇഡിയാക്കി വാര്‍ഡ് മുഴുവന്‍ പ്രകാശമാനമാക്കി.
കേന്ദ്രപദ്ധതിയായ അമൃതില്‍ നിന്നും കോര്പറേഷന് ഫണ്ടില്‍ നിന്നും ലഭിക്കാവുന്ന മുഴുവന്‍ തുകയും നേടിയെടുക്കാന്‍ മുന്നിട്ടിറങ്ങിയാണ് ഈ വികസനം എത്തിച്ചത്. വാര്‍ഡിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കൗണ്‍സിലിനകത്തും പുറത്തും ഒരുപോലെ നവ്യ നിലകൊണ്ടു.
വേര്‍തിരിവുകളില്ലാതെ എല്ലാവര്ക്കും വികസനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു തന്റെ പ്രവര്‍ത്തനമെന്ന് നവ്യ പറയുന്നു. ആദ്യമൊക്കെ അല്പം വിഷമതകള്‍ ഉണ്ടായിരുന്നെങ്കിലും വാര്‍ഡില്‍ ഉള്ളവരുടെ പൂര്‍ണ പിന്തുണയും സഹകരണവും കൊണ്ട് എല്ലാം പരിഹരിക്കപ്പെട്ടു.
റസിഡന്‍സ് അസോസിയേഷനുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍ എന്നിവരെ കൈകോര്‍ത്തു പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോയതാണ് തന്റെ വിജയത്തിനും വാര്‍ഡിലെ വികസനത്തിനും കാരണമെന്ന് നവ്യ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും കോര്‍പറേഷനില്‍ നിന്ന് ലഭിക്കുന്ന വിവിധ ക്ഷേമപെന്‍ഷനുകളും അര്‍ഹരില്‍ എത്തിക്കുന്നതിന് എല്ലാവരും പിന്തുണച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നേടിയെടുത്ത നേട്ടത്തിന്റെ പട്ടിക നീളുമ്പോള്‍ വികസന തുടര്‍ച്ചയ്ക്ക് വീണ്ടും വാര്‍ഡില്‍ നിന്ന് ജനവിധി തേടുകയാണ് നവ്യ. തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കണം, വികസന തുടര്‍ച്ചയുണ്ടാകണം അതിനായി ഒരിക്കല്‍ കൂടി തന്നെ വിജയിപ്പിക്കണമെന്ന് നവ്യ പറയുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നടത്തിയ വികസന പ്രവൃത്തികള്‍ മാത്രം മതി നവ്യയുടെ വിജയം ഉറപ്പിക്കാനെന്ന് നാട്ടുകാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: