ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാവുന്നു. കപില്‍ സിബലിനു പിന്നാലെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് രംഗത്ത്. കോണ്‍ഗ്രസിന്റെ പഞ്ചനക്ഷത്ര സംസ്കാരം പാര്‍ട്ടിയെ തകര്‍ത്തെന്ന് വാര്‍ത്താഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ ഗുലാം നബി കുറ്റപ്പെടുത്തി.
കഴിഞ്ഞ 72 വര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ രണ്ടു ടേമിലായി കോണ്‍ഗ്രസിനു പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ല. പാര്‍ട്ടിയെ നവീകരിക്കാന്‍ എന്ന പേരില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ കഴിഞ്ഞ ദിവസം രൂപീകരിച്ച സമിതികളില്‍ ഉള്‍പ്പെടുത്തിയതിനു തൊട്ടുപിന്നാലെ ഗുലാം നബി ഉന്നയിച്ച ആരോപണങ്ങള്‍ നെഹ്റു കുടുംബ ഭക്തരെ ഞെട്ടിച്ചു.
ബീഹാര്‍ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും നേരിട്ട തോല്‍വികളില്‍ ഏറെ നിരാശയുണ്ടെന്ന് ഗുലാം നബി പറഞ്ഞു. പഞ്ചനക്ഷത്ര സംസ്കാരം കൊണ്ട് തെരഞ്ഞെടുപ്പുകള്‍ വിജയിക്കില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനു സീറ്റു കിട്ടിയാല്‍ ഉടന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കും. കുണ്ടും കുഴിയും നിറഞ്ഞ ഒരു റോഡിലൂടെ യാത്ര ചെയ്യാന്‍ അവര്‍ക്കു മടിയാണ്. താഴെത്തട്ടിലുള്ള ജനങ്ങളുമായി പാര്‍ട്ടിക്ക് ബന്ധം നഷ്ടപ്പെട്ടു.
കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍ പാര്‍ട്ടിയില്‍ കുറവാണ്. ആര്‍ക്കും പാര്‍ട്ടിയില്‍ എന്തു സ്ഥാനവും കിട്ടുമെന്ന അവസ്ഥയാണിപ്പോള്‍, ഗുലാം നബി പറഞ്ഞു.
നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്കു കത്തെഴുതിയ ഇരുപത്തിമൂന്നു നേതാക്കളില്‍ പ്രമുഖനായ ഗുലാം നബിയെ കഴിഞ്ഞ പുനഃസംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. കൊവിഡ് കാലമായതു കൊണ്ടാണ് ദേശീയ നേതൃത്വത്തിന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതെന്ന് പരിഹാസ സ്വരത്തില്‍ ഗുലാം നബി പറഞ്ഞു. പാര്‍ട്ടിയെ ഊര്‍ജ്വസ്വലമാക്കി നവീകരിക്കണമെങ്കില്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യം നേതൃത്വം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: